ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, September 7, 2017

യശ്വസിയായ കര്‍ണ്ണന്‍



സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹാഭാരത കഥയിലെ ഏറ്റവും ശ്രേഷ്ട്ടനായ കഥാപാത്രത്തെയാണ് ഞാനിവിടെ സ്മരിക്കുന്നത്. 


അറിവില്ലാത്ത സമയത്ത് കുന്തിദേവിക്ക് സംഭവിച്ച ആ  അബദ്ധതിന് അത്രയും വലിയ വില പണയപ്പെടുത്തേണ്ടതായി വന്നു. കർണ്ണന്റെ ജന്മരഹസ്യം മറച്ചുവെച്ചത് അതിലും വലിയ അപരാധമായി  ധർമ്മപുത്രൻ ചൂണ്ടികാണിക്കുന്നു. കാരണം കുന്തിദേവി മൂടിവെച്ചത് കറയിലാത്ത തേജോമയനായ രത്നത്തെയാണ്. പക്ഷെ തന്റെ വിധിയെ പഴിച്ചു കൊണ്ട് കർണ്ണൻ ജീവിതം പാഴാക്കിയില്ല. തന്റെ ഉള്ളിൽ കുടികൊള്ളുന്ന ആ മഹാശക്തികളെയെല്ലാം അദ്ദേഹം മൂർച്ചയേറിയ ആയുധങ്ങളാക്കി. ഗുരു ദ്രോണർ നിരസിച്ചപ്പോൾ ദ്രോണരുടെ ഗുരുവിൽ നിന്നും കർണ്ണൻ അറിവുനേടി. അവയെ നേർക്കുനേരെ എതിരിടാൻ ഒരു വ്യക്തിക്കും കഴിയുമായിരുന്നില്ല എന്നതായിരുന്നു സത്യം. കാരണം സൂര്യന്റെ  കവചവും പരശുരാമാന്റെ   ശിഷ്യത്വവും  അദ്ദേഹത്തിന് പ്രാപ്തമായിരുന്നു. ജീവിതകാലം മുഴുവനും വെല്ലുവിളികൾ നേരിടേണ്ടി വന്ന ആ മഹാരഥൻ, ഒരിക്കൽ പോലും പരാജയപ്പെടുവാൻ തയാറല്ലായിരുന്നു. അസ്ത്ര-ശാസ്ത്രങ്ങള്ളിൽ അദ്ദേഹത്തിന് മറ്റേതൊരു യോദ്ധാവിനെക്കാളും പ്രാവിണ്യമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ബാണങ്ങൾ സാക്ഷാൽ സൂര്യഭഗവാന്റെ കിരണങ്ങൾ തന്നെയായിരുന്നു.


      അദ്ദേഹത്തിൻറെ  കഴിവുകളെ  മനസ്സിലാക്കി അംഗീകരിച്ച ഒരേയൊരു വ്യക്തിയായിരുന്നു യുവരാജാവ് ദുര്യോധനൻ. കർണ്ണൻ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് അദ്ദേഹത്തിന്റെ കരങ്ങളാണ് സഹായത്തിനെത്തിയത്. അങ്ങനെ കർണ്ണൻ എന്ന യോദ്ധാവ് തിന്മയുടെ പക്ഷത്ത് നിലകൊളേണ്ടതായി വന്നു. ഒരുപക്ഷെ ജാതിവ്യവസ്തകളുടെ മതിൽക്കെട്ടുകൾ പൊട്ടിച്ചെറിന് ധർമ്മപക്ഷത്തുള്ള ആരെങ്കിലും അദ്ദേഹത്തെ സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടതെലാം തിരികെ ലഭിക്കുമായിരുന്നു. എല്ലാമറിയുന്ന ഭഗവാൻ ശ്രീകൃഷ്ണനും, പിതാമഹൻ ഭീഷ്മരും ഈ കാര്യം ഒരിക്കൽ പോലും വെളിപ്പെടുത്തുവാൻ തയാറല്ലായിരുന്നു.

തനിക്ക് അർഹമായ സ്ഥാനമാനങ്ങൾ അദ്ദേഹത്തെ ഒരിക്കൽ പോലും മോഹിപ്പിച്ചിരുന്നില്ല. മഹാഭാരതത്തിൽ ധർമ്മം വിജയിച്ചത് കർണ്ണനെ പോലുള്ളവരുടെ ധാർമിക മൂല്യങ്ങളാലാണ്, തന്റെ വാക്കുകൾക്ക് ജീവന്റെ വില കൊടുത്ത ഈ മഹാരഥന്റെ  ബലഹീനതയെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ ആയുധമാക്കി  എതിരെ പ്രയോഗിച്ചത്,  കാരണം ധനുസ്സുയർത്തി നിൽക്കുന്ന കർണ്ണനെ വധിക്കുക അസാധ്യമാണെന്ന് ഭഗവാനറിയാമായിരുന്നു.  അത്രയും വല്യ അപരാധം പ്രവർത്തിച്ച തന്റെ മാതാവിനെ കർണ്ണൻ ഒരു നോക്കുപോലും വെറുത്തിരുന്നില്ല. സത്യം അറിഞ്ഞ അദ്ദേഹം ഒരിക്കലും അവകാശം സ്ഥാപിക്കാൻ പരിശ്രമിച്ചില്ല, മറിച്ച് മാതാവിനെ ആ കളങ്കത്തിൽ നിന്ന് സംരക്ഷിക്കുവാനാണ് പരിശ്രമിച്ചത്.  


ദാനത്തേക്കാൾ മഹാസ്നാനം ഇല്ലെന്നു വിശ്വസിച്ച അദ്ദേഹം, തന്റെ ശരീരത്തിന്റെ ഭാഗമായ കവചവും കുണ്ഡലിനിയും അദ്ദേഹം ദാനമായി അറത്തുനൽകിയപ്പോൾ ദേവാധിദേവൻ പോലും ആ സമർപ്പണത്തിൽ ആശ്ചര്യപ്പെട്ടു. ആ വലിയ മനസ്സിന്റെ ഉടമയെ ആരും തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു സത്യം. മഹാഭാരതകഥയിൽ ഇത്രയും വ്യക്തിപ്രഭാവമാർന്ന മറ്റൊരു യോദ്ധാവിനെ ദർശിക്കുവാൻ പ്രയാസമാണ്. കാരണം മരണശയ്യയിലാണ് അദ്ദേഹത്തിന് തന്റെ മാതാവിന്റെയും, സഹോദരങ്ങളുടെയും  വാത്സല്യവും സ്നേഹവും പോലും  പ്രാപ്തമായത്. തന്റെ മാതാവിന്റെ മടിയിൽ പാപ്ഭാരങ്ങളെല്ലാം തന്നെ ഇറക്കിവെച്ചുകൊണ്ടാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. തന്റെ കഴിവിലും ശക്തിയിലും വിശ്വാസമർപ്പിച്ച് പ്രയത്നിച്ചാൽ ഏതൊരു സാധാരണക്കാരനും ജീവിതലക്‌ഷ്യം സഫലമാക്കാമെന്ന് കർണ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചൈതന്യവും വീരഗാഥകളും      ഏതൊരു വ്യക്തിയെയും   അമാനുഷികനാക്കും.
           

No comments:

Post a Comment