ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, July 17, 2017

രാമന്‍: ആഴവും ഔന്നത്യവും - ശ്രീരാമകഥകൾ



രാമായണം

ജീവിതസാരാമൃതം


അച്ഛനമ്മമാരെ അനുസരിക്കാതിരിക്കുന്നതും ഗുരുജനങ്ങളുടെ വാക്കുകള്‍ വിഗണിക്കുന്നതും ചിലപ്പോള്‍, പുത്രധര്‍മത്തില്‍പ്പെടും. ധര്‍മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്. ധര്‍മത്തിനുവേണ്ടി ജീവിതം ബലികഴിക്കുന്നവര്‍ക്കേ അതിന്റെ അഗാധനിഗൂഢതകളില്‍ക്കൂടി സഞ്ചരിക്കാനാകൂ. സ്വന്തം അച്ഛനെ കാരാഗൃഹത്തിലടച്ച് രാജ്യംഭരിച്ച കംസന്‍ അമ്മാവനാണെന്നുവെച്ച് ശ്രീകൃഷ്ണന്‍ വെറുതേവിട്ടുവോ?

താന്‍ കൊടുത്ത വരങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് ദശരഥന്‍ കൈകേയിയുടെ മുമ്പില്‍െവച്ച് കല്പിച്ചതോടുകൂടി അച്ഛന്റെ പ്രതിജ്ഞ പരിപാലിക്കുകയെന്നതില്‍നിന്ന്, എന്നെന്നേക്കുമായി മുക്തനായി. എന്നിട്ടും ചെങ്കോലും സിംഹാസനവും സ്വീകരിക്കാതെ അദ്ദേഹം കാട്ടിലേക്കുപോയത് സ്വന്തം ധര്‍മതാത്പര്യംകൊണ്ടാണ്, രാജ്യം വേണ്ടാത്തതുകൊണ്ടാണ്, ഭരതന്‍ ഭരിക്കുന്നതില്‍ അദ്ദേഹത്തിന് സുഖംതോന്നിയതുകൊണ്ടാണ്. അല്ലാതെ അച്ഛനെ കാരാഗൃഹത്തിലടയ്ക്കാന്‍ ഭയപ്പെട്ടിട്ടല്ല. ദശരഥന്റെ സൈന്യത്തെയും മന്ത്രിസഭയുള്‍പ്പെടെയുള്ള ഭരണകൂടത്തെയും ചെറുക്കാനുള്ള യുദ്ധസാമര്‍ഥ്യം തനിക്കില്ലെന്ന് തോന്നിയതുകൊണ്ടല്ല.
സിദ്ധാശ്രമത്തിലേക്കുള്ള യാത്രയില്‍, രാത്രിവിശ്രമത്തിനിടയില്‍ ഭൂതകാലത്തില്‍ ചക്രവര്‍ത്തിയും പിന്നീട് മഹര്‍ഷിയും യോഗിയും മന്ത്രദ്രഷ്ടാവുമായിത്തീര്‍ന്ന വിശ്വാമിത്രന്‍ അന്ന് മൂന്നുലോകത്തിലും സുവിജ്ഞാതമായിരുന്ന എല്ലാ ആയുധവിദ്യയും അസ്ത്രങ്ങളും പ്രയോഗസംഹാരങ്ങളോടുകൂടി രാമന് ഉപദേശിച്ചുകൊടുത്തിരുന്നു. മറവിയെന്നത് രാമസ്വഭാവത്തിലില്ലെന്ന് വാല്മീകി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വേണമായിരുന്നെങ്കില്‍ രാമന്‍ രാജ്യം പിടിച്ചെടുക്കുമായിരുന്നു എന്നാണ് ഇതിന്റെ അര്‍ഥം.


രാജ്യമെന്നല്ല ഒന്നും വേണ്ടാത്തവനാണ് രാമന്‍. ഒന്നും വേണ്ടാത്തവന്റെ ജീവിതം അജയ്യമായിരിക്കും, അനനുകാര്യമായിരിക്കും. ലൗകികമായ സംഘടിതശക്തിയുടെ മുമ്പില്‍ മുട്ടുമടക്കി അടിയറവുപറയുകയില്ല. എത്ര അറിഞ്ഞാലും രാമന്റെ വിചാരസാമ്രാജ്യം പിന്നെയും അറിയപ്പെടാതെ അവശേഷിക്കും. ഈ അറിയപ്പെടായ്കയാണ് രാമസ്വഭാവത്തിന്റെ അപൂര്‍വതയ്ക്കു കാരണം. അത് സ്രഷ്ടാവിന്റെ വിജയവും കൂടിയാണ്.
രാമനെ വാല്മീകി വര്‍ണിച്ചു:


 ''സമുദ്ര ഇവ ഗാംഭീര്യേ/ധൈര്യേണഹിമവാനിവ.''

ധര്‍മബോധത്തിന്റെ അചഞ്ചലതയില്‍ രാമന്‍ ഹിമാലയംപോലെയാണ്. കര്‍മനിശ്ചയത്തിന്റെ ആഴത്തില്‍ സമുദ്രം പോലെയും. നിരൂപകന്മാരുടെ കൂപപരിചയംകൊണ്ട് രാമനെ അളക്കാന്‍ പറ്റാതെവരുന്നത് ഇതുകൊണ്ടാണ്. സീതാപരിത്യാഗത്തെയും ബാലിശംബൂക വധങ്ങളെയും ഈ ധര്‍മശാസ്ത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം വിലയിരുത്താന്‍.

No comments:

Post a Comment