ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, September 21, 2017

നവരാത്രി വ്രതമഹിമ

kris

പണ്ട് ദരിദ്രനായൊരു വൈശ്യന്‍ കോസലരാജ്യത്ത് ജീവിച്ചിരുന്നു. അവന് പുത്രഭാഗ്യം വേണ്ടുവോളം ഉണ്ടായിരുന്നു, എന്നാല്‍ അഷ്ടിക്ക് വകയില്ല. രാത്രി ഒരുനേരം ഭക്ഷണം. അന്യന്റെ വീട്ടുവേല ചെയ്താണ് അതുപോലും സംഘടിപ്പിക്കുന്നത്. ഈ ദാരിദ്ര്യത്തിലും അദ്ദേഹം സത്യത്തില്‍ അടിയുറച്ചവനും സാത്വികനും ശാന്തനും ധര്‍മ്മിഷ്ഠനും ആയിരുന്നു. ആരോടും പകയില്ല, ധൂര്‍ത്തില്ല.

സമ്പന്നനല്ലെങ്കിലും പിതൃക്കള്‍, ദേവതകള്‍, അതിഥികള്‍, തന്റെ സംരക്ഷണത്തില്‍ ഉള്ളവര്‍ എന്നിവരെ കഴിവനുസരിച്ച് ഊട്ടിയാണ് അദ്ദേഹം കാലം കഴിച്ചത്. സദ്‌വൃത്തനായ അയാള്‍ ഒരു ബ്രാഹ്മണന്റെ അടുക്കല്‍ ചെന്ന് ഉപദേശം ചോദിച്ചു. ‘ഭഗവന്‍, എങ്ങനെയാണ് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക? എനിക്ക് ധനികനാവാന്‍ ആശയില്ല. കുടുംബം പോറ്റണമെന്നേയുള്ളൂ. വിശന്ന് കരയുന്ന എന്റെ പേരക്കുട്ടിക്ക് ഒരുപിടി ചോറ് നല്‍കാന്‍ കഴിയാതെ ഞാനവനെ പറഞ്ഞയച്ചു. അതിനെക്കുറിച്ചോര്‍ത്ത് ഉള്ള്‌നീറി ഞാനിരിക്കുന്നു.


പണമില്ലാതെ എന്തുചെയ്യും? മകള്‍ക്കാണെങ്കില്‍ പത്ത്‌വയസ്സ് കഴിഞ്ഞു. അവളുടെ കല്യാണത്തിനും പണം വേണം. മഹാമതേ, ദയവായി പറയൂ, തപസ്സോ, ദാനമോ, വ്രതമോ ഏതാണ് ദാരിദ്ര്യമോചനത്തിന് ഉത്തമായുള്ളത്? എനിക്ക് ധനമോഹമില്ല. കഴിഞ്ഞു കൂടണം, അത്ര തന്നെ. അങ്ങയുടെ അനുഗ്രത്താല്‍ എന്റെ കുടുംബത്തിന് മംഗളം ഭവിക്കട്ടെ. അങ്ങുതന്നെ ചിന്തിച്ചൊരുപായം പറഞ്ഞു തരണം.

വിപ്രന്‍ ഇതിന് മറുപടിയായി പറഞ്ഞു: വൈശ്യരില്‍ ഉത്തമനായ മഹാനുഭാവാ, അങ്ങ് നവരാത്രി വ്രതം നോല്‍ക്കൂ. ദേവീയജ്ഞം, പൂജനം, വിപ്രഭോജനം, വേദപാരായണം, ഹോമം ഇവയെല്ലാം അങ്ങയുടെ കഴിവിനൊത്ത് ചെയ്താലും.


മനുഷ്യര്‍ക്ക് ചെയ്യാന്‍ ഇതിലും പവിത്രമായ മറ്റൊന്നില്ല. നിനക്ക് ജ്ഞാനമോക്ഷങ്ങളും ഗൃഹസുഖവും, ശത്രുനാശവും ഉണ്ടാവും സംശയമില്ല. രാജ്യവും പത്‌നിയും നഷ്ടമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ കിഷ്‌കിന്ധയില്‍ വെച്ച് ഈ വ്രതം അനുഷ്ടിച്ചിട്ടുണ്ട്. സീതാവിരഹത്തീയിലും അദ്ദേഹം ദേവിയെ പൂജിച്ചു. അങ്ങിനെയാണ് ഒടുവില്‍ സേതുബന്ധിച്ച് ലങ്കയില്‍ചെന്ന് രാവണനെ തോല്‍പ്പിച്ച് സീതയെ അദ്ദേഹം വീണ്ടെടുത്തത്.

ഇന്ദ്രജിത്തിനെയും കുംഭകര്‍ണ്ണനെയും കൊന്ന് വിഭീഷണനെ രാജ്യമേല്‍പ്പിച്ച് തിരിച്ചു വന്ന രാമന്‍ ‘രാമരാജ്യം’ വാണു. നവരാത്രിവ്രതത്തിന്റെ മഹിമയാണ് ഇത് കാണിക്കുന്നത്.’ ഈ വാക്കുകള്‍ കേട്ട് ആ വൈശ്യന്‍ ബ്രാഹ്മണനെ ഗുരുവാക്കി മായാ ബീജമന്ത്രം സ്വീകരിച്ചു. നവരാത്രിയില്‍ ഏറ്റവും ഭക്തിയോടെ അദ്ദേഹം പൂജകള്‍ ചെയ്തു.

കഴിവൊത്തവണ്ണം നാനാവിധ വസ്തുക്കള്‍ അര്‍ച്ചിച്ച്‌ദേവിയെ പ്രീതിപ്പെടുത്തി. അങ്ങനെ ഒന്‍പതു വര്‍ഷം അദ്ദേഹം നവരാത്രി വ്രതം അനുഷ്ഠിച്ചു. ഒന്‍പതാം വര്‍ഷം നവരാത്രിപൂജയ്ക്കിടയ്ക്കിടയിലെ അഷ്ടമി ദിവസം അര്‍ദ്ധരാത്രി സാക്ഷാല്‍ ജഗദംബിക അദ്ദേഹത്തിന് പ്രത്യക്ഷയായി. ആ മഹേശ്വരി സകലവിധ ഐശ്വര്യങ്ങളും നല്‍കി അദ്ദേഹത്തെ കൃതകൃത്യനാക്കി.

No comments:

Post a Comment