ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 2, 2017

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം - 02


MOOKAMBIKA
മൂകാംബികാ മൂകഹന്ത്രീ മുകാനാം വാശ്വിഭൂതി ദാ മുഖ്യശക്തിര്‍മഹാലക്ഷ്മീര്‍മൂലമന്ത്ര സ്വരൂപിണി
1. മൂകാംബികഃ – മൂകാസുരവധം മൂകാസുരന് രണ്ടുതരത്തില്‍ അനുഗ്രഹമായി. അതു വ്യക്തമാകാന്‍ മറ്റൊരു ഐതിഹ്യം പരിശോധിക്കണം.

ഭാഗവതത്തിലും ശൈവപുരാണങ്ങളിലും പരാമൃഷ്ടനായ വീരഭദ്രന്‍ മുനിശാപംകൊണ്ട് രാക്ഷസനും മൂകനുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം. ശിവനെ നിന്ദിക്കാന്‍വേണ്ടി ബ്രഹ്മാവ് മറ്റെല്ലാ ദേവന്മാരെയും ക്ഷണിച്ചുവരുത്തി ആദരിച്ചു. ശ്രീപരമേശ്വരനെയും അദ്ദേഹത്തിന്റെ പത്‌നിയും തന്റെ പുത്രിയുമായ സതീദേവിയെയും മാത്രം ക്ഷണിച്ചില്ല.

അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാനും അവിടെ എത്തിയിട്ടുള്ള തന്റെ സഹോദരിമാരെയും ബന്ധുക്കളെയും കാണാനുമുള്ള ആഗ്രഹംകൊണ്ട് സതീദേവി ഭര്‍ത്താവിനെക്കൂടാതെ യാഗശാലയിലെത്തി. ക്ഷണിക്കാതെ ചെന്നെത്തിയ പുത്രയെ ദക്ഷന്‍ അധിക്ഷേപിച്ചു. കൂടാതെ ശ്രീപരമേശ്വരനെ നിന്ദിക്കുകയും ചെയ്തു. അപമാനിതയായ സതീദേവി യാഗാഗ്നിയില്‍ ശരീരമുപേക്ഷിച്ചു. ഇതറിഞ്ഞു കോപിച്ച ശ്രീപരമേശ്വരന്‍ തന്റെ ജടകളിലൊന്നു പറിച്ചെടുത്തു നിലത്തടിച്ചു. അതില്‍നിന്നു വീരഭദ്രന്‍ എന്ന ശക്തനായ യോദ്ധാവുണ്ടായി.

ദക്ഷയാഗം മുടക്കാന്‍ വീരഭദ്രനെ ഭഗവാന്‍ നിയോഗിച്ചു. ഭൂതഗണങ്ങളോടൊപ്പം യാഗശാലയിലെത്തിയ വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സു മുറിച്ചെടുത്ത് അഗ്നിയില്‍ ഹോമിച്ചു. ദക്ഷന്റെ ക്ഷണപ്രകാരം അവിടെയെത്തിയിരുന്ന യജ്ഞാചാര്യന്മാരായ മുനിമാരെ പലതരത്തില്‍ അംഗഭംഗംവരുത്തുകയും പലരെയും വധിക്കുകയും ചെയ്തു. ദേവന്മാരെ പലതരത്തില്‍ നിന്ദിച്ചു. അവിടെ ദക്ഷന്‍ മാത്രമായിരുന്നു ശിക്ഷാര്‍ഹന്‍. പ്രജാപതിയായ ദക്ഷന്റെ ക്ഷണമനുസരിച്ചെത്തിയവരും ആജ്ഞ അനുസരിച്ചവരും നിരപരാധികളാണ്. നിരപരാധികളായ ഞങ്ങളെ നിന്ദിച്ച നീ മൂകനും രാക്ഷസനെപ്പോലെ പെരുമാറിയതിനാല്‍ രാക്ഷസനുമായിത്തീരട്ടെ എന്ന് മുനിമാര്‍ വീരഭദ്രനെ ശപിച്ചു.

