ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, September 6, 2017

ദൈവദശകവും ശ്രീനാരായണ ഗുരുദേവനും



SREENARAYANA-GURUതാത്വികവും ദാര്‍ശനികവുമായി ജാതി വ്യവസ്ഥയ്ക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ഉറച്ചുവിശ്വസിക്കുവാന്‍ ഹൈന്ദവദര്‍ശനത്തിലെ പാണ്ഡിത്യമാണ് ശ്രീനാരായണഗുരുദേവനെ സഹായിച്ചത് മഹാത്മാഗാന്ധി ശിവഗിരി സന്ദര്‍ശിച്ച അവസരത്തില്‍ ഗാന്ധി ചോദിച്ച എല്ലാ ചോദ്യത്തിനും നല്‍കിയ മറുപടി ഗാന്ധിജിയെ അത്ഭുതപ്പെടുത്തി.


ശിവഗിരിയിലെ ഒരു മാവു ചൂണ്ടിക്കാണിച്ചതിനുശേഷം ഇലകള്‍ പല വലുപ്പമുള്ളതാണ് അതുപോലെയാണ് ഹിന്ദുക്കളുടെ വൈവിധ്യം എന്നും എന്നാല്‍ എല്ലാ ഇലകളുടേയും രസം ഒന്നാണെന്നു ഗുരുദേവന്‍ വിശദീകരിച്ചു.


ഹൈന്ദവദര്‍ശനവും അദ്വൈതചിന്തയും സാക്ഷാത്കരിക്കാന്‍ ഗുരുദേവന്‍ 46 കൃതികള്‍ രചിച്ചു. 1888 ലെ ശിവരാത്രി നാളില്‍ രാത്രി 12 മണിക്ക് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അദ്ദേഹം നവോത്ഥാന പ്രക്രിയകള്‍ ആരംഭിച്ചു.



പ്രപഞ്ചം ഒരേ ഒരു ഈശ്വരസത്തയുടെ ആവിഷ്‌കാരമാണെന്ന തിരിച്ചറിവ് പ്രകൃതിയേയും മാനവികതയേയും സമന്വയിപ്പിക്കുന്നതായിരുന്നു. ആ യാഥാര്‍ത്ഥ്യബോധത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. സത്യവഴികളിലെ മലിനതകളെ നീക്കം ചെയ്തു ശുദ്ധീകരിക്കുവാനുള്ള ജീവിതവ്രതമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ സന്ന്യാസജീവിതം.



മിഥ്യയായ ലോകത്തിന്റെ സത്യമായ ആധാരം തേടിയുള്ള പ്രയാണമായിരുന്നു ആ ജീവിതം.


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് മാനവികതയുടെ അനന്തമായ ചേതനയെ ദര്‍ശിക്കുന്ന അറിവായിരുന്നു. തന്റെ പ്രപഞ്ചവീക്ഷണത്തെ തന്നില്‍തന്നെ കണ്ടെത്താനുള്ള വ്യഗ്രതയാണ് ശ്രീനാരായണ ഗുരുവിന്റെ സന്യാസജീവിതത്തെ ധന്യമാക്കിയത്.



ഭാരതീയ നവോത്ഥാനനായകരുടെ മുഖമുദ്ര അദ്വൈതമായിരുന്നു. ആയതിനാലാണ് സര്‍വഭൂതങ്ങളേയും തന്നിലെ ചൈതന്യമായി കാണുവാന്‍ സാധിച്ചത്. നടന്നുനീങ്ങിയ വഴികളില്‍ കണ്ട തടസ്സങ്ങളെ ശാന്ത ചിത്തതയോടെ നേരിട്ട് കലാപരഹിതമായ മാര്‍ഗങ്ങളിലൂടെ ഹൈന്ദവ നവോത്ഥാനത്തിന്റെ കാവലാളായി അദ്ദേഹം മാറി. എല്ലാ സിദ്ധാന്തങ്ങളും സനാതന സത്യത്തിലേക്കുള്ള വഴികളാണെന്ന് അദ്ദേഹം തെളിയിച്ചു.



