ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 22, 2017

പൂമ്പൊടി വീണപൂവും വീഴാത്തപൂവും - അമൃതവാണി




ഒരുഘട്ടമെത്തിയാല്‍ പ്രഗതി സ്വതേ സംഭവിക്കാന്‍ തുടങ്ങുന്നു. അവിടെ തന്നിലുണ്ടാകുന്ന മാറ്റം സാധകന്‌ സ്വയം അറിയാനാവുകയില്ല. പ്രയത്നം അപ്രസക്തമായി തീരുന്ന ഘട്ടത്തില്‍ തനിക്ക്‌ പുരോഗതി ഉണ്ടാകുന്നുണ്ടോ എന്ന്‌ സാധകന്‌ സംശയമുണ്ടാകാം. എന്നാല്‍ സാധകനെ അവിടെവരെ എത്തിച്ച ഗുരു അവനിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ശൂന്യാകാശത്തിലെത്തിയ ഉപഗ്രഹത്തെ ശാസ്ത്രജ്ഞന്മാര്‍ ഭൂമിയില്‍ ഇരുന്നുകാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നപോലെ. ശൂന്യാകാശ വാഹനത്തിനകത്തിരിക്കുന്നയാള്‍ക്ക്‌ താനെങ്ങോട്ടാണ്‌ നീങ്ങുന്നതെന്നു സ്വയം അറിയാന്‍ വിഷമമാണ്‌. പൂമ്പൊടി വീണപൂവും വീഴാത്ത പൂവും കാണാനൊരുപോലെ. എന്നാല്‍ പരാഗണം നടന്നതു മാത്രമേ കായ ആയി മാറുകയുള്ളൂ. അതുപോലെ, ഗുരുവിനറിയാം, ശിഷ്യനില്‍ താന്‍ തൂകിയിരിക്കുന്ന കൃപ യഥാസമയം ഫലവത്താകാതെ വയ്യെന്ന്‌. സാധക നെ സംബന്ധിച്ച്‌ ഈ ഇടവേള അനിശ്ചിതമായൊരു കാത്തിരിപ്പാണ്‌. തന്റെ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ ചെയ്തുകഴിഞ്ഞു. ഇനിയൊന്നും ചെയ്യാനില്ല. പ്രതീക്ഷയും നിരാശയുമില്ലാതെ കാത്തിരിക്കേണ്ടിവരുന്ന ഘട്ടമാണത്‌. അതേസമയം ഗുരു സാധകന്റെ സ്വത്വവികാസം ലക്ഷ്യത്തിലേക്ക്‌ അടുക്കുന്നതു കണ്ട്‌ ആനന്ദിക്കുകയാണ്‌. ഏതുനിമിഷവും അത്‌ സംഭവിക്കാം. എവിടെ വച്ചുമാകാം. തികച്ചും അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തിലാകും ഗുരുകൃപയുടെ കാറ്റ്‌ സാധകനെ കരയ്ക്കടുപ്പിക്കുന്നത്‌. ആത്മാനുഭൂതി പൊട്ടിവിരിയുന്നത്‌ നിമിഷാര്‍ധം കൊണ്ടാണ്‌. അതിന്‌ തൊട്ടുമുമ്പുവരെയും സാധകനുകൂടി തനിക്ക്‌ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ ഒന്നും അറിയുന്നുണ്ടാകില്ല.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment