ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, August 15, 2017

ഭരതരാഘവ ധര്‍മസംവാദം



ദശരഥ രാജാവ് പത്‌നിയായ കൈകേയിക്കു നല്കിയ രണ്ടു വരങ്ങളിലൊന്ന് ശ്രീരാമനെ പതിന്നാലു കൊല്ലം കാട്ടിലേക്ക് അയയ്ക്കുക എന്നും മറ്റൊന്ന് ഭരതനെ യുവരാജാവായി വാഴിക്കുക എന്നുമായിരുന്നു. വാക്കു പാലിക്കുവാനായി ശ്രീരാമന്‍ സഹോദരനോടും പത്‌നിയോടും കൂടി ഗംഗാനദി കടന്ന് ചിത്രകൂടത്തിലെത്തി വനവാസമാരംഭിച്ചു. രാജഗുരു വസിഷ്ഠ മഹര്‍ഷിയുടെ അടിയന്തര സന്ദേശം ലഭിച്ചു കുതിച്ചെത്തിയ ഭരതന്‍, അച്ഛനെ അന്വേഷിച്ചു. വാര്‍ധക്യബാധിതനായ അച്ഛന്‍ മരിച്ചുവെന്നും മരിക്കുന്നതിനു മുമ്പ് അയോധ്യയിലെ രാജാവായി നിന്നെയാണ് നിശ്ചയിച്ചതെന്നും കൈകേയി മകനോട് സന്തോഷത്തോടെ പറഞ്ഞു. ജ്യേഷുനായ ശ്രീരാമനെ ആരാഞ്ഞപ്പോള്‍ അച്ഛന്റെ നിര്‍ദേശപ്രകാരം വനവാസത്തിനു പോയെന്ന് പറഞ്ഞു. കൈകേയിയുടെ സന്തോഷത്തോടെയുള്ള മറുപടി കേട്ട് ഭരതന്‍ ഞെട്ടിത്തെറിച്ചു. കോപം നിയന്ത്രിക്കാന്‍ വയ്യാതെ അമ്മയെ കടുത്ത ഭാഷയില്‍ത്തന്നെ ശകാരിച്ചു.


പിതാവിനു സമാനമായി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജ്യേഷുസഹോദരനെ കാട്ടിലേക്കു പറഞ്ഞയച്ചത് താന്‍ കാരണമാണെന്ന് ജ്യേഷുനും മാലോകരും തെറ്റിദ്ധരിക്കുമല്ലോ എന്നോര്‍ത്ത് ഭരതന്‍ വിലപിച്ചു. അയോധ്യയിലെ രാജാവാകേണ്ടത് രാജാവിന്റെ മൂത്തമകനും സമാദരണീയനുമായ ശ്രീരാമന്‍ ആണെന്നും തനിക്ക് ആ പദവി സ്വീകരിക്കാനുള്ള അര്‍ഹത തീരെ ഇല്ലെന്നും ഭരതന്‍ പ്രഖ്യാപിച്ചു. ജ്യേഷുനെ തിരികെ കൊണ്ടുവന്ന് രാജ്യഭാരം ഏല്പിക്കുവാന്‍ ഭരതന്‍ നിശ്ചയിച്ചു.


തന്നെ കാണാന്‍ വന്ന ഭരതശത്രുഘ്‌നന്മാരെ ശ്രീരാമന്‍ തന്റെ രണ്ടു മടികളിലുമായിരുത്തി ഗാഢമായി ആശ്ലേഷിച്ചു. സഹോദരസ്നേഹം ഇത്രയും ഉദാത്തമായി പ്രകടിപ്പിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭം ലോക സാഹിത്യത്തിലുണ്ടോ എന്ന് സംശയമാണ്. ജ്യേഷുനെ അയോധ്യയിലെ രാജാവായി അവരോധിക്കുവാനുള്ള സന്നാഹത്തോടെയാണ് താന്‍ വന്നതെന്നും ഉടനെ രാജപദവി ഏറ്റെടുത്ത് രാജ്യപരിപാലനം ചെയ്യണമെന്നും ഭരതന്‍ ശ്രീരാമനോടഭ്യര്‍ഥിച്ചു. ശ്രീരാമന്‍ പറഞ്ഞത് അച്ഛന്റെ വാക്കു പാലിക്കാന്‍ മക്കളായ നമുക്കു രണ്ടുപേര്‍ക്കും തുല്യബാധ്യതയുണ്ടെന്നും അതുകൊണ്ട് നീ രാജ്യപരിപാലനവും ഞാന്‍ വനവാസവും നടത്തേണ്ടത് അത്യന്താപേക്ഷിതമെന്നുമാണ്.


അച്ഛന്‍ അമ്മയെ തൃപ്തിപ്പെടുത്തുവാന്‍ പക്ഷപാതപരമായിട്ടാണ് തീരുമാനമെടുത്തതെന്നും ആ തീരുമാനം അധാര്‍മികവും തള്ളിക്കളയേണ്ടതുമാണെന്നും ഭരതന്‍ വാദിച്ചു. അച്ഛന്‍ നല്കിയ വാക്ക് സത്യമായിത്തീരാന്‍ മക്കള്‍ സഹായിക്കണമെന്നും അല്ലെങ്കില്‍ അത് അധാര്‍മികമാണെന്നും ശ്രീരാമന്‍ പറഞ്ഞു.


ശ്രീരാമന്റെ ഉപദേശത്തില്‍ തൃപ്തനാവാത്ത ഭരതന്‍ മരണംവരെ ഉപവാസം നടത്തുന്നതിനു ശ്രമം തുടങ്ങി. ഭരതന്റെ നിര്‍ബന്ധബുദ്ധികണ്ട് ശ്രീരാമന്‍ കുലഗുരുവായ വസിഷ്ഠമഹര്‍ഷിയോട് തന്റെ അവതാരമെന്താണെന്ന് വ്യക്തമാക്കാന്‍ അഭ്യര്‍ഥിച്ചു.


വസിഷ്ഠമഹര്‍ഷി ശ്രീരാമനാരാണെന്നും ദൗത്യം രാവണവധമാണെന്നും അതുകൊണ്ട് ദൗത്യം നിര്‍വഹിക്കുവാന്‍ സഹായിക്കണമെന്നും ഭരതനെ ഉപദേശിച്ചു. യാഥാര്‍ഥ്യം മനസ്സിലാക്കിയ ഭരതന്‍ പരിവാരസമേതം മടങ്ങി നന്ദി ഗ്രാമമെന്ന കുഗ്രാമത്തില്‍ പര്‍ണശാല തീര്‍ത്ത് അവിടെ രാമപാദുകം പ്രതിഷുിച്ച് ശ്രീരാമന്റെ പ്രതിനിധിയായി രാജ്യസേവനമാരംഭിച്ചു.


സത്യധര്‍മത്തെക്കുറിച്ചുള്ള ഭരതന്റെ ആശയക്കുഴപ്പത്തെ സത്യപരിപാലനം തന്നെയാണ് ധര്‍മപരിപാലനമെന്ന് വ്യക്തമാക്കി ശ്രീരാമന്‍ പരിഹരിച്ചു. അര്‍ഹതയില്ലാത്ത തനിക്ക് രാജ്യാധികാരം ഏല്പിക്കരുതെന്ന് പറഞ്ഞ് മരണംവരെ ഉപവാസം ചെയ്യാന്‍ തയ്യാറായ അയോധ്യയിലെ നിയുക്ത രാജാവായ ഭരതനു സമാനമായി ലോകചരിത്രത്തില്‍ മറ്റൊരു വ്യക്തിയും ഉണ്ടായതായിട്ടറിവില്ല. അധികാരപദവിയേക്കാളും ധാര്‍മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്കിയ ഭരതന്‍ നിത്യവിസ്മയമാണ്. പദവിക്കും അധികാരത്തിനും വേണ്ടി അധാര്‍മികമായി പ്രവര്‍ത്തിക്കുന്നവര്‍ ഭരതന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകയാക്കേണ്ടാണ്.

No comments:

Post a Comment