ദൈവസൃഷ്ടിയായ മനുഷ്യന് പല ജാതിയാകുവാന്‍ തരമില്ല എന്നുള്ള സത്യം അദ്ദേഹത്തെ ദൈവദശകം പോലുള്ള കൃതികള്‍ എഴുതുവാന്‍ പ്രേരിപ്പിച്ചു. ‘നാനൃഷികവി’ (ഋഷിയല്ലാത്തവന്‍ കവിയല്ല) എന്ന തത്വമനുസരിച്ച് ഗുരുദേവന്‍ ഉശ്ശിനസ്സ് എന്ന ആദ്യ കവിയുടെ സമര്‍ശീര്‍ഷനായി വിരാജിക്കുന്നു. അരുവിപ്പുറം മുതല്‍ ആലുവ അദ്വൈതാശ്രമം വരെ നീണ്ടുകിടക്കുന്ന ആരാധനാ കേന്ദ്ര പ്രതിഷ്ഠയിലൂടെ ഈ ചൈതന്യഭാവനകളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നു.



1914 ല്‍ ആലുവായിലെ അദ്വൈതാശ്രമത്തിലുള്ള സംസ്‌കൃതഭാഷാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയെഴുതിയ പത്തുശ്ലോകമാണ് ദൈവദൈശകമെന്ന പ്രാര്‍ത്ഥനാഗീതമായത്.



ദൈവം എന്നതിന് ഇംഗ്ലീഷിലെ  ഗോഡ് എന്ന പദം ജനറേറ്റര്‍, ഒബ്‌സേര്‍വര്‍, ഡിസ്‌ട്രോയര്‍ എന്ന ഇംഗ്ലീഷ് പദങ്ങളുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നാണുണ്ടായത്. ദൈവം സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുകര്‍മങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ആത്മീയ ചൈതന്യമാണ്. ദൈവമെന്ന ജഗത് ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രാര്‍ത്ഥനയായതിനാല്‍ ദൈവദശകം വിശ്വമതപ്രാര്‍ത്ഥനയായി ഇന്ന് ജനങ്ങള്‍ അംഗീകരിക്കുന്നു. ഭാരതീയ ദര്‍ശനത്തിന്റെ പ്രഭാവം നാം ഈ കൃതിയില്‍ ദര്‍ശിക്കുന്നു.



ഒന്നാം ശ്ലോകത്തില്‍ ദൈവമേ അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണേ. സംസാരമാകുന്ന സമുദ്രം താണ്ടുവാനുള്ള തോണിയിലെ നാവികനായ അങ്ങയുടെ പാദത്തെ ഞാന്‍ വണങ്ങുന്നു. എന്നെ കൈവിടാതെ കാക്കുന്ന അങ്ങുതന്നെയാണ് എന്നെ കാക്കുന്നത് എന്ന ഉറപ്പ് ആത്മവിശ്വാസത്തെ കൂടുതല്‍ ദൃഢതരമാകുന്നു.



കൈവിടാതെ എന്നെ കാക്കണെ എന്ന പ്രാര്‍ത്ഥനയിലൂടെ ഭക്തന്‍ ഈശ്വരനെ പിടിക്കുന്നതിലും  ഉറപ്പ് ദൈവം ഭക്തനെ പിടിക്കുന്നതിലാണ് എന്ന ദൃഢത ഈ പ്രാര്‍ത്ഥനയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.



രണ്ടാം ശ്ലോകത്തില്‍ വേദാന്തത്തിന്റെ സൂക്ഷ്മത നമുക്ക് ദര്‍ശിക്കാം. ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ ഉണ്ടാകുന്ന അത്ഭുതകരമായ ആത്മദര്‍ശനത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഇന്ദ്രിയങ്ങള്‍  കൊണ്ടറിയാവുന്ന കാര്യങ്ങള്‍ അറിഞ്ഞു കഴിയുമ്പോള്‍ മനസ്സിന് വിഷയങ്ങള്‍ ഇല്ലാതെയാകും. അപ്പോള്‍ മനസ്സ് നിശ്ചലമാകുന്നു. ഈ അവസ്ഥയില്‍ ഞങ്ങളുടെ ഉള്ളം അങ്ങയില്‍ നിഷ്പന്ദമാകുമെന്ന ആത്മതത്വത്തേയാണ് ഈ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചത്.



