ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, November 30, 2017

അയ്യപ്പൻപാട്ട്

ഭക്തര്‍ നടത്തുന്ന അനുഷ്ഠാനപരമായ ചടങ്ങ്. മണ്ഡലകാലത്ത് (വൃശ്ചികം ഒന്നു മുതല്‍) 41 ദിവസം ഇത് സര്‍വ്വസാധാരണമാണ്. വ്രതമെടുത്തു ശബരിമലയ്ക്കു പോകുന്നവര്‍ സ്വന്തം ഭവനത്തിലോ ക്ഷേത്ര സന്നിധിയിലോ വച്ച് പാട്ട് നടത്തുന്നു. എവിടെയായാലും പ്രത്യേക പന്തലുണ്ടാകും. ഗുരുസ്വാമിമാരാണ് മേല്‍നോട്ടം. അത്യുന്നതമായ സാംസ്‌കാരിക കൂട്ടായ്മയുടെയും ജാതീയ ഉച്ചനീചത്വം ഇല്ലാതാക്കുന്നതിന്റെയും ലോകത്തു നിലനില്‍ക്കുന്ന അത്യുജ്ജ്വലമായ വേദിയായി അറിയപ്പെടുന്നു.

അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, മാളികപ്പുറത്തമ്മ, വാവര് തുടങ്ങിയവരെ സങ്കല്‍പ്പിച്ച് പീഠമിട്ട് പൂജ നടത്തിയിരുന്നു. ഇന്നത്രയില്ലെങ്കിലും അത്രയും കൂട്ടായ്മയും ഇല്ലാതായി. ഇടക്കിടെ ശരണം വിളിയുണ്ടാകും. പൂജക്കുശേഷമാണ് പാട്ട്. ഉടുക്കാണ് പ്രധാന വാദ്യം. ഉടുക്കുകള്‍ കൂടുതലാവും. കൈമണിയും ഉപയോഗിക്കും. ഉടുക്കുകൊട്ടിപ്പാടുന്നതിനാല്‍ ഉടുക്കുപാട്ടെന്നും അറിയപ്പെട്ടു.

ദേവീദേവന്മാരെ (ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ എന്നിവരെ സ്തുതിച്ചുകൊണ്ട് വന്ദന ഗാനമാണാരംഭം. പിന്നീട് ശാസ്താവിന്റെ ജനനം, പാലാഴി മഥനം, ശൂര്‍പ്പണഖാസുരകഥ, ശൂരപന്മാസുരകഥ എന്നിവ പാടും. ജാതിഭേദമില്ലാതെ നടന്നിരുന്ന ഈ ചടങ്ങില്‍ നിന്ന് വിട്ടുപോയവര്‍ എല്ലാക്കാലത്തും ചോദ്യചിഹ്നമായി.

അയ്യപ്പന്‍ പാട്ടിന് വിളക്കു വച്ചുപാട്ട്, ശാസ്താംപാട്ട്, ദാഹംവെയ്പ് എന്നീ പേരുകളുമുണ്ട്. ശാസ്താംപാട്ടിനെ നമ്പ്യാര്‍പാട്ട് എന്ന് ഒരു ദിക്കിലും പറയാറുണ്ടെന്ന് പി. ഗോവിന്ദപിള്ള മലയാള ഭാഷാ ചരിത്രത്തില്‍ പറഞ്ഞുകാണുന്നു. നമ്പ്യാന്മാര്‍ കൂടുതല്‍ ഏര്‍പ്പെടുന്നതുകൊണ്ടാവാം ആ പേരുണ്ടായത്. എന്നാല്‍ നമ്പ്യാര്‍മാര്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ എന്നതും ശ്രദ്ധേയം.

ഇത് ആര്‍ഭാടപൂര്‍വം നടത്താന്‍ തുടങ്ങിയപ്പോള്‍ അയ്യപ്പന്‍വിളക്ക് എന്നായി. അത്തരം സന്ദര്‍ഭങ്ങളില്‍ അരങ്ങുകൊഴുപ്പിക്കാന്‍ കഥാഭിനയവുമുണ്ടാകും. അയ്യപ്പന്‍-വാവര് എന്നിവര്‍ കണ്ടുമുട്ടുന്നതും അവരുടെ യുദ്ധരംഗവും നര്‍ത്തനരൂപത്തില്‍ അവതരിപ്പിക്കും.

വെളിച്ചപ്പാടിന്റെ ഖണ്ഡനൃത്തവും അരുളപ്പാടും നാടകീയവും തീവ്രവവുമാണ്. അര്‍ദ്ധരാത്രിയാണിത് നടത്തുക.

രാത്രിയുടെ അന്ത്യയാമത്തില്‍ അഗ്നികുണ്ഡം ജ്വലിപ്പിച്ച് (ആഴി) ഭക്തര്‍ പ്രദക്ഷിണം വച്ച് ഉറഞ്ഞുതുള്ളിയും ഭ്രാന്തമായും ആഴിയില്‍ ചാടും. 18 വര്‍ഷം മല കയറിയാല്‍ ഒരു വൃക്ഷത്തൈ നടുക, ജന്തുസ്‌നേഹം പുലര്‍ത്താന്‍ ഒരു കിടാരിയെ നടയ്ക്ക് വക്കുക. എല്ലാം മനസ്സുകൊണ്ടും ഉപേക്ഷിച്ച് പമ്പാസരസ്സ് തടത്തില്‍ മുങ്ങിപ്പൊങ്ങി മൗനമായി യാത്ര ചോദിച്ചിറങ്ങുക. ജന്മജന്മാന്തരങ്ങളിലൂടെ യാത്ര.

(കരിങ്കുന്നം രാമചന്ദ്രന്‍ നായരുടെ ശബരിമല മൂര്‍ത്തി-ഭക്തന്‍-പരിസ്ഥിതി-ഒരു സമസ്യ എന്ന പുസ്തകത്തില്‍നിന്ന്)

No comments:

Post a Comment