ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, November 9, 2017

അറിയേണ്ടത് അവനവന്റെ സ്വഭാവം

ദേശകാലാതീതനാണ് ഞാന്‍ എന്നതാണ് വാസ്തവം. ധ്യാനിക്കാന്‍ നമ്മള്‍ സമയം കണ്ടെത്തണം. അത് നാം നമ്മോടു ചെയ്യുന്ന നീതിയാണ്. ദേശകാലാതീതമായ ഒന്ന് (ഞാന്‍) ഒരിക്കലും അതു കൊണ്ടു തന്നെ കര്‍മ്മത്തിന്റെ ഫലമാവില്ല. കര്‍മ്മത്തിന്റെ ഫലമല്ലാത്തതിനാല്‍ എനിക്ക് ഉല്‍പത്തിയാവട്ടെ നാശമാവട്ടെ ഉണ്ടാകില്ല. ‘ഉല്‍പത്തിയില്ലാത്ത’, നാശമില്ലാത്ത കര്‍മ്മഫലമല്ലാത്ത കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയും ആയ തത്ത്വമാണ് ഞാന്‍’ ഈ വസ്തുതകള്‍ വിചാരം ചെയ്തുറപ്പിച്ച് നമ്മുടെ സ്വാത്മധ്യാനത്തിന് കൂടുതല്‍ കൂടുതല്‍ ആഴം ഉറപ്പാക്കാം.

എനിക്ക് പല കാര്യങ്ങളും അറിയാം. (അതിലേറെ അറിവില്ലായ്മയും ഉണ്ടാകാം. എനിക്കൊന്നും അറിയില്ലെന്ന വിനയാന്വിത പ്രസ്താവന അരോചകവും, അവാസ്തവവുമാണ്.) എന്നാല്‍ എനിക്ക് എന്നെ, നിരുപാധികമായി അറിയാമോ? ( എല്ലാ സവിശേഷതകളും, ഉപാധികളും, നാമരൂപവേഷ ഭൂഷാദികള്‍ അഴിച്ചുവെച്ച നിലയില്‍ അറിയാമോ?) ഈ ഒരു ചോദ്യം മനന ധ്യാനത്തിനുതകും വിധം നമുക്ക് നമ്മോടു തന്നെ ചോദിക്കാം. അതുപോലെ ആരോടൊക്കെ നമുക്ക് സ്‌നേഹവും അനുകമ്പയും ഉണ്ടോ, അവരോടൊക്കെ ചോദിക്കാം ‘നോക്കൂ, നിങ്ങള്‍ക്ക് നിങ്ങളെ അറിയുമോ!?’.

നമ്മുടെ സാധാരണ വ്യവഹാരങ്ങളില്‍ തമാശ നിറഞ്ഞ ഒരു പ്രയോഗം ഇവിടെ പ്രതിപാദിച്ച കാര്യത്തിന് അനുസൃതമായി ഉണ്ടാവാറുണ്ട്. അസഹനീയ ദേഷ്യത്തിന്റെ പശ്ചാത്തലത്തില്‍ നാം വിളിച്ച് പറയും,’ ദേ എന്റെ സ്വഭാവം നീ ശരിക്ക് മനസ്സിലാക്കിയിട്ടില്ല.’ മറ്റുള്ളവരും ഇത് പറയുന്നത് നാം കേള്‍ക്കാറുണ്ട്. ഇത് നാം തിരിച്ച് ചോദിക്കേണ്ട ചോദ്യമാക്കി മാറ്റണം. എനിക്ക് ശരിക്കും എന്റെ സ്വഭാവം, സ്വരൂപം അറിയാമോ? ക്രോധാവേശത്തില്‍ എന്റെ സ്വഭാവം നീ ശരിക്ക് മനസ്സിലാക്കിയിട്ടില്ല, എന്ന് ആക്രോശിച്ചവരോടും പിന്നീട് സൗകര്യം ഒത്തുവരുമ്പോള്‍ തത്ത്വചിന്താസഹായകമായ നിലയില്‍ ഈ ചോദ്യം നമുക്കു തിരിച്ചു ചോദിക്കാം. ‘ഞാന്‍ നിങ്ങളെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. സമ്മതിക്കാം. പക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവം അറിയാമോ?

ഓരോരുത്തരും അവരവരുടെ സ്വഭാവം അറിയാന്‍ തീരുമാനിക്കട്ടെ. ഈ അന്വേഷണം വാസ്തവത്തില്‍ മറ്റെല്ലാ ലോകവ്യവഹാരങ്ങള്‍ക്കും, ജീവിതത്തിനും ആധാരമാക്കേണ്ടതുണ്ട്.

സൂക്ഷ്മമായി എന്താ അറിയേണ്ടത്? ഞാന്‍ കാലാതിവര്‍ത്തിയാണ്, ഞാന്‍ ദേശാതിവര്‍ത്തിയാണ്. അതു കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും കര്‍മ്മത്തിന്റെ ഫലം അല്ല. കര്‍മ്മഫലത്തിന്റെ ( ആദ്യന്തമുണ്ടെന്ന) പരിമിതി എന്നെ ബാധിക്കില്ല. എല്ലാ കര്‍മ്മഫലങ്ങള്‍ക്കും തുടക്കവും അനിവാര്യമായി അവസാനവും ഉണ്ടായിരിക്കും. പക്ഷേ എനിക്കതില്ല.

ഈ വിശകലനം ആരംഭിച്ചത്, സ്വരൂപ അവബോധമാണ് നാം നേടേണ്ടതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടാണ്. അതിന്റെ യുക്തി തിരിച്ചറിഞ്ഞ് ബോധ്യത്തെ ദൃഢപ്പെടുത്താന്‍ ഉത്സാഹിക്കേണ്ടതുണ്ട്. അതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

സ്വാമി അദ്ധ്യാത്മാനന്ദ 


No comments:

Post a Comment