പരമാത്മാവുമായി ചേരാന്‍ ജീവാത്മാവിനെ തയ്യാറാക്കുന്ന ഭാരതീയ ചിന്തയെ ഇവിടെ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം ഭൗതികതയെ തള്ളിക്കളയാതെ മൂന്നാം ശ്ലോകത്തില്‍ ഭക്ഷണവും വസ്ത്രവും മുട്ടാതെ തന്നെ ഞങ്ങളെ രക്ഷിക്കുന്ന അങ്ങുതന്നെയാണ് ഞങ്ങളുടെ തമ്പുരാന്‍ എന്ന് സൂചിപ്പിക്കുകയാണ്. അടിയാന്‍ ഉടയോന്‍ ബന്ധത്തിന്റെ നിരര്‍ത്ഥകതയെ വിളിച്ചറിയിക്കുകയും ജഗദീശ്വരന്റെ മഹത്വം ഉറപ്പിക്കുകയും ചെയ്യുന്നു.



നാലാം ശ്ലോകത്തില്‍ ആഴംകൊണ്ട് മഹത്തരമായ സമുദ്രത്തിലെ കാറ്റും അതിലൂടെ  രൂപപ്പെടുന്ന തിരകളും പോലെ ദൈവമഹിമയെ ബന്ധപ്പെടുത്തുന്നു. അങ്ങയുടെ മായയിലൂടെ രൂപപ്പെടുന്ന മഹിമകളെ എന്റെ മനസ്സിന് ബോധ്യമാക്കുവാന്‍ അങ്ങ് എന്റെ ഉള്ളില്‍ വസിക്കണമെന്ന് അപേക്ഷിക്കുകയാണ്.



എന്റെ ശരീരത്തെ ദൈവത്തിന്റെ വാസഗൃഹമാക്കുവാനുള്ള വിശാലമായ ആദ്ധ്യാത്മിക തത്വം ഹൈന്ദവദര്‍ശനത്തിന്റെ സാരാംശമാണ്. എന്നെ സൃഷ്ടിച്ചതും സൃഷ്ടിക്കുള്ള സാമഗ്രികളും ഞാനെന്ന സൃഷ്ടിരൂപവും എല്ലാം ദൈവം തന്നെയാണെന്ന വിശാലമായ അര്‍ത്ഥതലങ്ങള്‍ അഞ്ചാം ശ്ലോകം വിളിച്ചറിയിക്കുകയാണ്. സൃഷ്ടിക്കുള്ള വസ്തുക്കളും സൃഷ്ടിക്കുനിമിത്തമായ കാരണങ്ങളും ഈശ്വരന്‍തന്നെയാണ് എന്നിവിടെ സൂചിപ്പിക്കുന്നു.


ശ്രീശങ്കരന്റെ മായാവാദം ആറാം ശ്ലോകത്തില്‍ കടന്നുവരുന്നു. മായയും മായാവിയും മായകൊണ്ട് വിനോദിക്കുന്നവനും മായയെമാറ്റി സായൂജ്യം നല്‍കുന്ന ശ്രേഷ്ഠനും ദൈവംതന്നെയാണ് എന്നിവിടെ അടിവരയിടുന്നു. മായാശക്തികൊണ്ടാണ് പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയുമ്പോള്‍ മിഥ്യയായ ലോകത്തിന്റെ സത്യമായ ആധാരത്തെ പ്രകടമാക്കുകയാണ്. അതേപോലെ സത്യവും ആനന്ദവും ഭൂത, ഭാവി, വര്‍ത്തമാനങ്ങളും നമ്മുടെ വാക്കുകളും എല്ലാം അതിന്റെ  പിന്നിലെ ദൈവികശക്തിയുടെ ആവിഷ്‌കാരങ്ങളാണെന്ന് ഏഴാം ശ്ലോകം നമ്മെ പഠിപ്പിക്കുന്നു.


