ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, July 10, 2017

ഉര്‍വശീശാപം ഉപകാരം - പുരാണകഥകൾ



വിപരീത ലക്ഷ്യത്തോടെ ചെയ്ത പ്രവൃത്തി ഗുണകരമായി മാറുമ്പോള്‍ നാം പറയുന്ന ശൈലിയാണ് ‘ഉര്‍വശീശാപം ഉപകാരം എന്നത്.  മഹാഭാരതത്തില്‍ വനവാസം സ്വീകരിക്കേണ്ടി വരുന്ന പാണ്ഡവന്മാര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു. കൌരവരുമായി ഏറ്റുമുട്ടാന്‍ ദിവ്യാസ്ത്രങ്ങള്‍ വേണ്ടി വരുമെന്നും അത് നേടാന്‍ ഇന്ദ്രാദി ദേവന്മാരെ പ്രസാദിപ്പിക്കണമെന്നും അര്‍ജ്ജുനനോട് യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടു . ദേവലോകത്തെത്തിയ അര്‍ജുനനെ ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെട്ട ഒരു വലിയ സമൂഹം ഇന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അര്‍ജ്ജുനന്‍ ദേവന്മാരില്‍നിന്ന് എല്ലാ ദിവ്യായുധങ്ങളും നേടി.


ഒരു ദിവസം ദേവസദസ്സില്‍ ഇന്ദ്രനും അര്‍ജുനനും മറ്റു ദേവഗണങ്ങളും അപ്സരസ്സുകളുടെ നൃത്തം കണ്ടു കൊണ്ടിരിക്കയായിരുന്നു. ഇമവെട്ടാതെ ഉര്‍വ്വശിയെത്തന്നെ നോക്കിയിരിക്കുന്ന അര്‍ജ്ജുനനെക്കണ്ട് ഇന്ദ്രന് കാര്യം മനസ്സിലായി. ഉര്‍വ്വശിക്കും അര്‍ജ്ജുനനോട് ഇഷ്ടം തോന്നി. അര്‍ജ്ജുനന്‍റെ മുറിയില്‍ എത്തിയ ഉര്‍വ്വശിയെ ബഹുമാനത്തോടെ അദ്ദേഹം സ്വീകരിച്ചു. നൃത്തസമയത്ത് സൂക്ഷിച്ചു നോക്കിയത് തന്‍റെ വംശത്തിന്‍റെ മാതാവിനോടുള്ള ഭക്തി മൂലമാണെന്ന് അര്‍ജ്ജുനന്‍ അറിയിച്ചതോടെ ഉര്‍വ്വശി അദ്ദേഹത്തെ ഇപ്രകാരം ശപിച്ചു,  ‘‘നിന്നെ ആഗ്രഹിച്ചുവന്ന എന്നെ പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" . ഇത് കേട്ട ഇന്ദ്രന് ഒട്ടും സങ്കടം തോന്നിയില്ല. "ഒരിയ്ക്കല്‍ ഈ ഉര്‍വ്വശീ ശാപം നിനക്ക് ഉപകാരമായി ഭവിക്കും" എന്ന് പറഞ്ഞ് ഇന്ദ്രന്‍ അര്‍ജ്ജുനനെ ആശ്വസിപ്പിച്ചു. പിന്നീട് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. വനവാസകാലത്ത് വിരാടരാജധാനിയില്‍ ഒരു കൊല്ലം അജ്ഞാതവാസം നടത്തിയപ്പോള്‍ 'ബൃഹന്നള' എന്ന പേരില്‍ പെണ്ണുങ്ങള്‍ക്ക് പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഒരു നപുംസകമായി കാലം തീര്‍ക്കാന്‍ അര്‍ജ്ജുനനു ഈ ശാപം സഹായകമാവു കയും ചെയ്തു. 

No comments:

Post a Comment