നിത്യപൂജയ്ക്ക് കഴിവുപോലെ എല്ലാവരും പങ്കെടുക്കണം. അഷ്ടമിക്ക് വിശേഷാല്‍ പൂജയും വേണം. പണ്ട് ദക്ഷയാഗം മുടക്കാനായി ദേവി, ഭദ്രകാളിയായി ഒരുകോടി യോഗിനിമാരുമായി പിറന്നുവത്രേ! അതുകൊണ്ട് അഷ്ടമീപൂജ അതിവിശേഷമാണ്. സുഗന്ധദ്രവ്യങ്ങള്‍, മാലകള്‍, കുറിക്കൂട്ട്, ഹോമം, ബ്രാഹ്മണഭോജനം, പഴം, പായസം, തുടങ്ങിയ വസ്തുക്കള്‍ പൂജയ്ക്ക് ഉപയോഗിക്കാം. ഒന്‍പതു ദിവസം ഉപവസിക്കാന്‍ ആവാത്തവര്‍ മൂന്നു നാള്‍ ഉപവസിച്ചാലും മതി. അഷ്ടമി, സപ്തമി, നവമി നാളുകളില്‍ ഭക്തിയോടെ ഭജിക്കുന്നവര്‍ക്ക് ഉത്തമഫലം നിശ്ചയമാണ്. പൂജ, ഹോമം, ബ്രാഹ്മണഭോജനം, കുമാരീപൂജ എന്നിവയാണ് പ്രധാന കാര്യങ്ങള്‍.
നവരാത്രിപൂജയ്ക്ക് സമാനയി മറ്റു പൂജകള്‍ ഒന്നുമില്ല. ധനധാന്യ സൗഭാഗ്യ സമ്പത്തുകള്‍, ആയുരാരോഗ്യം, സന്താനവൃദ്ധി എന്നിവയ്ക്ക് നവരാത്രി പൂജ അത്യുത്തമം. വിദ്യാര്‍ത്ഥിക്ക് വിദ്യാവിജയം, രാജ്യഭ്രഷ്ടന് രാജ്യം, എന്നുവേണ്ട അഭീഷടങ്ങളെ സാധിപ്പിക്കാന്‍ ഇതിലും ഉത്തമമായ പൂജകള്‍ വേറെയില്ല. മുജ്ജന്മങ്ങളില്‍പ്പോലും ഈ വ്രതം നോക്കാത്തവര്‍ക്ക് ആധിയും വ്യാധിയും ഇപ്പോള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല. വന്ധ്യത, ദാരിദ്ര്യം, വൈധവ്യം ഇവ സൂചിപ്പിക്കുന്നത് ആ വ്യക്തി ഈ വ്രതം ഒരിക്കലും ചെയ്തിട്ടില്ല എന്നാണ്. ഭൂമിയിലെ ഐശ്വര്യം, മരണാനന്തര സൗഭാഗ്യം ഇവയ്‌ക്കെല്ലാം നവരാത്രിപൂജ ഉത്തമം. വില്വപത്രത്തില്‍ രക്തചന്ദനം പുരട്ടി ഭവാനിയെ അര്‍ച്ചിച്ചാല്‍ അവന് രാജപദവി ലഭ്യം.
നിത്യകല്യാണദായിനിയും മംഗള സ്വരൂപയുമായ അമ്മയെ പൂജിക്കാത്തവര്‍ക്ക് ദുഃഖം സഹജമായും ഉണ്ടാവും. വിഷ്ണു, ശങ്കരന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, കുബേരന്‍, വരുണന്‍, ആദിത്യന്‍ തുടങ്ങിയവര്‍ അവരുടെ സര്‍വ്വവിധങ്ങളായ കഴിവുകളും നേടിയത് ഭഗവതിയെ പൂജിച്ചിട്ടാണ്. എന്നിട്ടും മനുഷ്യര്‍ എന്തുകൊണ്ടാണ് ആ ദേവിയെ അവലംബമാക്കാത്തത്? സ്വാഹാ, സ്വധാ എന്നീ രണ്ടു നാമങ്ങള്‍ക്കുള്ള മന്ത്രശക്തി കാരണം വിപ്രന്മാര്‍ മന്ത്രാവസാനം ഈ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നു. ഇതിനാല്‍ ദേവന്മാരും പിതൃക്കളും സന്തോഷിക്കുന്നു.
ആരുടെ കല്‍പനയാലാണോ ബ്രഹ്മാവ് വിശ്വസൃഷ്ടി ചെയ്യുന്നത്, ആരുടെ നിയന്ത്രണത്തിലാണോ വിഷ്ണുഭഗവാന്‍ സ്ഥിതികര്‍മ്മം അനുഷ്ഠിക്കുന്നത്, ആരുടെ കീഴിലാണോ ശങ്കരന്‍ സകലതിനെയും സംഹരിക്കുന്നത്, ആ ദേവിയെ ഭജിക്കാന്‍ മനുഷ്യനെന്താണ് മടി? ദേവാസുരതിര്യക്കുകള്‍ എന്നുവേണ്ട സകല ചരാചരങ്ങള്‍ക്കും ലോകത്തില്‍ എങ്ങും എന്തിനും ഏതിനും ഒരു ചെറു ചലനം നടത്തണമെങ്കിലും ദേവിയുടെ കൃപ കൂടിയേ കഴിയൂ. സര്‍വ്വാര്‍ത്ഥപ്രദായിനിയും, ചണ്ഡികയും, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പ്രദാനം ചെയ്യുന്നവളുമായ ഭഗവതിയെ ആരാണ് ഭജിക്കാതിരിക്കുക? മഹാപാപിയാണെങ്കിലും അവന്‌പോലും നവരാത്രി വ്രതം നോല്‍ക്കാം. അവന്റെ പാപത്തിനങ്ങനെ ശമനമാവുന്നു.
No comments:
Post a Comment