തന്റെ തെറ്റു തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞ വീരഭദ്രന് ”നിന്റെ പിതാവിനെ ആക്രമിക്കുന്ന ദിവസം പരാശക്തി നിനക്ക് സ്വന്തരൂപവും ഭാഷണശക്തിയും ദേവിയെ സദാ സേവിക്കാനുള്ള അനുഗ്രഹവും തരും” എന്ന് അവര്‍ ശാപമോക്ഷം കൊടുത്തു. ശങ്കരന്റെ അവതാരമായ ശങ്കരാചാര്യരെ വധിക്കാന്‍ ആയുധമുയര്‍ത്തിയ മൂകാസുരന് ദേവിയുടെ ശൂലാഘാതമേറ്റതോടെ പഴയരൂപവും ഭാഷണശക്തിയും തിരിച്ചുകിട്ടി.

ദേവിയുടെ പരിചാരകനും അംഗരക്ഷകനുമായി ആചാര്യസ്വാമികള്‍ വീരഭദ്രനെ ദേവിയുടെ പീഠത്തിനടുത്തു പ്രതിഷ്ഠിച്ചു. മൂകാംബികാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ വീരഭദ്രനെ ദര്‍ശിച്ച് അനുവാദം വാങ്ങിയശേഷം ദേവിയെ ദര്‍ശിക്കണമെന്നാണു ക്ഷേത്രാചാരം. മൂകാസുരനു മോചനവും വാക്കും കൊടുത്തു വീര്‍ഭദ്രനാക്കിയതിനാല്‍ ദേവിക്കു മൂകാംബിക എന്നുപേര്. മൂക കവിക്കു വാഗ്വിലാസം കൊടുത്തതുകൊണ്ടും മൂകാംബിക.

വീരഭദ്രനുമായി ബന്ധപ്പെട്ട മറ്റൊരൈതിഹ്യവും പ്രചാരത്തിലുണ്ട്. തുടര്‍ന്നുവരുന്ന നാമങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ ഐതിഹ്യങ്ങള്‍ സഹായകമാകുമെന്നതുകൊണ്ടാണ് ഇവ ഇവിടെ ചേര്‍ക്കുന്നത്. വീരഭദ്രന്‍ ദക്ഷന്റെ യാഗശാലകളിലുണ്ടായിരുന്നവരെ വളരെ ക്രൂരമായി പീഡിപ്പിച്ചു. പലരുടെയും കൈകാലുകള്‍ ഒടിച്ചു. ചിലരുടെ കണ്ണു കുത്തിപ്പൊട്ടിച്ചു, ചിലരുടെ നാവു പിഴുതു കളഞ്ഞു. ചിലരുടെ പല്ലുകള്‍ തല്ലിക്കൊഴിച്ചു. ഇങ്ങനെ പല ക്രൂരകര്‍മ്മങ്ങളും ചെയ്തു. ഇതിന്റെ ഫലമായി വീരഭദ്രന്‍ മൂകനും വികലാംഗനും ഒറ്റക്കണ്ണനുമായി പുനര്‍ ജനിച്ചു. തന്റെ കര്‍മ്മഫലമായി ഉണ്ടാകാന്‍ പോകുന്ന ജന്മത്തെക്കുറിച്ചറിഞ്ഞ വീരഭദ്രന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.

