കണ്ണനെ കുറൂരമ്മ കലത്തിലടച്ച കഥ എല്ലാവരും കേട്ടീട്ടില്യെ? അതുപോലെ കണ്ണനെ കലത്തിലടച്ച വേറൊരു മഹാത്മാവിന്റെ കഥ കേട്ടീട്ടുണ്ടോ? ഇത് വൃന്ദാവന നിവാസികൾ പറയുന്ന കഥയാണ്.
വൃന്ദാവനത്തില്‍ തയിരു വില്‍ക്കുന്ന ഒരാളാണ് ദധിപാണ്ഡന്‍. തയിരു ഉണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും കൊണ്ടു പോയി കച്ചവടം ചെയ്താണ് നിത്യവൃത്തി കഴിച്ചിരുന്നത്. കിട്ടുന്ന വരുമാനത്തില്‍ സന്തുഷ്ടനായിരുന്നു അദ്ദേഹം . കൃഷ്ണന്റെ ഗൃഹത്തിനടുത്തായിരുന്നു ദധിപാണ്ഡൻ താമസിച്ചിരുന്നത്. അദ്ദേഹത്തിന് കൃഷ്ണനെ വലിയ ഇഷ്ടമായിരുന്നു. കണ്ണന് രണ്ടു വയസ്സായി. തൈര് വിൽക്കാൻ പോകുന്ന വഴി കണ്ണനെ കാണുമ്പോൾ കണ്‍ നിറയെ നോക്കി നിൽക്കും. ഒന്ന് എന്റെ കൂടെ ഗൃഹത്തിലേക്ക് വരുമോ കണ്ണാ ന്നു ചോദിച്ചാൽ സമയാവട്ടേ എന്നും പറഞ്ഞു കണ്ണൻ കള്ളച്ചിരിയോടെ ഓടിപ്പോകും. ഇതിങ്ങിനെ ഒരു നിത്യ പതിവായി.
കൃഷ്ണന്‍ നന്നായി ഓടി നടക്കും. വായിൽ പല്ലു വന്നു കഴിഞ്ഞു. പക്ഷെ അമ്മിഞ്ഞപ്പാലിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല.
കേട്ടീട്ടില്യേ...
"അമ്മയിരുന്നു തൈർ കടഞ്ഞീടുമ്പോൾ
അമ്മിഞ്ഞ കണ്ടു കൊതിച്ച കൃഷ്ണാ ഹരീ "
അങ്ങിനെ ഒരു ദിവസം യശോദാമ്മ കണ്ണനെ കുളിപ്പിച്ച് മുടിയിൽ പീലിയും മുത്തുമാലകളും കൊണ്ട് അലങ്കരിച്ച്, കണ്ണെഴുതി ഗോപിക്കുറി തൊടുവിച്ചു. കാതിൽ മകരകുണ്ഡലങ്ങളും കഴുത്തിൽ പുലിനഖവും പലയ്ക്കാമോതിരവും അണിയിച്ചു. കണ്ണന് പട്ടുകോണകത്തിനോടുള്ള ഇഷ്ടം എത്ര്യാന്ന് പറഞ്ഞാൽ തീരില്യ. എന്നും കണ്ണന് പട്ടുകോണകം വേണം. അതും പുതുപുത്തൻ. അമ്മ കണ്ണനെ പുതിയ പട്ടു കോണകം ഉടുപ്പിച്ചു. കണ്ണനെ കളിയ്ക്കാൻ അയച്ചീട്ടു അടുപ്പില്‍ പാൽ കാച്ചാന്‍ വെച്ചു യശോദാമ്മ തൈർ കടയുയായിരുന്നു. യശോദാമ്മ അറിയാതെ ആനന്ദത്തോടെ കൃഷ്ണ ഗീതികൾ പാടാൻ തുടങ്ങി. അത് കേട്ടപ്പോൾ കണ്ണൻ ഒരു കള്ളച്ചിരിയോടെ അമ്മയുടെ മടിയിലേക്ക് നുഴഞ്ഞു കയറി അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി. കൊതിയോടെ ആസ്വദിച്ച് കാലാട്ടിക്കൊണ്ട് അമ്മയുടെ മടിയിൽ കിടന്നു പാലു കുടിക്കുന്ന കണ്ണന്റെ മേൽ തൈർ തുള്ളികൾ തെറിച്ചു വീണീട്ടുണ്ട്. ഒരു അലങ്കാരം പോലെ കണ്ണന്റെ ശ്യാമവർണ്ണത്തിനു അത് മോടി കൂട്ടി. പെട്ടെന്ന് അടുപ്പിൽ വച്ച പാൽ പൊങ്ങുന്നത് കണ്ടു കൃഷ്ണനെ മടിയിൽ നിന്ന് ഇറക്കി വെച്ചിട്ടു അടുപ്പിന്റെ അടുത്തേയ്ക്കു ഓടി. കൃഷ്ണനു അതു ഒട്ടും രസിച്ചില്ല. അമ്മക്ക് എന്നെക്കാൾ പ്രിയം പാലിനോടോ? ദേഷ്യം കൊണ്ട് ആദ്യം മുടിയിൽ ചാർത്തിയ മാല അഴിച്ചു എറിഞ്ഞു. എന്നീട്ടും കോപം തീരാതെ പട്ടുകോണകം അഴിച്ചെറിഞ്ഞു. അത് ചെന്ന് വീണത് കടകോലിന്മേൽ. വേഗം ആ കടകോലെടുത്തു തയിർക്കലത്തിൽ ഒറ്റയടി. കാലം പൊട്ടി തൈര് പരന്നൊഴുകി. തൈരും വെണ്ണയുമെല്ലാം കണ്ണന്റെ മുഖത്തും ദേഹത്തും തെറിച്ചു വീണു അങ്കരാഗം ആയി. കണ്ണന്റ കോപം ശമിച്ചു. അപ്പോൾ ഓർത്തു. 'വേണ്ടായിരുന്നു. അമ്മ ഇപ്പോൾ വന്ന് ഇത് കണ്ടാൽ എന്നെ തല്ലും. ഓടിയാലോ. വേണ്ട. അമ്മക്ക് ദേഷ്യം കൂടും. നിന്നാൽ അടിക്കേം ചെയ്യും. എന്നാൽ ഗോപികമാരുടെ അടുത്ത് പോയി രക്ഷിക്കാൻ പറഞ്ഞാലോ. ഉം.. അസ്സലായി. പാലും വെണ്ണയും കട്ടു തിന്ന ദേഷ്യം അവർക്കുണ്ട്. അതും പറഞ്ഞ് ആ കുശുമ്പികൾ അടി കൂടുതൽ വാങ്ങി തരും.'
എന്നിങ്ങനെ ഓർത്തപ്പോഴേക്കും ഓടി വന്ന യശോദ കുഞ്ഞുകൃഷ്ണൻ കലമുടച്ചത് കണ്ടു. ഈയിടയായി കുറുമ്പ് കുറച്ചു കൂടുന്നുണ്ട്. മാത്രമല്ല ഒട്ടും ഭയമില്ല താനും. അടുത്തു കിടന്നിരുന്ന ഒരു വടി എടുത്തു കൊണ്ടു അടിക്കാൻ ചെന്നു. മിന്നല്‍ പോലെ കൃഷ്ണന്‍ ഓടി മറഞ്ഞു. യശോദ പിറകെ കൊണ്ടു ഓടി. ഇന്നു അവനെ ഒരു പാഠം പഠിപ്പിച്ചിട്ടെ എന്തു കാര്യമുള്ളൂ.
ഈ സമയം ദധിപാണ്ഡന്‍ തന്റെ ജോലി എല്ലാം കഴിഞ്ഞു വീടിന്റെ തിണ്ണയില്‍ വിശ്രമിച്ചു കൊണ്ടു കൃഷ്ണനെ ഓർത്ത് 'കൃഷ്ണ കൃഷ്ണ 'എന്ന് ചൊല്ലി ഇരിക്കുകയായിരുന്നു. അപ്പോഴതാ ഉണ്ണിക്കണ്ണൻ ദൂരേന്നു ഓടി വരുന്നു! അഴിഞ്ഞുലഞ്ഞ തലയിൽ മയില്‍ പീലി തൂങ്ങി ആടി കൊണ്ടു, മേലാകെ തൈരും വെണ്ണയും പുരണ്ടു ദിഗ്വാസസത്തോടെ തിരിഞ്ഞു നോക്കി കൊണ്ടു, ശ്വാസം മുട്ടെ കണ്ണൻ ഓടി വന്നു. പിറകെ യശോദമ്മയും വരുന്നുണ്ട്.
'ഓടരുത് ഉണ്ണി! അവിടെ നിൽക്കൂ. നിന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഞാന്‍ അടിക്കും. മര്യാദയ്ക്ക് നിന്നാല്‍ തല്ലില്ല!'
എന്നു വിളിച്ചു പറയുന്നു യശോദാമ്മ.
കൃഷ്ണനു അമ്മയുടെ വാക്കില്‍ ഒട്ടും വിശ്വാസം ഇല്ല. കയ്യില്‍ കിട്ടിയാല്‍ തന്നെ തല്ലും. പോരാത്തതിനു എന്തായാലും നിന്റെ മകന് അടിയുടെ കുറവ് നല്ലോണം ഉണ്ട് എന്ന് പറഞ്ഞ് യശോദയുടെ കൂടെ കുറച്ചു ഗോപികളും വരുന്നുണ്ട്. ദധിപാണ്ഡന്റെ അടുത്തു എത്തിയ കൃഷ്ണന്‍ അയാളോട്
'അമ്മാവാ ! എന്നെ ഒന്ന് സഹായിക്കു. ദയവു ചെയ്തു എന്നെ ഇവിടെ എവിടെയെങ്കിലും ഒളിപ്പിക്കു. എന്റെ അമ്മയുടെ കയ്യില്‍ നിന്നും എന്നെ ഒരു രക്ഷിക്കു!'
എന്നു കെഞ്ചി .
ആ സമയം അദ്ദേഹം പറഞ്ഞു.
"അമ്മേടെ ഉണ്ണിക്കു രണ്ടു അടിയുടെ കുറവുണ്ട്. എത്ര വിളിച്ചു ഞാൻ. അന്നൊന്നും വന്നില്യാ. ഇപ്പോൾ ഞാൻ സഹായിക്കില്യ."
അത് കേട്ടപ്പോൾ കണ്ണൻ വങ്ങി വിങ്ങി കരയാൻ തുടങ്ങി. കെഞ്ചുന്ന മുഖത്ത് നോക്കിയപ്പോൾ ദധിപാണ്ഡന്റെ മനസ്സലിഞ്ഞു. അയാള്‍ക്ക് നല്ലൊരു നേരമ്പോക്കും ആയി. ദധി പാണ്ഡൻ അവിടെ ഇരുന്ന ഒരു വലിയ പാന കാണിച്ചിട്ട് അതില്‍ ഒളിച്ചിരിക്കാൻ പറഞ്ഞു ആ കലം മറ്റൊരു കലം കൊണ്ടു അടച്ചിട്ടു.
എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അവിടെ ഇരുന്നു. വലിയ കിതപ്പോടെ യശോദ അവിടെ എത്തി എന്നിട്ട് ദധിപാണ്ഡനോട് കൃഷ്ണനെ കണ്ടോ എന്നു ചോദിച്ചു.
"അമ്മേ കണ്ണൻ ഇവിടെ എങ്ങും വന്നിട്ടില്ലല്ലോ! "
'അവന്‍ ഇങ്ങോട്ട് വരുന്നത് ഞാന്‍ കണ്ടതാണ്' എന്നായി യശോദ .
ദധിപാണ്ഡൻ പറഞ്ഞു
''യശോദാമ്മേ! നിങ്ങള്‍ക്കു എന്തു കണ്ടാലും കൃഷ്ണന്‍ എന്നെ തോന്നൂ. എന്തിനധികം ഇരുട്ടത്ത് ഇവിടെ വെച്ചിരിക്കുന്ന കലം കണ്ടാലും നിങ്ങള്‍ കൃഷ്ണന്‍ എന്നെ പറയൂ. കലവും കൃഷ്ണനെ പോലെ കറുത്ത നിറമാണല്ലോ?''
ശരിയാണ്! അവര്‍ക്കു എല്ലാം കൃഷ്ണമയമാണ്.
കലത്തിന്റെ അകത്തു ഇരുന്നു കൊണ്ടു കൃഷ്ണന്‍ ഒക്കെ കേട്ടു കൊണ്ടു ഇരിക്കുകയായിരുന്നു. അയാള്‍ കൃഷ്ണന്‍ ഇവിടെ ഇല്ല എന്നു തന്നെ പറഞ്ഞു. യശോദയുടെ കാലൊച്ച അകന്നകന്നു പോയപ്പോൾ കണ്ണൻ പറഞ്ഞു.
"അമ്മാവാ ! എന്നെ തുറന്നു വിടു, ഇതിന്റെ അകത്തു എനിക്ക് ശ്വാസം മുട്ടുന്നു. എന്തൊരു ചൂട്!''
സാക്ഷാത് ഭഗവാന്‍ തന്നെയാണ്. ഒരു ഇടയ ചെറുക്കാനായി വേഷം മാറി വന്നിരിക്കുന്നത് എന്ന് മനസിലാക്കിയീട്ടുള്ള അദ്ദേഹം കൃഷ്ണനോടു പറഞ്ഞു " ഇല്ല്യ കണ്ണാ ഞാൻ വിടില്യ. വിടണമെങ്കിൽ ഞാൻ ചോദിക്കുന്ന കാര്യങ്ങൾ എനിക്ക് സാധിച്ചു തരണം."
കണ്ണൻ ചോദിച്ചു.
