ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, July 20, 2017

പുരുഹരിണപുരേശമാഹാത്മ്യം (ഏറ്റുമാനൂർ മഹാക്ഷേത്രം)

Image result for ഏറ്റുമാനൂർ) മഹാക്ഷേത്രം


പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം.



അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വി‌ഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേ‌ഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.



പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നി‌ഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേ‌ഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി.


അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃ‌ഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേ‌ഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃ‌ഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോ‌ഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃ‌ഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃ‌ഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.


കടപ്പാട്: ഐതിഹ്യമാല
(തുടരും)

No comments:

Post a Comment