ഭഗവാനിൽ മനസ്സ് ചേർത്തു വയ്ക്കാൻ സഹായിക്കുന്നതെല്ലാം സത്സംഗ മാണ്.
സത്സംഗത്താല്‍ മാത്രമേ മായാ മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച് എല്ലാത്തിനും നടുവിൽ ഇരിക്കുമ്പോഴും ഒന്നിലും മനസ്സ് ഒട്ടിപ്പിടിക്കാതെ നിസ്സംഗതയിൽ ഇരിക്കാൻ സാധിക്കുകയുള്ളൂ. നിസ്സംഗാവസ്ഥയിലെത്തിയാൽ മായമോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. മോഹങ്ങളെ അതിജീവിക്കുന്നതോടെ,നിത്യവും ശാശ്വതവുമായ പരമാർത്ഥ തത്വമായ ഭഗവാനെ അറിയാന്‍ കഴിയും. ഭഗവത്പ്രാപ്തി ലഭിക്കുമ്പോൾ ജനനമരണങ്ങളിൽ നിന്ന് മുക്തി ലഭിക്കും. അതിനുവേണ്ടി ഗോവിന്ദ ഭജനം ചെയ്യൂ.
ജീവൻ മുക്തി നേടാനാണ് മനുഷ്യ ജന്മം.
നശ്വരങ്ങളായ പലതരം മോഹങ്ങൾ ഉണ്ടാകുന്നത് മായമൂലമാണ്. മോഹങ്ങളാകട്ടെ സദാ മാറിക്കൊണ്ടിരിക്കുന്നു. അതിനെ അതിജീവിക്കാനാണ് സത്സംഗം. സജ്ജനങ്ങളുമായി ചേർന്നിരുന്ന് ഈശ്വര വിചാരം ചെയ്യണം. എന്നാൽ അതുമാത്രമല്ല സത്സംഗം. ജീവിത പ്രാരാബ്ദത്താൽ എല്ലാവര്‍ക്കും അതിന് സാദ്ധ്യമായി എന്നു വരില്ല. സത്സംഗത്തിനായി കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്. മാറുന്നതായ ഈ മായയെ വിട്ട് മാറത്ത നിശ്ചല തത്വമായ ഭഗവാനിലേക്ക് മനസ്സ് ചേർത്തു വയ്ക്കൂ. ഏത് അവസ്ഥയിൽ എവിടെ ഇരിക്കുമ്പോഴും ഭഗവാനിൽ മനസ്സു ചേർക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാമജപം. ഈ സത്സംഗം കൊച്ചു കുഞ്ഞുങ്ങൾ, ശയ്യാവലംബിയായ വൃദ്ധന്മാര്‍, രോഗബാധിതർ, അംഗവിഹീനർ തുടങ്ങി ഏതൊരാൾക്കും സുലഭമാണ്. ഇവിടെ ശങ്കരാചാര്യര്‍ ഉദ്ദേശിച്ചതും അതുതന്നെയാണ്
.
ജ്ഞാനപ്പാനയിലൂടെ പൂന്താനം പറയുന്നു.
ലൌകികാസക്തി വിട്ട് ഭഗവത് വിചാരത്തിന് കഴിയുന്നില്ലല്ലോ എന്ന് വിഷമിക്കേണ്ട. ഏതു ജാതിയായാലും കുലമായാലും എവിടെയിരുന്നാണെങ്കിലും ഭഗവാന്റെ എണ്ണമററ നാമങ്ങളില്‍ ഏതെങ്കിലും ഒന്ന് ജപിച്ചോളു എന്ന്.
എഴുത്തച്ഛനും പറയുന്നു.
ഏതൊരു കർമ്മം ചെയ്യുമ്പോഴും അത് ഭഗവത് പൂജയാക്കി ആനന്ദത്തോടെ ഭഗവത് സ്മരണയില്‍ ചെയ്യാൻ നാമജപം നമ്മെ സഹായിക്കുന്നു. ഒരു കർമ്മം മറ്റൊരു കർമ്മത്തേക്കാൾ ശ്രേഷ്ഠം എന്നു പറയാനാവില്ല. അർപ്പണ മനോഭാവം കൊണ്ടാണ് ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാകുന്നത്. അമ്പലത്തിൽ പൂജിക്കുന്ന ശാന്തിക്കാരനും അടിച്ചുതളിക്കാരനും ചെയ്യുന്നത് ഈശ്വര പൂജതന്നെയാണ്. ഒരു റോബോട്ട് ഉപയോഗിച്ച് പൂജ ചെയ്താല്‍ ഒരു പക്ഷേ മനുഷ്യനേക്കാള്‍ കൃത്യമായി നിഷ്ഠയോടെ ചെയ്യും. പക്ഷേ അത് ഈശ്വരപൂജയാകുമോ? മനുഷ്യ ജന്മം ഭഗവത് സാക്ഷാത്കാരത്തിനുവേണ്ടിയാണ്. അത് മറന്നു പോകാതിരിക്കാനാണ് സത്സംഗം. സത്സംഗത്തിന്റെ ആനന്ദം അനുഭവിക്കും തോറും
നശ്വരങ്ങളായ മോഹങ്ങളുടെ നിസ്സാരത ബോദ്ധ്യമായി പുറമേയുളള ഒന്നിലും ഒട്ടിപ്പിടിക്കാതെ തന്റെതല്ലാത്ത കുഞ്ഞിനെ നന്നായി നോക്കുന്ന ആയയെപ്പോലെ ഇതൊന്നും എന്റെതല്ല ശാശ്വതമല്ല എന്ന ബോധത്തോടെ നിസ്സംഗമായി നമ്മുടെ കർമ്മങ്ങൾ ആത്മാര്‍ത്ഥമായി നിറവേററാന്‍ സാധിക്കും. ക്രമേണ നിത്യസത്യമായ ഭഗവാനെ അനുഭവിക്കുവാൻ സാധിക്കും. ഭഗവത്പ്രാപ്തമായ ജീവൻ പിന്നീടൊരിക്കലും ജനിമൃതി ചക്രത്തിൽപ്പെട്ട് നട്ടം തിരിയേണ്ടിവരില്ല.
അതിനാൽ അതി സുലഭമായ നാമജപ സത്സംഗം ചെയ്യൂ.....
No comments:
Post a Comment