ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, July 20, 2017

വ്യക്തിത്വത്തിന്റെ ഗണിതം - ശ്രീരാമകഥകൾ



വേദങ്ങളില്‍ തപസ്സുചെയ്യുന്ന ഒരു പ്രതിഭാശാലിക്കുമുമ്പില്‍, ഇനി പരിഷ്‌കരിക്കേണ്ടതില്ലാത്തവിധത്തില്‍ എവിടെയും പ്രയോഗിക്കാന്‍ സമര്‍ഥമായ ഒരു ദര്‍ശനം പ്രത്യക്ഷപ്പെടും. അതിന്റെ അസ്തിവാരം നിര്‍മിച്ചിരിക്കുന്നത് പ്രപഞ്ചശാസ്ത്രസിദ്ധാന്തങ്ങള്‍ കൊണ്ടാണ്. ഇവയെ ആസ്പദമാക്കി സ്വരൂപിച്ചെടുത്തതാണ് ഋഷികളുടെ മാനവ ധര്‍മശാസ്ത്രം. ഈ മാനവധര്‍മശാസ്ത്രമാണ് രാമായണരചനയുടെ ചൈതന്യചംക്രമണത്തിന്റെ രസതന്ത്രം. വാല്മീകി ഈ രസതന്ത്രത്തിലേക്കാണ് ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത്.



ശ്രീരാമന്റെ പ്രവൃത്തികളെല്ലാം വേദദര്‍ശനത്തിന്റെയോ ഉപനിഷദ്ദര്‍ശനത്തിന്റെയോ അടിസ്ഥാനത്തില്‍വേണം വിമര്‍ശിക്കാന്‍. പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍പോലും ദാര്‍ശനികമാനമുള്ളതാണ്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിക്ക് ദിനേശനെന്നോ അപ്പുക്കിളിക്ക് ദോശക്കിളിയെന്നോ പേരുമാറ്റിയാലും നോവലിന്റെ ആസ്വാദനത്തിന് വിഘാതം സംഭവിക്കുന്നില്ല. എന്നാല്‍, 'മധുരം ഗായതി'യിലെ സുകന്യകയുടെ പേര് മാറ്റുന്നത് നോവലിന്റെ ഹൃദയം പറിച്ചുമാറ്റുന്നതിന് തുല്യമാണ്.



പന്ത്രണ്ടര ശ്ലോകങ്ങള്‍കൊണ്ടാണ് ശ്രീരാമന്റെ സ്വഭാവം വാല്മീകി വര്‍ണിച്ചിരിക്കുന്നത്. തര്‍ക്കശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് അതിന്. തര്‍ക്കശാസ്ത്രം ശുഷ്‌കമാണെന്ന ധാരണ അത് അറിഞ്ഞുകൂടാത്തതുകൊണ്ട് വന്നുകൂടിയതാണ്. ഭാവസാന്ദ്രവുമാണ് ഈ വര്‍ണന. നായകവര്‍ണന ഒരേസമയം താര്‍ക്കികവും ഭാവാത്മകവുമാക്കാന്‍ വലിയ ഭാവശില്പിക്കേ സാധിക്കൂ. ഹോമറിന്റെ ഭാവശില്പത്തിന് താര്‍ക്കികതയുടെ പിരിമുറുക്കമില്ല. എഴുത്തച്ഛന്‍ ഭക്തിയില്‍ സ്വയം വിസ്മൃതനാവുമ്പോള്‍പ്പോലും വാല്മീകിയുടെ രാമസ്വഭാവവര്‍ണനയെ തിരസ്‌കരിക്കുന്നില്ല.



നാരദന്റെ വാക്കുകളിലൂടെയാണ് വാല്മീകി രാമഗുണങ്ങളുടെ ശില്പം കൊത്തിയെടുത്തിരിക്കുന്നത്.



ബുദ്ധിയും ധാരണാശക്തിയുമുണ്ട് രാമന്. ഇതത്ര എടുത്തുവര്‍ണിക്കാനുണ്ടോ എന്നുതോന്നാം. ബുദ്ധി എല്ലാവര്‍ക്കുമില്ല. ഉണ്ടെങ്കില്‍ അത് കൗശലമോ ദുര്‍ബുദ്ധിയോ ആയിരിക്കും. വലിയ പരീക്ഷകള്‍ ജയിക്കാന്‍ ഓര്‍മശക്തിയും പരിശ്രമവും മതി. ധാരണാശക്തി അതല്ല. വീര്യവും ദ്യുതിയുമുണ്ട്. ഇത് ആയിരം പേരില്‍ ഒരാള്‍ക്കുപോലുമില്ല. ശരീരസൗന്ദര്യം അന്യൂനമാണ്. അവയവങ്ങള്‍ക്കും അവ ലാവണ്യനിയമത്തിന്റെ അനുപാതത്തിന് അനുയോജ്യമായി ഏകീഭവിച്ച ഉടലിനും വിലക്ഷണത കണ്ടെത്താനാവില്ല. ധര്‍മാനുഷ്ഠാനത്തില്‍ പിഴവുവരില്ല. നിസ്വാര്‍ഥതമൂലം സത്യസന്ധതയില്‍നിന്ന് വ്യതിചലിക്കില്ല. പ്രജാപരിപാലനത്തിലാണ് രതി. ഭോഗസുഖങ്ങളിലെല്ലാം പറഞ്ഞു കേള്‍ക്കുന്ന നുണകളില്‍നിന്ന് നേരുകണ്ടെത്തും. എന്തും ക്ഷമിക്കുമെങ്കിലും ശത്രുക്കളെ ഉന്മൂലനം ചെയ്യും. സ്വയംമറന്ന് ജീവികളെ രക്ഷിക്കും. പ്രജകള്‍ ധാര്‍മികമായി ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തും. വേദങ്ങളുടെയും വേദാംഗങ്ങളുടെയും തത്ത്വങ്ങളാണ് കര്‍മങ്ങളുടെ അവലംബം. ധനുര്‍വേദ പ്രയോഗത്തില്‍ ഒരു സംശയവുമില്ല. എല്ലാവരോടും സമഭാവനയോടെയാണ് പെരുമാറ്റം. സത്യപരിപാലനത്തിന് എന്തുത്യാഗവും ചെയ്യും. ഈ വിശിഷ്ടഗുണങ്ങള്‍ ചേര്‍ന്ന ഉദാരമായ വ്യക്തിത്വത്തില്‍നിന്ന് ശ്രീരാമന്‍, അഭിഷേകവിഘ്‌നം മുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള ജീവിതത്തിനിടയില്‍ ഒരിക്കലും മാറിനടന്നിട്ടില്ല.

No comments:

Post a Comment