ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, July 24, 2017

സുന്ദരായനം - രാമായണം

 

hanumanരാമായണത്തിലെ ഏറ്റവും സുന്ദരമായ കാണ്ഡം, അതിന്റെ പേരുപോലെ സുന്ദരകാണ്ഡമാണെന്നതില്‍ തര്‍ക്കമില്ല.

”യഥാസര്‍വ്വേഷു രത്‌നേഷു കൗസ്തുഭഃ-
ശ്ലാഘ്യതേവര:
തഥാരാമായണേ ശ്രീമന്‍ സുന്ദരഃകാണ്ഡ
ഉത്തമഃ”

എന്നാണ് മഹത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

നൂറുയോജന വിസ്താരമുള്ള സമുദ്രം തരണംചെയ്ത്, ലങ്കയിലെത്തി, ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം നല്‍കി. സീതയെ അന്വേഷിച്ചു കണ്ടെത്തി. രാവണസേനയെ തച്ചുടച്ച്, അക്ഷകുമാരനെ വധിച്ച്, ബ്രഹ്മാസ്ത്രത്താല്‍ ബന്ധിതനായി, വാലിന്മേല്‍ കൊളുത്തിയ തീയില്‍ ലങ്കാപുരി ചുട്ടെരിച്ച്, ഒരു പോറല്‍പോലും പറ്റാതെ, കിഷ്‌കിന്ധയിലെത്തി സീതയെക്കണ്ട വിവരം ശ്രീരാമചന്ദ്രനെ ധരിപ്പിക്കുന്ന ഹനുമാന്റെ ചരിതം വായിച്ചാല്‍ മതിവരില്ല.

കരുത്തിന്റെ പര്യായമായ വായുദേവന്റെ പുത്രന്‍, പിതാവിന്റെ കഴിവുകള്‍ പൂര്‍ണമായും ലഭിപ്പവന്‍, ഊര്‍ജ്ജസ്വരൂപനായ സൂര്യദേവന്റെയും ശ്രീമഹാദേവന്റെയും സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെയും അനുഗ്രഹം നേടിയ വീരഹനുമാന്‍. വാനരകുലത്തില്‍പ്പിറന്ന മറ്റാര്‍ക്കും, കഴിയാത്ത മഹാകാര്യം, നിഷ്പ്രയാസം ചെയ്ത മഹാത്മാവ്.

സൂര്യകോടി സമപ്രഭനായ്, വായുവേഗത്തില്‍ ആകാശമാര്‍ഗത്തിലൂടെ, സമുദ്രത്തിന് മീതേ കുതിക്കുന്ന ശ്രീഹനുമാന്റെ യാത്ര എത്ര മനോഹരമായിട്ടാണ് വര്‍ണിച്ചിരിക്കുന്നത്.
നാഗമാതാവായ സുരസയുടെ വായില്‍നിന്ന്, കൗശലപൂര്‍വം രക്ഷപ്പെട്ട് കുതിക്കുന്ന ഹനുമാനെ സ്വീകരിച്ച് സല്‍ക്കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മൈനാക പര്‍വതത്തോട്, രാമകാര്യം നടത്താനായി പോകുന്ന തനിക്ക് ആ കാര്യം നടക്കുന്നവരെ, ഭക്ഷണവും വിശ്രമവുമില്ല എന്ന് സ്‌നേഹപൂര്‍വം പര്‍വതശ്രേഷ്ടനോട് യാത്ര പറയുന്ന ഹനുമാന്‍.

നിഴല്‍ പിടിച്ചുവലിച്ച് യാത്ര തടയാനൊരുമ്പെടുന്ന സിംഹിക എന്ന രാക്ഷസിയുടെ കഥകഴിച്ച് യാത്ര തുടരുന്ന വായുപുത്രന്റെ രൂപം ഒരിക്കലും മനസ്സില്‍നിന്ന് മായില്ല.
വാനരസഹജമായ ചാപല്യത്തോടെ രാവണനഗരിയിലെ ഉദ്യാനങ്ങള്‍ തച്ചുടയ്ക്കുന്ന, വന്‍മരങ്ങള്‍ കടപുഴക്കിയെറിയുന്ന കരുത്തനായ ഹനുമാന്‍ ആരെയും ആകര്‍ഷിക്കുന്ന വിധം രാമായണശീലുകളിലൂടെ നമുക്ക് മുന്നിലെത്തുന്നു.

ലങ്കാനഗരത്തിന്റെ സുന്ദരമായ ഒരു ചിത്രീകരണം ഇവിടെക്കാണാം. ലോകത്തുള്ള, സകലവിധ സൗന്ദര്യങ്ങളും ഒത്തുചേര്‍ന്ന പട്ടണത്തിന്റെ മുക്കിലും മൂലയിലും കവി നമ്മെക്കൊണ്ടുപോകുന്നു.
രാമായണം പൂര്‍ണമായും പാരായണം ചെയ്ത ഫലം, സുന്ദരകാണ്ഡം വായിക്കുന്നതിലൂടെ ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. ദൂതകാണ്ഡമായി അറിയപ്പെടുന്ന ഈ കാണ്ഡത്തിന്റെ തുടക്കംമുതല്‍ അതിസുന്ദരമായ പദപ്രയോഗങ്ങള്‍ നമുക്ക് കാണാം.

കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ
എന്നുള്ളതടക്കം എത്രയെത്ര മനോഹരമായ വരികള്‍,
സംസാരമാകുന്ന സാഗരം തരണംചെയ്ത് ലക്ഷ്യപ്രാപ്തിയിലെത്തുന്നതിന് സമുദ്രലംഘനം തൊട്ടാരംഭിക്കുന്ന ഭാഗങ്ങള്‍ വായിച്ചാല്‍ മതി.

ഏതുവിധത്തില്‍ നോക്കിയാലും ഏറ്റവും സുന്ദരമായ ഈ കാണ്ഡം വായിച്ച് സായുജ്യമടയാന്‍ ശ്രീരാമചന്ദ്രപ്രഭു സംഗതി വരുത്തട്ടെ.

No comments:

Post a Comment