കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് “പാമ്പു മേക്കാട്” എന്നറിയപ്പെടാൻ തുടങ്ങിയത്.
ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ, ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനം ആരംഭിച്ചു.
ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ചോദിച്ചു കൊള്ളാൻ ആവശ്യപ്പെടുകയുംചെയ്തു.
സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.
മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം.
ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.
മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു.
വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടത്രേ
#ഭാരതീയചിന്തകൾ
No comments:
Post a Comment