ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, November 22, 2017

ആറന്മുള വള്ളസദ്യ



ആറന്‍മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ട വഴിപാടായ വള്ളസദ്യ. ദേശദേവനായ പാര്‍ത്ഥസാരഥി അന്നദാനപ്രഭുവാണന്നാണ് വിശ്വാസം.

Image result for ആറന്മുള വള്ളസദ്യ


ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ആറന്‍മുളയിലെ വഴിപാടുകള്‍ പ്രധാനമായും ഭക്ഷണവുമായി ബന്ധപ്പെട്ടുവരുന്നത്. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷപരിഹാരംഎന്നിവയ്ക്കാണ് ഭക്തര്‍ പ്രധാനമായും വഴിപാട് നടത്തുന്നത്.


പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങളുടെ മാതൃക അനന്തശായിയായ മഹാവിഷ്ണുവിന്റെ സങ്കല്‍പ്പത്തില്‍ എന്ന വിശ്വാസത്തിലാണ് സര്‍പ്പദോഷ പരിഹാരത്തിനായും വള്ളസദ്യ നടത്തുന്നത്. പള്ളിയോടത്തിന് വഴിപാട് നല്‍കുന്ന ഭക്തന്‍ വഴിപാട് ദിവസം രാവിലെ ക്ഷേത്രത്തില്‍നിന്ന് പൂജിച്ചുവാങ്ങുന്ന പൂമാലയുമായി കരയിലെത്തി കരനാഥന്‍മാരെ പള്ളിയോടത്തില്‍ കയറ്റി ആറന്‍മുളയ്ക്ക് യാത്രയാക്കും.


പള്ളിയോടം ക്ഷേത്രക്കടവിലെത്തുമ്പോള്‍ വഴിപാടുകാര്‍ കരനാഥന്‍മാരെ വെറ്റില, പുകയില നല്‍കി.സ്വീകരിക്കും.


അഷ്ടമംഗല്യം, താലപ്പൊലി, വാദ്യമേളങ്ങള്‍, അലുക്കിട്ട കുട എന്നിവയുടെ അകമ്പടിയോടെ കരനാഥന്‍മാരെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും. കരക്കാര്‍ വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് വലംവച്ച് വരുമ്പോള്‍ വഴിപാടുകാര്‍ കരനാഥന്‍മാരെ ഊട്ടുപുരയിലേക്ക് സ്വീകരിച്ച് ഇരുത്തും.


പള്ളിയോടക്കരക്കാര്‍ക്കൊപ്പം ഭഗവാന്‍ സദ്യ കഴിക്കുമെന്നാണ് വിശ്വാസം. കരക്കാര്‍ ‘പൊന്‍പ്രകാശം തുളുമ്പുന്ന വിളക്കത്ത് വിളമ്പേണം’ എന്ന് പാടിക്കഴിയുമ്പോള്‍ വഴിപാടുകാര്‍ഭഗവാനെ സങ്കല്‍പ്പിച്ച് വിളക്കിന് മുമ്പില്‍ സദ്യ വിളമ്പും. മറ്റൊരു സദ്യയിലില്ലാത്ത വിഭവങ്ങളും വള്ളസദ്യയുടെ പ്രത്യേകതയാണ്. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍, ആറന്‍മുള എരിശ്ശേരി, പാളത്തൈര്, താളുകറി, അമ്പഴങ്ങ, ഉപ്പുമാങ്ങ, വെള്ളിക്കിണ്ടി പാല്‍ തുടങ്ങി സാധാരണ സദ്യയിലില്ലാത്ത പല വിഭവങ്ങളും വള്ളസദ്യയിലുണ്. കരനാഥന്‍മാര്‍ ഭഗവല്‍ പ്രതീകമെന്ന വിശ്വാസത്തില്‍ അവര്‍ ആവശ്യപ്പടുന്ന വിഭവം നല്‍കണമെന്നാണ് ചട്ടം. കരക്കാര്‍ വിഭവങ്ങള്‍ പാടി ചോദിക്കുന്നതില്‍ സാഹിത്യവും സംസ്‌കാരവും ചേരുന്നതിനൊപ്പം പാചകത്തിന്റെ വിശ്വാസവും കടന്നുവരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഉദാഹരണമാണ് വള്ളസദ്യയില്‍ ‘അമ്മ തന്നെ ചമച്ചൊരു താളുകറി നല്‍കീടേണം’ എന്ന ചോദ്യം. താളുകറി നന്നായി പാകം ചെയ്തില്ലെങ്കില്‍ കണ്ഠം ചൊറിയുമെന്നതിനാലാണ് വിശ്വാസത്തിന്റെ മൂര്‍ത്തീഭാവമായ അമ്മ എന്ന പ്രയോഗം വിളച്ചുചൊല്ലലില്‍ ചേര്‍ത്തിരിക്കുന്നത്.


കരനാഥന്‍മാര്‍ മനസ് നിറച്ച് സദ്യ സ്വീകരിച്ചശേഷം ഇവര്‍ പാര്‍ത്ഥസാരഥിയുടെ കൊടിമരച്ചുവട്ടില്‍ എത്തി വഴിപാടുകാര്‍ക്ക് സര്‍വൈശ്വര്യം ലഭിക്കാനായി ‘അഷ്ടിയുണ്ടു ഞങ്ങളിന്ന് ഇഷ്ടവരം നല്‍കിടാനായി ഇഷ്ടവരം നല്‍കിടേണേ പാര്‍ത്ഥസാരഥേ……തെയ.എന്ന സ്തുതി പാടും.


ഇതിനുശേഷം വഴിപാടുകാരില്‍നിന്ന് ദക്ഷിണ വാങ്ങി മടങ്ങുന്ന കരനാഥന്‍മാരെ പള്ളിയോടത്തില്‍ കയറ്റി യാത്രയാക്കും. അതിനുശേഷം വഴിപാടുകാര്‍സദ്യ കഴിക്കുന്നതോടെ വള്ളസദ്യ വഴിപാടിന്റെ ചിട്ടവട്ടങ്ങള്‍ അവസാനിക്കും


#ഭാരതീയചിന്തകൾ

No comments:

Post a Comment