ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, November 27, 2017

ശരണമന്ത്രങ്ങളോടെ സന്നിധാനത്തിലേക്ക്‌…




മണ്ഡല-മകരവിളക്ക്‌ വ്രതകാലത്തിന്‌ തുടക്കമായി. ഇനി എല്ലാ പാതകളും മനസ്സുകളും അങ്ങോട്ടുതന്നെ. മലമുകളിലുള്ള പൊന്നിന്‍ ശ്രീകോവിലാണ്‌ ലക്ഷ്യം. അവിടെ ഹരിഹരസുതനായ അയ്യപ്പന്‍ കലിയുഗത്തില്‍ മാറിമാറിയും ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്‍കുവാന്‍ ഈ മഹാക്ഷേത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌. വിവിധതരത്തിലുള്ള തീര്‍ഥാടനങ്ങള്‍ ലോ കത്ത്‌ ഉണ്ടായാലും ശബരിമല തീര്‍ഥാടനം പോലെ സവിശേഷത ഉള്‍ക്കൊണ്ടവ വേറെയൊന്നില്ല.



രാമായണകാലത്തോളം പഴക്കം ശബരിമലയ്ക്കുണ്ട്‌. രാമന്റെ വനവാസക്കാലത്ത്‌ ശബരി ഭഗവാന്‌ കായ്കനികളും തേനും നല്‍കി സത്കരിച്ചു. ആ സ്ത്രീ യുടെ ഓര്‍മ നിലനിര്‍ത്തുന്നതാണ്‌ പുണ്യഭൂമി. കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരിക്കല്‍ സംഭവിച്ച പാണ്ടിമറവരുടെ ആക്രമണത്തെ തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രങ്ങളില്‍ പലതും നശിച്ചു. അക്കൂട്ടത്തില്‍ ശബരിമല ധര്‍മശാസ്താക്ഷേത്രവും ഉള്‍പ്പെടുന്നു. അച്ചന്‍കോവില്‍, ആര്യന്‍കാവ്‌, ശബരിമല, പൊന്നമ്പലമേട്‌ എന്നിവിടങ്ങളില്‍ ശാസ്താക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. പൊന്നമ്പലമേട്ടില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അനുമാനിക്കാം. വിവിധ ഭാവങ്ങളിലുള്ള ശാസ്താ പ്രതിഷ്ഠകളാണ്‌ ഇവിടങ്ങളിലുള്ളത്‌.



അയ്യപ്പന്‍ എന്ന യോഗിവര്യന്‍ ശബരിമല ക്ഷേത്രത്തിന്‌ പുനരുദ്ധാരണം നടത്തി ഹരിഹരസുതനായ ശാസ്താവിനെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാവേളയില്‍ അയ്യപ്പനും ശാസ്താവും ഒന്നായി തീര്‍ന്നുവെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. ശൈവ-വൈഷ്ണവശക്തികള്‍ ഒന്നിച്ചുള്ള ഒരു കുട്ടിയെ സന്താനമില്ലാതിരുന്ന പന്തളം രാജാവിന്‌ നായാട്ടിന്‌ പോയപ്പോള്‍ പമ്പാനദീതീരത്തുവച്ചു കിട്ടി. പല ദിവ്യ അനുഭവങ്ങളും കാട്ടിയ ആ കുട്ടി ധര്‍മശാസ്താവ്‌ തന്നെയാണെന്ന്‌ രാജാവിനും മറ്റും പിന്നീട്‌ മനസ്സിലായി.


ഭഗവാനും പന്തളം രാജകുടുംബവുമായുള്ള ബന്ധം അഭേദ്യമാണ്‌. മറ്റ്‌ തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുമ്പോള്‍ പന്തളം രാജാവിന്‌ ഇതിന്റെ ആവശ്യമില്ല. മൂപ്പുമുറയനുസരിച്ച്‌ സ്ഥാനമേല്‍ക്കുന്ന വ്യക്തി വലിയ തമ്പുരാനായിരിക്കും. അദ്ദേഹത്തിന്റെ പ്രതിനിധി അയ്യപ്പന്റെ തിരുവാഭരണപേടകത്തെ ശബരിമലയിലേക്ക്‌ അനുഗമിക്കും. തമ്പുരാന്‍ ചെല്ലുമ്പോള്‍ ഭഗവാന്‍ എഴുന്നേറ്റുനിന്ന്‌ ആദരിക്കുമെന്നാണ്‌ വിശ്വാസം.



എരുമേലി പേട്ട കണ്ടിട്ടുവേണം ശബരിമലയില്‍ ചെല്ലേണ്ടത്‌. അമ്പലപ്പുഴക്കാരുടെയും ആലങ്ങാട്ടുകാരുടെയും പേട്ടതുള്ളല്‍ പഴയ രീതിയില്‍ തന്നെ ഇന്നും തുടരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്‍ ഈ മഹോത്സവം ദര്‍ശിക്കുന്നതായിട്ടാണ്‌ ഐതീഹ്യം. എരുമേലിയില്‍ രണ്ടുക്ഷേത്രങ്ങളുണ്ട്‌. മേപ്പാഴൂര്‍ മനയ്ക്കലേക്കായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം. സ്ഥലത്തെ പ്രായമായ ഒരു ഭക്തയ്ക്ക്‌ അയ്യപ്പന്‌ അവലും മലരും നിവേദിക്കണമെന്ന മോഹമുണ്ടായി. പ്രായാധിക്യത്താല്‍ വിഷമിക്കുന്ന അവരുടെ സൗകര്യാര്‍ഥം ഒരു ശ്രീകോവില്‍ നിര്‍മിച്ചു. അതാണ്‌ പേട്ടയിലെ കൊച്ചമ്പലം.



സന്നിധിയിലേക്കുള്ള പടിക്കെട്ടുകളെ രണ്ടായി വിഭജിച്ചിരിക്കുന്നു. തേങ്ങ ഉടച്ച്‌ കയറിച്ചെല്ലുമ്പോള്‍ വിഘ്നേശ്വരന്റെ തിരുനട കാണാം. കര്‍പ്പൂരമുഴിഞ്ഞ്‌ ശരണംവിളികളോടെ അയ്യപ്പന്മാര്‍ യാത്ര തുടരുന്നു. മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന്‌ ചുറ്റും നാളികേരം ഉരുട്ടിയിട്ട്‌ അവലും മലരും മ ഞ്ഞള്‍പ്പൊടിയും ദേവിക്ക്‌ സമര്‍പ്പിക്കണം.
നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്‌ 9 പ്രദക്ഷിണം വച്ച്‌ പ്രാര്‍ഥിക്കണം. നെയ്‌ നിറച്ച തേങ്ങ ഹോമകുണ്ഠത്തിലര്‍പ്പിക്കണം. അയ്യപ്പന്റെ താഴെ തിരുമുറ്റത്ത്‌ വടക്കുഭാഗത്തായിട്ടാണ്‌ വാവരുനട. പതിനെട്ടു മലകളുടെ അധിപനാണ്‌ ശാസ്താവ്‌. പഞ്ചേന്ദ്രിയങ്ങളുടെയും കാമം, ക്രോധം, മോഹം, മതം, മാത്സര്യം, അഹങ്കാരം, അസൂയ, സത്യം, രജസ്സ്‌, തമസ്സ്‌, വിദ്യ, അവിദ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ തൃപ്പടികള്‍ കടന്നുവേണം ഭക്തര്‍ക്ക്‌ അയ്യപ്പദര്‍ശനം ലഭിക്കേണ്ടത്‌.



– തഴവ എസ്‌.എന്‍.പോറ്റി


No comments:

Post a Comment