അനയാരാധിതോ നുനം ഭഗവാന്‍ ഹരിരീശ്വരഃ
യന്നോ വിഹായ ഗോവിന്ദഃ പ്രീതോ യാമനയദ്രഹഃ (10-30-28)
ഹാ നാഥ, രമണ, പ്രേഷ്ഠ, ക്വാസി ക്വാസി മഹാഭുജ
ദാസ്യാസ്തേ കൃപണായാ മേ സഖേ, ദര്‍ശയ സന്നിധിം. (10-30-ഢ40)
തന്മനസ്കാസ്തദാലാപാസ്തദ്വിചേഷ്ടാസ്തദാത്മികാഃ
തദ് ഗുണാനേവ ഗായന്ത്യോ നാത്മാഗാരാണി സസ്മരുഃ (10-30-44)
ശുകമുനി തുടര്‍ന്നു:
അങ്ങനെയവര്‍ കൃഷ്ണനെ തേടി നടക്കുമ്പോള്‍ അവന്റെ കാലടിപ്പാടുകള്‍ കണ്ടു. അതുകണ്ട് അവര്‍ ഹര്‍ഷപുളകിതരായി. എന്നാല്‍ ആ കാലടിപ്പാടുകളുടെ കൂടെ ഒരു തരുണിയുടെ കാലടികളും കാണായി. “ആരുടേതാണീ കാല്‍പ്പാടുകള്‍? ഇങ്ങനെ കൃഷ്ണന്റെ പ്രത്യേക സ്നേഹത്തിന് ഭാഗ്യം ലഭിച്ച അവള്‍ ആര്? തീര്‍ച്ചയായും അവള്‍ കൃഷ്ണനെ അത്രമാത്രം തീവ്രതയോടെ സ്നേഹിച്ചാരാധിച്ചിരിക്കണം. അല്ലെങ്കില്‍ നമ്മെയെല്ലാമുപേക്ഷിച്ച് അവളെ മാത്രം കൃഷ്ണന്‍ കൂട്ടികൊണ്ടുപോവുകയില്ലല്ലോ. നമ്മുടെ കൃഷ്ണന്റെ പ്രേമത്തിനു ഭാഗ്യം ലഭിച്ച അവളുടെ കാല്‍പ്പാടുകള്‍ കാണുന്നതുപോലും വേദനാജനകം. അല്ലാ നോക്കൂ അവളുടെ കാലടിപ്പാടുകള്‍ കാണുന്നില്ലല്ലോ. തീര്‍ച്ചയായും കൃഷ്ണന്‍ അവളെ തോളിലേറ്റിയിരിക്കും. അങ്ങനെ അവളോടുളള മമത കുറച്ചുകൂടി വ്യക്തമാക്കിയിരിക്കും. ഇവിടെനിന്നു് മുന്നോട്ടുളള കാലടിപ്പാടുകള്‍ക്ക് കനം കൂടുതലുണ്ടല്ലോ. ഇതാ ഇവിടെ. കൃഷ്ണന്‍ അവളെ താഴെയിറക്കിയിരുത്തി തലമുടി പിന്നിയിട്ടു കൊടുത്തു കാണും. അവളുടെ മുടിയില്‍ പൂക്കളും തിരുകിക്കൊടുത്തിരിക്കും. നോക്കൂ കുറച്ചു പൂക്കള്‍ അവിടെ ചിതറിക്കിടക്കുന്നുമുണ്ട്.”
കൃഷ്ണന്റെ പാദമുദ്രകള്‍ പിന്തുടര്‍ന്നു് അവരങ്ങനെ നടന്നു. അവരുടെ അനുമാനം ശരിയായിരുന്നു. കൃഷ്ണന്‍ തിരഞ്ഞെടുത്ത് വിളിച്ചുകൊണ്ടുപോയ ഗോപിക ഒരു സമയത്ത് സന്തോഷാധിക്യത്താല്‍ കൃഷ്ണന്റെ മനസ്സിലെ പ്രമുഖസ്ഥാനം കിട്ടിയതിന്റെ അഭിമാനവും ഗര്‍വ്വും കാണിച്ചു. കൃഷ്ണനോട് അവളെ എടുത്തു നടക്കാന്‍ ആവശ്യപ്പെട്ടു. “ശരി എന്നാല്‍ എന്റെ തോളില്‍ കയറിക്കോളൂ” എന്ന് കൃഷ്ണനും പറഞ്ഞു. അവളങ്ങനെ ചെയ്ത ക്ഷണത്തില്‍ കൃഷ്ണനെ കാണാതായി. അവള്‍ ഉറക്കെ കരഞ്ഞു വിളിച്ചു: “ഭഗവാനേ, എന്റെ ആത്മപ്രിയനേ, എവിടെയാണു നീ?. പ്രിയപ്പെട്ട കൂട്ടുകാരാ, ഞാനവിടുത്തെ ദാസിയല്ലയോ ഞാനവിടുത്തെ കണ്ടുകൊളളട്ടെ.” ആ ഗോപിക നിയന്ത്രണാതീതമായ ദുഃഖത്തിലായിരുന്നു. ആ സമയത്താണ് മറ്റു ഗോപികമാര്‍ അവളെ കാണുന്നത് (രാധയാണോ അവള്‍?) അവള്‍ക്ക് കൃഷ്ണനെ കാണാഞ്ഞ് അതീവദുഃഖവും കൃഷ്ണന്റെ തിരോധാനത്തിന് താനാണുത്തരവാദി എന്ന തോന്നലും ഉണ്ടായി. ഇപ്പോള്‍ എല്ലാവരും കൂടി കൃഷ്ണനെ തിരയാന്‍ തുടങ്ങി. ആത്മസത്ത മുഴുവനും കൃഷ്ണചിന്തയാല്‍ പൂരിതമായി. എല്ലാ ചിത്തങ്ങളും അവനില്‍ വിലീനമായിരുന്നു. അവനെപ്പറ്റി അവര്‍ കഥകള്‍ പറഞ്ഞു. അവന്റെ അപദാനങ്ങള്‍ പാടി. കൃഷ്ണന്റെ ചെയ്തികളെ അനുകരിച്ചു. അവര്‍ക്ക് സ്വന്തം കാര്യങ്ങളെപ്പറ്റിയോ കുടുംബങ്ങളെപ്പറ്റിയോ യാതൊരു ചിന്തകളും ഉണ്ടായിരുന്നില്ല. പെട്ടെന്ന് അവിടം മുഴുവന്‍ ഇരുട്ടായി. അവര്‍ യമുനാപുളിനത്തിലേക്ക് തിരിച്ചുനടന്നു. അവിടെ കൃഷ്ണന്റെ മഹിമകള്‍ പാടി അവരങ്ങനെ കഴിഞ്ഞു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment