ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 16, 2017

വീരനും പരാക്രമിയും ദാനശീലനുമായ കർണ്ണന്റ കഥ



സൂര്യപുത്രനായി ജനിച്ചിട്ടും  സൂത പുത്രനെന്ന് വിളി കേൾക്കേണ്ടി വന്ന കൗന്തേയനാണ് കർണ്ണൻ. മുറ അനുസരിച്ച് ഹസ്തിനപുരി ഭരിക്കേണ്ടിയിരുന്ന പ്രഥമ പാണ്ഡവൻ.ദാനശീലത്തിൽ അഗ്രഗണ്യൻ. തന്നെ അപമാനത്തിൽ നിന്നു രക്ഷിച്ച ദുര്യോധനന്നോടുള്ള സൗഹൃദത്താൽ പാണ്ഡവർ സ്വസഹോദരങ്ങളെന്ന കാര്യം മറന്ന് അർജുന നിഗ്രഹത്തിനായി തപം ചെയ്ത രാധേയൻ.. ഗുരു ശാപത്താൽ അത്യാവശ്യ സമയത്ത് പഠിച്ച പാഠങ്ങൾ മറന്നു പോയി മരണം വരിച്ച പരശുരാമ ശിഷ്യൻ ആയിരുന്നു കർണ്ണൻ. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്തിനർഹനായ കർണ്ണന്റെ കഥ



കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചതിൽ  സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി  (ദേവദൂതി) മന്ത്രങ്ങൾ  ഉപദേശിച്ചു കൊടുത്തു.  പ്രായത്തിന്റെ ആകാംക്ഷ കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു.  സൂര്യദേവനെ ധ്യാനിച്ച് മന്ത്രം ചൊല്ലി. മന്ത്രപ്രഭാവം ക്ഷണത്തിൽ പ്രകടമായി . അതിതേജസ്വിയായ സൂര്യദേവൻ തോൾവളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവൾക്കു മുന്നിൽ പ്രത്യക്ഷനായി . കുന്തിയോട് സൂര്യദേവൻ താൻ അവളുടെ മന്ത്രാഹ്വാനത്താൽ വശീകൃതനായി എത്തിയതാണെന്നും അതിനാൽ തന്നിൽ നിന്നും ഒരു സന്തതിയെ വേഗത്തിൽ സ്വീകരിച്ചുകൊള്ളാനും ആവശ്യപ്പെട്ടു . ഭയന്നുപോയ കുന്തി,താൻ വെറും കൗതുകത്തിനാണ് സൂര്യനെ ആഹ്വാനം ചെയ്തതെന്നും , അതിനാൽ അദ്ദേഹം സന്തുഷ്ടനായി മടങ്ങിപ്പോകണമെന്നും കേണപേക്ഷിച്ചു . സൂര്യദേവൻ ഇതുകേട്ട് കോപിഷ്ഠനാവുകയാണുണ്ടായത് . ആഹ്വാനം ചെയ്ത ദേവനെ നിഷ്ഫലമായി തിരിച്ചയയ്ക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും , അതിന്റെ ഫലം കൊടുംശാപമായി തന്നിൽ നിന്നും ഏല്ക്കേണ്ടതായി വരുമെന്നും , കുന്തിയുടെ പിതാവും മന്ത്രമുപദേശിച്ച മുനിവര്യനും അതിന്റെ തിക്തഫലം അനുഭവിക്കുമെന്നും സൂര്യൻ പറഞ്ഞു . ഭയന്നുപോയ കുന്തി സൂര്യദേവനോട് താൻ കന്യകയാണെന്നും , തന്റെ കന്യകാത്വം നഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ പുത്രോല്പ്പാദനം ചെയ്തുകൊളളാനും അങ്ങനെയുണ്ടാകുന്ന പുത്രൻ തികഞ്ഞ ധർമ്മിഷ്ഠനും ജന്മനാൽ കവചകുണ്ഡലങ്ങളോട് കൂടിയവനുമായിരിക്കണമെന്നു അപേക്ഷിച്ചു .സൂര്യദേവൻ അത് സ്വീകരിക്കുകയും യോഗബലത്തോടെ കുന്തിയിൽ പ്രവേശിച്ചു പുത്രോല്പ്പാദനം ചെയ്യുകയും ചെയ്തു . തുടർന്നു കുന്തിക്കുണ്ടാകുന്ന പുത്രൻ സര്വ്വ ശസ്ത്രപ്രവരന്മാരിലും വച്ച് ഉന്നതനായിരിക്കുമെന്നും , കുന്തി കന്യകയായി തുടരുമെന്നും അനുഗ്രഹിച്ച ശേഷം തിരിച്ചുപോയി . ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടു കൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ "രാധേയൻ" എന്ന പേരിലും "സൂതപുത്രൻ" എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.സ്വർണ്ണ കുണ്ഡലങ്ങളോട് കൂടിയവനും സുവർണ്ണശോഭയോട് കൂടിയവനും തേജോമയനുമായ ആ ശിശുവിനെക്കണ്ടു മഹാബ്രാഹ്മണർ അവനെ വസുഷേണൻ എന്ന് നാമകരണം ചെയ്തു.




മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്.


കർണ്ണന് ആയുധ - ധനുർ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഭീഷ്മ നിർദ്ദേശ പ്രകാരം കൗരവ ഗുരുവായ  ദ്രോണരുടെ അടുക്കൽ എത്തിച്ചു. പ്രിയ ശിഷ്യനായ അർജുനനേക്കാളും കേമനാ വാതിരിക്കാൻ ബുദ്ധിശാലിയും വിവേകിയും സൂത പുത്രനുമായ കർണ്ണന് ദ്രോണർ ബ്രഹ്മാസ്ത്ര വിദ്യ ഉൾപ്പെടെ പല വിദ്യകളും പറഞ്ഞു കൊടുത്തിരുന്നില്ല. സൂത പുത്രൻ എന്ന അവഗണന പാണ്ഡവർക്കൊപ്പം ദ്രോണരും  കർണ്ണനോട് കാണിച്ചിരുന്നു.. നിരാശനായ കർണ്ണൻ പരശുരാമനോട് ശിഷ്യപ്പെടാൻ തീരുമാനിച്ചു.. ക്ഷത്രിയ വിരോധിയായ ഭൃഗുരാമന്റെ അരികിൽ ബ്രാഹ്മണനെന്ന ഭാവേനയാണ് കർണ്ണൻ ശിഷ്യനായെത്തിയത്. എല്ലാം കൊണ്ടും മിടുക്കനായ കർണ്ണനെ സകല വിദ്യകളും പരശുരാമൻ അഭ്യസിപ്പിക്കുന്നു.. ഒരിക്കൽ പരശുരാമൻ പ്രിയ ശിഷ്യനായ  കർണ്ണന്റെ മടിയിൽ തല വച്ച് മയങ്ങുകയായിരുന്നു.. അപ്പോൾ എങ്ങുനിന്നോ വന്ന ഒരു വണ്ട് കർണ്ണന്റെ തുടയിലൂടെ തുളച്ചു കയറാൻ തുടങ്ങി.. താൻ കാൽ അനക്കിയാൽ ഗുരുവിന് നിദ്രാ ഭംഗം വരുമെന്ന് ഭയന്ന് കർണ്ണൻ വേദന സഹിച്ച് അനങ്ങാതെയിരുന്നു. കർണ്ണന്റെ രക്തം തന്റെ മുഖത്ത് വീണപ്പോൾ പരശുരാമൻ നിദ്ര വിട്ട് എഴുന്നേറ്റു.. രക്തം ഒലിപ്പിച്ച് നിൽക്കുന്ന കർണ്ണനെ നോക്കി ഗുരു ചോദിച്ചു. "നീ ആരാണ്.. ഒരിക്കലും ഒരു ബ്രാഹ്മണനല്ല .ഇത്ര വേദന സഹിക്കാൻ ഒരു ക്ഷത്രിയനേ സാധിക്കൂ.. ". കർണ്ണൻ തന്റെ വൃതാന്തം എല്ലാം പരശുരാമനോട് പറഞ്ഞു.. പക്ഷെ അദ്ദേഹം ക്ഷമിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം കർണ്ണനെ ശപിച്ചു.പരശുരാമന്റെ ശാപം  ഇങ്ങനെയാണ്. "ചതിച്ചു പഠിച്ച വിദ്യ, മരണസമയമടുക്കുമ്പോൾ, നിനക്ക് തുല്യനായ എതിരാളിയോട് ഏറ്റു പൊരുതുമ്പോൾ ഓർമ്മയിൽ വരില്ല". ഈ ശാപമാണ് പിന്നീട് ഫലിക്കുന്നത്.



പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം  പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു ആയുധ പരീക്ഷ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. രാജകുമാരന്മാർ എല്ലാപേരും അവരവരുടെ കഴിവുകൾ കാഴ്ചവച്ചു .അർജുനന്റെ ധനുർ വിദ്യാ പാഠവം സദസ്സിനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ  അത്യന്തം തേജസ്വിയും കരുത്തനുമായ ഒരു യുവാവ് ജന്മസിദ്ധമായ ഉജ്വലകവചം ധരിച്ചു , കർണ്ണഭൂഷണങ്ങളുമണിഞ്ഞു , വില്ലും വാളും ധരിച്ചു കാൽനടയായി മടികൂടാതെ ഗൗരവത്തിൽ നടന്നെത്തുന്നത് കണ്ടു . അത് കുന്തിയുടെ മൂത്തപുത്രനായ കർണ്ണനായിരുന്നു . തുടർന്ന് ദ്രോണാചാര്യരുടെ അനുമതിയോടെ കർണ്ണൻ രംഗത്തു കയറി അർജ്ജുനൻ ചെയ്ത അതേ അഭ്യാസങ്ങൾ കാഴ്ചവച്ചു .അർജ്ജുനനേക്കാൾ സമർത്ഥമായി ധനുർവിദ്യ പ്രകടിപ്പിച്ച കർണ്ണനെ സദസ്സ്യർ ഹസ്താരവം മുഴക്കി സ്വീകരിച്ചു.' ദുര്യോധനൻ ഇത് ദർശിച്ചു പുളകിതനാകുകയും, രംഗത്ത് വന്നു കർണ്ണനെ അഭിനന്ദിക്കുകയും ചെയ്യുന്നു. പാണ്ഡവർക്ക് കർണ്ണന്റെ പ്രവർത്തി ഒട്ടും ബോധിക്കുന്നില്ല. ഭീമനും അർജുനനും കർണ്ണനെ പരിഹസിക്കുന്നു. അപ്പോൾ കൃപാചാര്യർ ഇടപെട്ടു . കൃപാചാര്യർ അർജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം ശരിയായി വിശദീകരിച്ചു. എന്നിട്ട് കർണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് . ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിക്കുന്നു. 




തന്റെ പുത്രനായ കർണ്ണനാണ് ഈ വന്ന യോദ്ധാവെന്ന് മനസ്സിലായ കുന്തി വികാരാധികേതത്താൽ  ബോധരഹിതയാവുന്നു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും വാഗ്ദാനത്തിൻറ പേരിൽ കർണ്ണന് കൂട്ട് നിൽക്കേണ്ടതായി വന്നു.



ദ്രുപദരാജാവിന്റെ പുത്രിയായ പാഞ്ചാലിയുടെ സ്വയംവരം നിശ്ചയിക്കപ്പെട്ടപ്പോൾ കൗരവരോടൊപ്പം കർണ്ണനും സ്വയംവരവേദിയിലെത്തി.. സ്വയംവര മത്സര പരീക്ഷ ജയിക്കുവാൻ ഒരാൾക്കുമായില്ല. തുടർന്നുള്ള കർണ്ണന്റെ വരവിനെ വ്യാസമുനി വർണ്ണിക്കുന്നതിങ്ങനെയാണ് . "രാജാക്കന്മാർ ഇങ്ങനെ ആർത്തിപ്പെട്ടു നിൽക്കുമ്പോൾ , എല്ലാ നൃപന്മാരെയും ഒന്ന് നോക്കിയിട്ട് വില്ലാളിയായ കർണ്ണൻ സ്വതസിദ്ധമായ ഗാംഭീര്യത്തോടെ നടന്നുചെന്ന് വില്ലെടുത്തു കുലയേറ്റി കൂസലില്ലാതെ അഞ്ച് അസ്ത്രങ്ങൾ തൊടുത്തു . ആ അർക്കപുത്രൻ അഗ്നിയെപ്പോലെയും സോമനെപ്പോലെയും അർക്കനെപ്പോലെയും ശോഭിച്ചു . ആ നിലയിൽ കർണ്ണനെ കണ്ടയുടനെ ദ്രൗപദി ഉച്ചത്തിൽ വിളിച്ചാർത്തു . "സൂതനെ ഞാൻ വരിക്കില്ല ". ഈ വാക്കുകൾ കേട്ട് അമർഷത്തോടും ഹാസത്തോടും കൂടി കർണ്ണൻ സൂര്യനെ ഒന്ന് നോക്കിയിട്ട് കുലച്ച വില്ല് താഴെയിട്ട് തിരികെ പോന്നു ".



ധർമ്മിഷ്ഠനായിട്ടും ദുര്യോധന നോടുള്ള സ്നേഹത്താൽ പാഞ്ചാലി വസ്ത്രാക്ഷേപ സമയത്ത് കർണ്ണൻ മൗനം പാലിക്കുകയാണുണ്ടായത്.പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ചശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം. എന്നൊരു യജ്ഞമുണ്ട് .  അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . ലോകത്തുള്ള സകല രാജക്കന്മാരെയും കർണ്ണൻ തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . ആ സൗഹൃദം ഒന്നുകൂടി ദൃഡമായി.




പാണ്ഡവരുടെ അജ്ഞാാത വാസം അവസാനിച്ചു. പാതി രാജ്യത്തിനായി കൗരവരോടപേക്ഷിക്കാൻ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ തന്നെ ദൂതുമായി ഹസ്തിനപുരിയിലെത്തുന്നു.  സൂചി കുത്താൻ പോലും ഇടം കൊടുക്കില്ല എന്ന ദുര്യോധനാദികളുടെ പ്രതിഞ്ജ ക്ക് കർണ്ണനും കൂട്ട് നിൽക്കുന്നു. ദൂതിനു ശേഷം കുന്തിക്കരികിലെത്തുന്ന കൃഷ്ണൻ കുന്തിയുടെ അഭ്യർത്ഥന പ്രകാരം കർണ്ണനരികിൽ എത്തുന്നു. താൻ  കൗന്തേയനാണെന്നും
പാണ്ഡവ ജ്യേഷ്ഠനാണെന്നും കർണ്ണനെ   ഭഗവാൻ അറിയിക്കുന്നു.തന്റെ കൂടെ പാണ്ഡവ പക്ഷത്തേക്ക്  വരുവാനും, കർണ്ണനെ താൻ രാജാവായി വാഴിക്കാമെന്നും, പാണ്ഡവരും അഭിമന്യുവും ഇതറിഞ്ഞാൽ കർണ്ണന്റെ കാൽക്കൽ വീണു വണങ്ങുമെന്നും ശ്രീകൃഷ്ണൻ കർണ്ണനോട് പറഞ്ഞു അദ്ദേഹത്തെ മോഹിപ്പിക്കുവാൻ ഒരു ശ്രമം നടത്തി. എന്നാൽ ആപത്തുകാലത്ത് സുഹൃത്തായ ദുര്യോധനനെ കൈവിടുന്നത് ശരിയല്ലെന്നും, അത് കൊടിയ അധർമ്മമാണെന്നും കർണ്ണൻ വാദിച്ചു .ദുര്യോധനനെ കൈവിട്ടിരുന്നെങ്കിൽ കർണ്ണൻ കൊടുംപാപിയാകുമായിരുന്നു . തന്നെ ഊണിലും ഉറക്കത്തിലും വിശ്വസിക്കുന്ന സുഹൃത്തായ ദുര്യോധനനു വേണ്ടി മരിക്കുകയെന്നത് കർണ്ണന്റെ ധർമ്മമായിരുന്നു .അവിടെ ദുര്യോധനന്റെ അധാർമ്മികതയൊന്നും ചിന്തനീയമല്ല . പക്ഷെ തന്നെ സഹോദരനെപ്പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദുര്യോധനനെ ആപത്തിൽ കൈവിടുവാൻ കർണ്ണന്റെ ധാർമ്മികത അനുവദിക്കുന്നില്ല. കൂടാതെ അതിവിശാലമായ കുരുരാജ്യം കൃഷ്ണൻ വച്ച് നീട്ടിയിട്ടും കർണ്ണൻ അത് സ്വീകരിക്കുന്നില്ല .കുരുക്ഷേ യുദ്ധം തീരുമാനിക്കപ്പെട്ട  വേളയിൽ, ഒരു ദിവസം കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും വെളിപ്പെടുത്തി. എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള ബാക്കി നാല് പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.അർജ്ജുനൻ മരിച്ചാൽ സകർണ്ണന്മാരായ അഞ്ചു മക്കൾ കുന്തിക്കുണ്ടാകും . മറിച്ചു താനാണ് മരിക്കുന്നതെങ്കിൽ സവ്യസാചിയുൾപ്പെട്ട അഞ്ചു പുത്രന്മാർ ഭവതിക്കുണ്ടാകുമെന്നു കർണ്ണൻ കുന്തിയോട് പറഞ്ഞു. വാസ്തവത്തിൽ കർണ്ണന്റെ ജീവിതത്തിലെ സകല ദുരിതങ്ങൾക്കും കാരണക്കാരി മാതാവായ കുന്തിയാണെന്നതാണ് രസകരമായ വസ്തുത . കുന്തി ഉപേക്ഷിക്കയാലാണ് കർണ്ണനു ദുര്യോധനന്റെ സഖിയാകേണ്ടി വന്നത് . അല്ലായിരുന്നെങ്കിൽ കർണ്ണൻ അടുത്ത രാജ്യാവകാശിയാകുമായിരുന്നു . ആയുധാഭ്യാസപ്രകടനസമയത്ത് കുന്തിക്ക് കർണ്ണനെ മനസ്സിലായിരുന്നു . കർണ്ണൻ ജാതീയമായി പാണ്ഡവരാൽ അധിക്ഷേപിക്കപ്പെട്ടിട്ടും തന്റെ മാനത്തെ ഭയന്ന കുന്തി സത്യം വെളിപ്പെടുത്തിയില്ലെന്നത് പ്രത്യേകം ചിന്തനീയമാണ് .




സാക്ഷാൽ കാലകാലാന്തകൻ കൊടുത്ത പാശുപതാസ്ത്രവും  അഗ്നിദേവൻ കൊടുത്ത ഗാണ്ഡീവവും  ഉൾപ്പെടെ വിശിഷ്o ആയുധങ്ങൾ അർജുനനുണ്ടെങ്കിലും ജന്മനാ സൂര്യസിദ്ധമായ കവച കുണ്ഡലങ്ങൾ ഉള്ള കർണ്ണനെ തോൽപ്പിക്കാൻ അതൊന്നും മതിയാവില്ലെന്ന് കൃഷ്ണനുൾപ്പെടെ അറിയാമായിരുന്നു. യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കുമെന്നറിയാവുന്ന ഇന്ദ്രൻ ; അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാൻ സാധ്യമല്ല എന്നും അറിയാമായിരുന്നു.അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങണം. ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ കർണ്ണൻ ഉറങ്ങുന്ന വേളയിൽ, അദ്ദേഹത്തിൻറെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വം വന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും വധിക്കുവാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു. എന്നാൽ താൻ ഒരിക്കലും സത്യം ലംഘിക്കുകയില്ലെന്നും തന്റെ ദാനവ്രതം താനൊരിക്കലും തെറ്റിക്കുകയില്ലെന്നും കർണ്ണൻ പിതാവായ സൂര്യദേവനോട്‌ പറഞ്ഞു. അങ്ങിനെയെങ്കിൽ, കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള ഏകപുരുഷഘാതിനി (വൈജയന്തി എന്നും പേരുണ്ട് ) എന്ന വേല് ചോദിച്ചു വാങ്ങണമെന്നും, അർജ്ജുനനല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും, എന്നാൽ അർജ്ജുനനിൽ "പ്രയോഗിക്കാതിരിക്കരുത്" എന്നും സൂര്യദേവൻ പ്രത്യേകം ഓർമ്മിപ്പിച്ചു. സൂര്യദേവൻ മുൻപറഞ്ഞതുപോലെ ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു. തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ സൂര്യദേവന്റെ നിർദ്ദേശമനുസരിച്ചു ഇന്ദ്രദത്തമായ ഏകപുരുഷഘാതിനിവേല് ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു . " ഈ കവചകുണ്ഡലങ്ങൾ എനിക്ക് ജന്മസിദ്ധമാണ് . എന്റെ പിതാവ് നൽകിയ ഇവയെ ത്വജിച്ചാൽ ഞാൻ മൃത്യുവിന് വശഗനായിപ്പോകും . എന്നാലും അങ്ങ് നൽകുന്ന വേലുണ്ടെങ്കിൽ , എന്റെ മൃത്യുവായിരിക്കുന്ന ഒരു ആജന്മശത്രുവുണ്ട് , അവനെ വധിച്ചു ഞാൻ അകാലമൃത്യുവിൽ നിന്നും രക്ഷ നേടുന്നതാണ് ". ഇന്ദ്രൻ ക്രൂരമായി ചിരിച്ചുകൊണ്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു ." വേല് ഞാൻ തരാം . പക്ഷെ നീ ഉദ്ദേശിക്കുന്ന ആ ശത്രുവിനെ രക്ഷിക്കുന്നത് ലോകനാഥനായ കൃഷ്ണനാണ് എന്നത് ഓർത്തുകൊള്ളൂ". ഇന്ദ്രൻ തുടർന്ന് കര്ണ്ണന് ഏകപുരുഷഘാതിനി വേലു നൽകുകയും , പകരം കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച - കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു . അതിതീവ്രമായ വേദന വകവയ്ക്കാതെ, ശരീരത്തിൽ നിന്നും കവചകുണ്ഡലം മുറിച്ചു കൊടുക്കുന്ന കർണ്ണനെ കണ്ടു, ഇന്ദ്രനും ദേവന്മാരും സിംഹനാദം മുഴക്കി. അതിധീരമായ ഈ പ്രവർത്തി കണ്ട് ദേവന്മാരും ഋഷികളും വൈകർത്തന:എന്ന് കർണ്ണനെ ബഹുമാനപുരസരം സംബോധന ചെയ്തു. വൈകർത്തനൻ എന്നാൽ, "ശരീരം മുറിച്ചവൻ" എന്നർഥം. അതോടെ വൈകർത്തന: കർണ്ണൻഎന്ന പേരും കർണ്ണന് സിദ്ധിച്ചു. ദാനാനന്തരം, നിനക്ക് എന്ത് വരം വേണം എന്ന് സന്തുഷ്ടനായ ഇന്ദ്രൻ ചോദിച്ചപ്പോൾ തനിക്കു വടുക്കളില്ലാത്ത ശോഭയുള്ള ശരീരം വേണമെന്നു കർണ്ണൻ ആവശ്യപ്പെടുന്നു. ഇന്ദ്രൻ പ്രസ്തുത വരം നല്കിയിട്ട് ഗൂഢമായ ഒരു ചിരിയോടെ മറഞ്ഞു .ഈ ദാനത്തോടെ കർണ്ണന്റെ യശസ്സ് സർവ്വലോകങ്ങളിലും വ്യാപിക്കുകയാണ് ചെയ്തത് .




മഹാഭാരത യുദ്ധം ആരംഭിച്ചു. കർണ്ണനെ സർവ്വ സൈന്യാധിപനായി വാഴിക്കാനായിരുന്നു ദുര്യോധനന്റെ ആഗ്രഹം. അത് ഒരിക്കലും ഇഷ്ടമില്ലതിരുന്ന ദ്രോണർ ആ തീരുമാനം എതിർക്കുന്നു. ഭീഷ്മപിതാമഹനെ സർവ്വ സൈന്യാധിപനായി അംഗീകരിക്കാൻ മടിച്ച കർണ്ണൻ പിതാമഹൻ വീഴുന്നതു വരെ യുദ്ധത്തിന്റെ മുൻ നിരയിലേക്ക് വരുന്നില്ല. ശരശയ്യയിൽ മരണം കാത്തു കിടക്കുന്ന ഭീഷ്മർക്കരികിലേക്ക് കർണ്ണൻ എത്തുമ്പോൾ ഭീഷ്മർ കർണ്ണനെ നല്ല വാക്കുകളാൽ ഉപദേശിക്കുന്നുണ്ട്. കർണ്ണൻ കുന്തീസുതന്നെന്നു  തനിക്ക് മുന്നേ അറിയാമായിരുന്നു എന്ന് ഭീഷ്മർ വെളിപ്പെടുത്തുന്നു. അധർമ്മിയായ ദുര്യോധനനോടുള്ള കർണ്ണന്റെ  സൗഹൃദം യുദ്ധം വരെ എത്തിച്ചതിൽ ആ വൃദ്ധ പിതാവ് ഖേദിക്കുന്നു. ഭീഷ്മർക്ക് ശേഷം 5 ദിവസം ദ്രോണർ സർവ്വ സൈന്യാധിപനായി. അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ അകപ്പെടുത്തി  കൊല്ലാൻ ദ്രോണ കൃപാദികൾ ജയദ്രഥൻ മുതലായവർ  തീരുമാനിച്ചപ്പോൾ കർണ്ണൻ അതിനെ എതിർക്കുന്നു. പക്ഷെ കൗരവരക്ഷയ്ക്ക് അഭിമന്യു വധം അഭികാമ്യമെന്ന് പറഞ്ഞ ദുര്യോധനന്റെ ആവശ്യപ്രകാരം ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെ പുറകിലൂടെ എത്തി വില്ലും രഥവും തകർത്തത് കർണ്ണനാണ്.  പതിന്നാലാം  ദിവസം  കൗരവപക്ഷത്തെ സൈനികരെ  കൊന്നൊടുക്കിയത് കൃഷ്ണാനുഗ്രഹത്താൽ അതിശക്തനായ്  മാറിയ ഭീമപുത്രനായ ഘടോൽക്കചനാണ്. ഘടോൽക്കചൻ സർവ്വരെയും ക്രൂരമായി ആക്രമിക്കുന്നു. ജീവരക്ഷക്കായി ഗത്യന്തരമില്ലാതെ തനിക്ക് ഇന്ദ്രനിൽ നിന്ന് കിട്ടിയ അർജുനനു വേണ്ടി മാറ്റി വച്ച വൈജയന്തി എന്ന ദിവ്യായുധം കർണ്ണൻ ഘടോൽക്കചന് മേൽ പ്രയോഗിക്കുന്നു.കർണ്ണന്റെ വേൽ  കളയിക്കാനായി കൃഷ്ണൻ തന്റെ ശക്തി കൂടി നൽകി ഘടോൽക്കചനെ യുദ്ധത്തിലേക്ക് പറഞ്ഞ് വിട്ടതാണ്.  അങ്ങിനെ ആ ആപത്ത് അർജുനനെ ഒഴിഞ്ഞ് പോയതിൽ ഭീമനൊഴികെ എല്ലാ പാണ്ഡവരും സന്തോഷിക്കുന്നു.
ദ്രോണ വധത്തിന് പിന്നാലെ 16 മത്തെ ദിനം മുതൽ കർണ്ണൻ സേനാധിപനായി.



കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസം കർണ്ണൻ അത്യന്തം പരാക്രമിയായി കാണപ്പെട്ടു .അതിനു കാരണവുമുണ്ട്. കർണ്ണനു വിജയം എന്ന പേരിലൊരു ധനുസ്സുണ്ടായിരുന്നു .ഈ ധനുസ്സു അർജ്ജുനന്റെ ഗാണ്ഡീവത്തിനു കിടപിടിക്കുന്ന ഒന്നായിരുന്നു . പരശുരാമൻ നൽകിയ ഈ ധനുസ്സു കർണ്ണൻ യുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് ഉപയോഗിക്കുന്നത് .അതുകൊണ്ടാകണം യുദ്ധത്തിന്റെ 17 -ആം ദിവസം കർണ്ണൻ കൂടുതൽ പരാക്രമിയായി കാണപ്പെട്ടത് . പാണ്ഡവരിൽ നാല് പേരെയും സാത്യകിയെയും കർണ്ണൻ തോൽപ്പിക്കുന്നതും 17 മത്തെ ദിവസമാണ് .അർജ്ജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ സ്തുത്യർഹമായ രീതിയിൽ പോരാടുന്നു.കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം തടുത്തു ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിര്പക്ഷത്തു വലുതായ നാശനഷ്ടങ്ങൾ വരുത്തുന്നു.അർജ്ജുനൻ, അനേകമനേകം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു കൗരവസേനയെ ക്ഷോഭിപ്പിച്ചു . കർണ്ണന്റെ സൈന്യം ഓടാൻ തുടങ്ങി . കർണ്ണന്റെ രഥം തകർന്നു പൊളിയുന്നു . ദേഹമാസകലം മുറിവേറ്റെങ്കിലും ഭയങ്കരമായ അസ്ത്രങ്ങൾ പ്രയോഗിച്ചു കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെ തടയുകയും , പാണ്ഡവ സൈന്യത്തെയും പരവശമാക്കുകയും ചെയ്തു. അർജ്ജുനനും വിട്ടു കൊടുത്തില്ല . കർണ്ണനെ വീണ്ടും ദിവ്യാസ്ത്രങ്ങൾ കൊണ്ട് പ്രഹരിച്ചു .ഇത്തരത്തിൽ തുല്യനിലയിൽ യുദ്ധം പുരോഗമിച്ചുകൊണ്ടിരുന്നു .


യുദ്ധത്തിലെ ഒരു ഘട്ടത്തിൽ അർജ്ജുനനോളം ഉയരുവാൻ സാധിക്കാതെ വന്നപ്പോൾ കർണ്ണൻ , അർജ്ജുനനെ കൊല്ലുവാനായി ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഭയാനകമായ ഉരഗാസ്യാ എന്ന സർപ്പമുഖബാണം കയ്യിലെടുത്തു. ആ അസ്ത്രത്തിൽ നാഗാസ്ത്രമന്ത്രം ജപിച്ചപ്പോൾ അർജ്ജുനന്റെ പൂർവ്വശത്രുവായ അശ്വസേനനാഗമാണ് പ്രകടമായത് . ഖാണ്ഡവ ദാഹത്തിൽ തന്റെ മാതാവിനെ വധിച്ച അർജ്ജുനനോട് അശ്വസേനന് തീരാത്ത പകയുണ്ടായിരുന്നു . കർണ്ണന്റെ അസ്ത്രത്തോടൊപ്പം നാഗവും അർജ്ജുനന്റെ കഴുത്തറുക്കാനായി പാഞ്ഞു കയറി. നാഗാസ്ത്രംപ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് കർണ്ണന്റെ നാഗാസ്ത്രം മുന്നേറി . അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു .ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു .കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് .ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു. 



യുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയം മുൻപ്  ഏറ്റിരുന്ന ബ്രാഹ്മണ ശാപത്താൽ  (  അമ്പെയ്ത്തു പഠിയ്ക്കുന്നനേരത്ത് ലക്ഷ്യത്ത്‌കൊള്ളാതെ ഒരുബ്രാഹ്മണന്റെ പശുവിന്റെമേല്‍ക്കൊണ്ട് ആ പശു കൊല്ലപ്പെടുന്നു. ആസാധുബ്രാഹ്മണന്‍ കര്‍ണ്ണനെ വെറുതെ വിട്ടില്ല. നിന്റെ രഥം ഒരുയുദ്ധത്തിനിടയില്‍ ചെളിയില്‍ താഴ്ന്നുപോകട്ടേ എന്ന് ശപിച്ചു. )  കർണ്ണന്റെ രഥം ചെളിയിൽ താണുപോകുന്നു. അതേ തുടർന്ന് ധർമ്മത്തെ മുൻനിർത്തി ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ കർണ്ണൻ  അർജ്ജുനനോടാവശ്യപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ പക്ഷെ അപ്പോൾ കർണ്ണന്റെ ധർമ്മത്തെ ചോദ്യം ചെയ്യുന്നു.  ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചപ്പോഴും;  അരക്കില്ലത്തിലിട്ട് പാണ്ഡവരെ വധിക്കാൻ ശ്രമിച്ചപ്പോഴും; ശകുനി കള്ള പകിടയിൽ ചൂത് കളിച്ചപ്പോഴും;' രജസ്വലയായ പഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോഴും നിന്റെ ധർമ്മം എവിടായിരുന്നു എന്ന് കൃഷ്ണൻ ചോദിക്കുന്നു. ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ, അർജ്ജുനനെ വജ്രസമാനമായ ഒരസ്ത്രത്താൽ മോഹാലസ്യപ്പെടുത്തിയ ശേഷം കർണ്ണൻ താണുപോയ തന്റെ രഥചക്രം ഉയർത്താനായി വിജയമെന്ന വില്ല് താഴെ വച്ചിട്ട് ഉദ്യമിക്കുന്നു. ഈ സമയം സാരഥിയായ ശ്രീകൃഷ്ണൻ അർജുനനെ ശീതോപചാരം ചെയ്തു ഉണർത്തുകയും, നിരായുധനായി തേരുയർത്തുന്ന കർണ്ണനെ വധിക്കുവാൻ ഉപദേശിക്കുകയും ചെയ്യുന്നു. അർജുനനെതിരെ പ്രയോഗിക്കേണ്ട അസ്ത്രവിദ്യ മന്ത്രം  പരശുരാമ ശാപഫലമായി ആ സമയം  കർണ്ണൻ മറന്നു പോകുന്നു.തുടർന്ന് അർജുനൻ  ആഞ്ജലികം എന്ന അസ്ത്രത്താൽ നിരായുധനായ കർണ്ണന്റെ ശിരസ്സറുക്കുന്നു. കർണ്ണന്റെ ശരീരത്തിൽ നിന്നും ഒരു ദിവ്യ തേജസ് സൂര്യനിലേക്ക് പോയി ചേരുന്നു.



കർണ്ണവധം കഴിഞ്ഞ് പാണ്ഡവർ വിജയാഹ്ലാദം നടത്തുന്നു. കർണ്ണനെ ഭയന്ന് യുധിഷ്ഠിരൻ പതിമൂന്നു കൊല്ലം ശെരിക്കുറങ്ങിയിരുന്നില്ലെന്ന് അദ്ദേഹം തന്നെ കർണ്ണവധം നടന്ന ദിവസം പറയുന്നുണ്ട് .കർണ്ണന്റെ മരണത്തിൽ ഹൃദയം നുറുങ്ങിയ വേദനയിലും കുന്തി സംയമനം പാലിക്കുന്നു. പിന്നീട് കുരുക്ഷേത്ര യുദ്ധാനന്തരം മരിച്ചു പോയ ഗുരു കാരണവൻമാർക്കും ബന്ധുജനങ്ങൾക്കും പാണ്ഡവർ ഗംഗാ തീരത്ത് വച്ച് ബലി തർപ്പണം നടത്തുന്ന അവസരത്തിൽ കുന്തി പാണ്ഡവരോട് കർണ്ണന്റെ ജന്മരഹസ്യം വെളിപെടുത്തുന്നു. സത്യമറിഞ്ഞ പാണ്ഡവർ കർണ്ണനെയോർത്തു അതീവമായി ദു:ഖിക്കുകയും ബലിതർപ്പണങ്ങൾ അർപ്പിക്കുകയും ചെയ്തു .അതിനു ശേഷം മേലിൽ സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് ഇല്ലാതെ പോവട്ടെ എന്ന് യുധിഷ്ഠിരൻ കുന്തിയെ ശപിക്കുന്നുണ്ട്.



പിന്നീട് കർണ്ണ ഭാര്യ വൃഷാലിയെയും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ച  കർണ്ണപുത്രനായ വൃഷകേതുവിനെയും പാണ്ഡവർ കണ്ടെത്തുകയും, അവരെ സംരക്ഷിക്കുകയും  വളരെയധികം സ്നേഹിക്കുകയും ചെയ്തു. അർജുനൻ വൃഷകേതുവിനെ  പുത്ര സമാനം പരിപാലിച്ച്  അസ്ത്രവിദ്യ അഭ്യസിപ്പിക്കുകയും ചെയ്യുന്നുണ്ട്.


വീരനും പരാക്രമിയും ദാനശീലനുമായ കർണ്ണന്റ കഥ ഇവിടെ അവസാനിക്കുന്നു.

No comments:

Post a Comment