ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, August 27, 2017

ഭഗവാനും ഭക്തനും ഒന്ന്; ഭക്തിയുടെ പാര്യന്തികസാഫല്യം




യുദ്ധകാണ്ഡം രാമലക്ഷ്മണന്മാരുടെ രണസാമര്‍ഥ്യത്തിന്റെ സമ്പൂര്‍ണമായ ആവിഷ്‌കാരം മാത്രമായിരുന്നില്ല. ഗുഹന്‍ മഹാനദിക്കപ്പുറം കടത്തി വിടകൊണ്ട നിമിഷം മുതല്‍ രാമാവതാരത്തിന്റെ ലക്ഷ്യം നിര്‍വഹിക്കപ്പെട്ടുതുടങ്ങി. തപോവിഘ്‌നകാരണമായ നിശാചരന്മാരെ ഒന്നൊന്നായി വധിച്ചും ശാപം പേറി രാക്ഷസരൂപം എടുക്കേണ്ടിവന്ന ഗന്ധര്‍വാദികള്‍ക്ക് ശാപമോക്ഷമരുളിയും മുന്നോട്ടുനടന്ന രാമന്‍ അനേകം വസിഷ്ഠതാപന്മാരെ സന്ദര്‍ശിക്കുകയും ചെയ്തു. പുണ്യാശ്രമം തേടിയുള്ള തീര്‍ഥാടനം മാത്രമോ അത്? ഓരോ മുനിയെ സന്ദര്‍ശിക്കുമ്പോഴും രാമതത്ത്വം കൂടുതല്‍ കൂടുതല്‍ മിഴിവോടെ വെളിപ്പെടുകയും ആയിരുന്നു. ഒപ്പം അവതാരോദ്ദേശ്യമെന്തെന്ന് വികല്പലേശംപോലും ബാക്കിവെക്കാതെ വ്യക്തമായിക്കൊണ്ടിരിക്കുകയും ചെയ്തു. രാമകഥയിലെ ഓരോ സന്ധിയും ജീവിതത്തിന്റെ ആത്യന്തികമായ സാര്‍ഥകതയെന്ത് എന്ന തിരിച്ചറിവിനുള്ള സന്ദര്‍ഭമായി മാറുന്നു.



ലങ്കയിലെ അവസാന പോരാട്ടം അവതാരോദ്ദേശ്യത്തിന്റെ പാര്യന്തിക നിര്‍വഹണമായിരുന്നു. താമസശക്തികള്‍ എല്ലാ വീറും സംഭരിച്ച് ഏറ്റെതിര്‍ത്തുവരുന്നു. ചെറിയ ബലമല്ല അവരുടേത്. ത്രിലോകങ്ങളെയും വിറപ്പിച്ച് കാല്‍ക്കീഴമര്‍ത്തിയ ആ ശരക്കൊടുമയുടെ ഇരുള്‍രൂപങ്ങള്‍! നെടുനാളത്തെ കൃച്ഛ്‌റതപസ്സിന്റെ ഫലമായി നേടിയ അപൂര്‍വാനുഗ്രഹങ്ങള്‍ ധര്‍മത്തിനെതിരെ നിരത്തി പോരാടുന്ന വിചിത്രനിമിഷങ്ങള്‍.
ഈ യുദ്ധത്തില്‍ രാമലക്ഷ്മണന്മാര്‍ ഒറ്റ ശരീരവും ഒറ്റ ആത്മാവുമായപോലെ പ്രവര്‍ത്തിക്കുന്നതാണ്  വര്‍ണിക്കുന്നത്. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന ഭക്തിയുടെ സാഫല്യമുഹൂര്‍ത്തമാണത്.
മനസ്സില്‍ വലിയ സങ്കടങ്ങള്‍ ഒതുക്കിക്കൊണ്ടാണ് രാമന്‍ രാവണനോട് യുദ്ധം ചെയ്യുന്നത്. യുദ്ധങ്ങളുടെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത യുദ്ധമാണ് നടക്കുന്നത്. എന്നാല്‍, ലക്ഷ്മണനില്ലാത്ത ലോകത്തില്‍ ജീവിക്കുക അസാധ്യം എന്നു കരുതുന്ന രാമന്റെ മനസ്സാണ് ഇവിടെ പ്രധാനം. രാമന്റെ നിഴലായിരുന്നു ലക്ഷ്മണന്‍; ഈ നിഴലിന്റെ നിഴലാണ് താന്‍ എന്ന് രാമന്‍ ചിന്തിക്കുന്ന അവസ്ഥയില്‍ എത്തിനില്ക്കുന്നു ഇവിടെ. ഭക്തന്റെയും ഭഗവാന്റെയും ഏകീഭാവം ഇവിടെ സംഭവിക്കുന്നു. ഭക്തിയുടെ പരമസാഫല്യമാണ് ഈ ഏകീഭാവം.

No comments:

Post a Comment