അകത്തും പുറത്തും ഒരുപോലെ തിങ്ങിനിറഞ്ഞിരിക്കുന്ന മഹിമയാര്‍ന്ന ഭഗവദ്പാദത്തെ ഞങ്ങള്‍ അകമഴിഞ്ഞ് പുകഴ്ത്തുന്നു. ഭഗവാനെ അങ്ങയുടെ നാമം എങ്ങും മുഴുങ്ങുവാനായി ജയഭേരി മുഴക്കിയാലും. ദീനരും ദുഃഖിതരുമായവരെ സംരക്ഷിക്കുന്ന അല്ലയോ മഹാദേവാ! അങ്ങ് ജയിച്ചാലും. കാരുണ്യക്കടലായി ചിത്തിന് ആനന്ദം നല്‍കുന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അതിനോടൊപ്പം അങ്ങയുടെ പ്രകാശം നിറഞ്ഞുനില്‍ക്കുന്ന ആഴിയില്‍ മുഴുവനായി ലയിക്കുവാനും അവിടെ സുഖമായി വസിക്കുവാനും ഇടയാക്കുമാറാകണമെന്ന പ്രാര്‍ത്ഥനയോടെ ദൈവദശകം അവസാനിക്കുകയാണ്.



കാലം നല്‍കിയ കയ്പുനീരിനെ ഏകാന്തമായ തപസ്സിലൂടെ മധുരമയമാക്കിയ വിശ്വഗുരുവിന്റെ ദര്‍ശനങ്ങളെ ലളിതപദങ്ങളെക്കൊണ്ട് സാക്ഷാല്‍ക്കരിച്ച ദശകമാണ് ദൈവദശകം. ആട്ടിപ്പായിക്കപ്പെട്ടവരുടെ ആരാധനാസ്വാതന്ത്ര്യത്തിന് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പുതിയ മാനം നല്‍കിയ ഗുരുദേവനു മാത്രമേ ഇത്തരം സൃഷ്ടികള്‍ നടത്തുവാന്‍ സാധിക്കൂ. കവിത്വം നിറഞ്ഞുതുളുമ്പിയ കാവ്യോപാസകനായതുകൊണ്ട് തത്വദര്‍ശനങ്ങളെ കവിത്വത്തിന്റെ ഉരകല്ലില്‍ ചാലിച്ച് മിനുസപ്പെടുത്തി സാധാരണക്കാരന് നല്‍കുവാന്‍ സാധിച്ചു.



ദൈവദശകം പോലുള്ള കൃതികളാണ് ജാതിവാദികളെ എതിര്‍ക്കാതെ ജാതിനവീകരണം എന്ന മായാജാലം കേരളമണ്ണില്‍ നട്ടുവളര്‍ത്തുവാന്‍ ഇടയാക്കിയത്. സനാതനസംസ്‌കാരത്തിന്റെ സത്തയാണ് ദൈവദശകത്തിന്റെ അര്‍ത്ഥതലങ്ങളെ ദീപ്തമാക്കുന്നത്. 1914 ല്‍ രചിച്ച ദൈവദശകം ഇരുപത്തിരണ്ടാണ്ട് പിന്നിടുമ്പോള്‍ 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് കരുത്തുപകര്‍ന്നു. ആരോടും പരിഭവമില്ലാതെ എല്ലാവരെയും തലോടുവാനായി കണ്ടെത്തിയ ഉപാധിയെന്ന നിലക്ക് ദൈവദശകം കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. പച്ചയായ മനുഷ്യന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ തൊട്ടുണര്‍ത്തിയ കൃതിയാണ് ദൈവദശകം.



സ്‌നേഹസഹനങ്ങളുടെ പാതയിലൂടെ മനസ്സുകളെ ആര്‍ദ്രതകൊണ്ട് നിറയ്ക്കുവാനും ഊഷരമായ മനസ്സുകളെ ഉര്‍വ്വരതയുടെ പടവുകള്‍ കയറുവാനും ദൈവദശകം സഹായിക്കുന്നു. നൂറാം വയസ്സിന്റെ നിറവിലും യുവതയുടെ ചൈതന്യം ദൈവദശകത്തിന് നഷ്ടമാകുന്നില്ല. മലയാളമനസ്സില്‍ മൂകവും ഭാവാത്മകവുമായി അലിഞ്ഞുചേര്‍ന്ന നന്മയുടെ ശകലങ്ങളെ മൂടിക്കിടന്ന മലിനപടലങ്ങളെ നീക്കുവാന്‍ ശ്രീനാരായണഗുരുദേവന്റെ ദൈവദശകത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്


രാജമോഹന്‍ മാവേലിക്കര

No comments:

Post a Comment