"എന്റെ അമ്മ പോയില്ലേ? ഇനി എന്നെ തുറന്നു വിടൂ. ഞാൻ ഒരു കുഞ്ഞല്ലേ? എനിക്ക് എന്ത് തരാനാവും?"
പക്ഷെ ദധിപാണ്ഡന്‍ തന്റെ വാദത്തില്‍ ഉറച്ചു തന്നെ നിന്നു.
'എനിക്കും ഇവിടെയുള്ള എല്ലാത്തിനും മോക്ഷം തരുമെങ്കില്‍ നിന്നെ ഞാന്‍ തുറന്നു വിടാം'
എന്നു പറഞ്ഞു.
"ശരി അമ്മാവാ ഞാന്‍ ഇതാ മോക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനി എന്നെ തുറന്നു വിടൂ. "
അദ്ദേഹം പരമ സന്തോഷത്തോടെ കലം തുറന്നു കൊടുത്തു. കണ്ണന്റെ ലീലകൾ കണ്ടു ആസ്വദിക്കുന്ന ദേവന്മാർക്ക് ഇത് കണ്ടു ആശ്ചര്യവും ലജ്ജയും തോന്നി. ഭഗവാനോടു ഇങ്ങനെ ചോദിക്കണം എന്നു ഒരിക്കലും തങ്ങൾക്കു തോന്നിയിട്ടില്ലല്ലോ!
അഹോ ഭാഗ്യം! 'സത്യം വദ' എന്നു വേദങ്ങള്‍ ഉത്ഘോഷിക്കുമ്പോള്‍ സര്‍വ വ്യാപിയായ ഭഗവാന്‍ ഇവിടെ ഇല്ല എന്നു പച്ചക്കള്ളം പറഞ്ഞ വെറും ഒരു തയിരു കച്ചവടക്കാരന്‍ മോക്ഷം ലഭ്യമാക്കി . അതാണ് കൃഷ്ണ ലീല. പ്രഹ്ലാദനെക്കൊണ്ട് തൂണിലും തുരുമ്പിലും ഉണ്ട് എന്നു പറയിപ്പിച്ച അതെ കൃഷ്ണൻ ദധിപാണ്ഡനെകൊണ്ട് ഇവിടെ ഇല്ല എന്നു പറയിച്ചു അത്രേയുള്ളൂ.
ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ കണ്ണൻ നാണത്തോടെ തല താഴ്ത്തി നിന്നു. ദധിപാണ്ഡന്‍ ചോദിച്ചു
"എന്ത് പറ്റി കണ്ണാ? എന്താ? "
"അത് അമ്മാവാ വഴിയിൽ നിറച്ചു ആളുകൾ ഉണ്ട്. പോരാത്തതിന് ആ ഗോപികമാരും."
"അതിനെന്താ കണ്ണാ"
കണ്ണന്റെ മുഖത്ത് നാണം കലർന്ന ഒരു കള്ളച്ചിരി.
"അമ്മാവാ അവരെല്ലാം കളിയാക്കും. നിക്ക് ഒരു പട്ടുകോണകം തരൂ. "
ദധിപാണ്ഡൻ പൊട്ടിച്ചിരിച്ചു.
"കൃഷ്ണാ ഇതിപ്പോൾ ഇങ്ങനെ തന്നെയല്ലേ
ഇങ്ങോട്ട് വന്നത്. പിന്നെന്താ? "
"ഇങ്ങോട്ട് വരുമ്പോൾ ഞാൻ കണ്ണടച്ചാണ് ഓടീത്."
കേവലം മാനുഷ ബാലനായി ലീലയാടുന്ന കണ്ണന്റെ നിഷ്കളങ്ക ഭാവം കണ്ട ദധിപാണ്ഡന്‍ എല്ലാം മറന്ന് കണ്ണനെ മാറോടു ചേർത്തു. കണ്ണന് പട്ടുകോണകം നല്ല ഇഷ്ടാണ് എന്ന് അദ്ദേഹവും കേട്ടീട്ടുണ്ട്. എന്നെങ്കിലും കണ്ണൻ വന്നാൽ നൽകാൻ കരുതി വച്ച പട്ടുകോണകം കണ്ണനെ ഉടുപ്പിച്ചു. കണ്ണൻ സന്തോഷത്തോടെ തിരിച്ചു പോയി.
ഭക്തിയുടെ മഹത്വം കണ്ട് ദേവന്മാർ അത്ഭുതപ്പെട്ടു. ഭക്തനോട് ബന്ധമുണ്ടായത് കാരണം അചേതന വസ്തുക്കൾക്ക് പോലും ഭഗവാന്‍ മോക്ഷം നൽകി അനുഗ്രഹിച്ചിരിക്കുന്നു.
No comments:
Post a Comment