വിഷ്ണുഭഗവാന്‍ തന്റെ വാഹനമായ ഗരുഡനോട് മൂകനെ സഹായിക്കാന്‍ നിര്‍ദ്ദേശിച്ചു. മൂകനും ചലനശക്തിയില്ലാത്തവനുമായി ജനിച്ച വീരഭദ്രനെ ഗരുഡന്‍ കുടജാദ്രിയിലെത്തിച്ചു. സുപര്‍ണ്ണനായ ഗരുഡന്‍ മൂകന് മഹാദേവിയുടെ മൂലമന്ത്രം ഉപദേശിച്ചു. മഹാമേരു പര്‍വതത്തിന്റെ ശ്രീചക്രാകൃതിയിലുള്ള ഒരു ശിഖരം അടര്‍ത്തിയെടുത്ത് കുടജാദ്രിയുടെ താഴ്‌വാരത്തു പ്രതിഷ്ഠിച്ച് അതിനെ മാനസപൂജാക്രമത്തില്‍ പൂജിക്കാന്‍ സുപര്‍ണ്ണന്‍ മൂകനെ പഠിപ്പിച്ചു. മേരുചക്രത്തിന്റെ ശൃംഗത്തില്‍ ശിവസമേതം വിരാജിക്കുന്ന മഹേശ്വരിയെ നിരാഹാരനായി ഏകാഗ്രചിത്തനായി മൂകന്‍ ആരാധിച്ചു.

മേരുചക്രത്തില്‍ അഭിഷേകം നടത്താന്‍ മൂകന് കഴിവില്ലാത്തതുകൊണ്ട് സുപര്‍ണ്ണന്‍ സ്വര്‍ഗ്ഗഗംഗയുടെ കാരുണ്യത്തിനപേക്ഷിച്ചു. ദേവി ഒരു നീര്‍ച്ചാലായി കുടജാദ്രിയില്‍ ഉത്ഭവിച്ച് മേരുശൃംഗത്തെ വലംവച്ചൊഴുകിപ്പെരുകി.അത് സൗപര്‍ണ്ണികാതീര്‍ത്ഥമായി ഇപ്പോഴും ശ്രീചക്രത്തെ സദാ അഭിഷേകിക്കുന്നു. ഗംഗാ പ്രവാഹത്തില്‍ മുഴുകിയ മേരുശൃംഗത്തെ ഭൂമിദേവി മൃത്തുകൊണ്ടുമറച്ചു. ചക്രത്തിന്റെ ബിന്ദുസ്ഥാനം ശിവലിംഗരൂപത്തില്‍ ഉയര്‍ന്നുനിന്നു.

ആ സുമേരു ശൃംഗത്തെയാണ് മൂകാംബികാക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഭക്തര്‍ക്കു കണ്ടു വന്ദിക്കാനുള്ള സൗകര്യത്തിനായി ചതുര്‍ബാഹുവായ ഒരു അലങ്കാരവിഗ്രഹത്തെ മൂലവിഗ്രഹത്തിനു പിന്നിലായി ആചാര്യസ്വാമികള്‍ പ്രതിഷ്ഠിച്ചു. പൂജ ശ്രീചക്രബിന്ദുവായ ശിവലിംഗത്തിനാണ് ആ ശിവലിംഗത്തില്‍ ശിവശക്തികളുടെ ഐക്യരൂപത്തില്‍ മൂകാംബിക ലോകാനുഗ്രഹദാത്രിയായി വിളങ്ങുന്നു.

ശിവലിംഗത്തിന്റെ മുകള്‍ഭാഗത്ത് ലിംഗാഗ്രത്തെ രണ്ടായി പകുക്കുന്ന ഒരു സുവര്‍ണരേഖയുണ്ട്. രേഖയുടെ ഇടതുഭാഗം വലുതും വലതുഭാഗം താരതമേ്യന ചെറുതുമാണ്. ശിവശക്തികളില്‍ ശക്തിക്കാണ് പ്രാധാന്യം കൂടുതല്ലെന്ന് ഈ രേഖ സൂചിപ്പിക്കുന്നു. ഇടതുഭാഗം മഹാലക്ഷ്മി മഹാഗൗരി മഹാസരസ്വതി എന്നീ ദേവിമാരുടെ ഐക്യം രൂപം പൂണ്ട പരാശക്തിയും വലതുഭാഗം പരബ്രഹ്മസ്വരൂപമായ സദാശിവനും.

ഡോ. ബി.സി. ബാലകൃഷ്ണന്‍

No comments:

Post a Comment