ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, July 21, 2017

രാമായണത്തിലെ സ്ത്രീകള്‍ – താടക


ശ്രീരാമാവതാരത്തിന്റെ മുഖ്യലക്ഷ്യം രാവണ നിഗ്രഹമാണ്‌. രാക്ഷസവംശ നായകനാണല്ലോ രാവണന്‍. ലോകോപദ്രവകാരികളായി രാവണന്റെ തണലില്‍ കഴിയുന്ന അനേകം രാക്ഷസന്മാര്‍ വേറെയുണ്ട്‌. അവരെയും ഓരോന്നായി കൊന്നേ പറ്റൂ.
രാക്ഷസ നിഗ്രഹത്തിന്‌ ശ്രീരാമന്‍ ‘ഹരിഃശ്രീ’ കുറിക്കുന്നത്‌ താടക എന്ന മഹാരാക്ഷസിയുടെ മാറില്‍ ഒരമ്പയച്ചുകൊണ്ടാണ്‌. അങ്ങനെ ‘ഒരക്ഷരാഭ്യാസം’ നല്‍കുന്നതാകട്ടെ, വിശ്വാമിത്രമഹര്‍ഷിയും. സ്ത്രീവധം ശരിയല്ല. കുലഗുരു അങ്ങിനെയാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌ ബ്രഹ്മര്‍ഷിയായ വസിഷ്ഠന്‍. പക്ഷേ, രാജര്‍ഷിയായ വിശ്വാമിത്രന്റെ മാര്‍ഗം ഭിന്നമാണ്‌. അദ്ദേഹം രാമന്റെ സംശയങ്ങളെപ്പറ്റി ധൈര്യം പകര്‍ന്നു. “ലോകസംഗ്രഹാര്‍ത്ഥം ചെയ്യുന്നതൊന്നും പാതകമല്ല. മഹാവിഷ്ണുപോലും പണ്ട്‌ ഭൃഗുപത്നിയായ പുലോമനയെ വധിക്കുകയുണ്ടായി. അതിനാല്‍ ഭയപ്പെടേണ്ട. താടകയെ വധിച്ചോളൂ.”

താടക വാസ്തവത്തില്‍ സുകേതു എന്നുപേരായ യക്ഷന്റെ മകളാണ്‌. ആ നിലയ്ക്ക്‌ യക്ഷിയാണ്‌. മക്കളില്ലാത്തതില്‍ ദുഃഖിച്ചു ബ്രഹ്മാവിനെ തപസ്സുചെയ്തതിന്റെ ഫലമായാണ്‌ സുകേതുവിന്‌ താടകയെ മകളായി ലഭിച്ചത്‌. ആയിരം ആനകളുടെ ശക്തിയും അനേകം മായാപ്രവൃത്തികളും ബ്രഹ്മാവ്‌ അവള്‍ക്ക്‌ നല്‍കിയിരുന്നു.

താടകയുടെ ഭര്‍ത്താവ്‌ സുന്ദന്‍ ഒരിക്കല്‍ അഗസ്ത്യമഹര്‍ഷിയുടെ ആശ്രമം ആക്രമിച്ചു. മഹര്‍ഷിയുടെ ശാപത്താല്‍ സുന്ദന്‍ ഭസ്മമായിപ്പോയി. വിവരമറിഞ്ഞ്‌ താടക മക്കളായ സുബാഹു, മാരീചന്‍ എന്നിവര്‍ക്കൊപ്പം അഗസ്ത്യനെ ആക്രമിക്കാന്‍ ചെന്നു. അഗസ്ത്യന്‍ അവരെ ശപിച്ച്‌ രാക്ഷസരാക്കുകയാണ്‌ ചെയ്തത്‌.

രാക്ഷസരാക്കപ്പെട്ട താടകയും മക്കളും പിന്നെ പാതാളത്തില്‍പോയി രാക്ഷസവംശ പിതാവായ സുമാലിയുടെ കൂടെ താമസമാക്കി. കരുത്തനായ രാവണന്‍ ലങ്ക പിടിച്ചപ്പോള്‍ രാവണന്റെ കൂടെയായി താമസം. കുറെക്കഴിഞ്ഞപ്പോള്‍ താടകയേയും മക്കളെയും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക്‌ മാറാന്‍ രാവണന്‍ നിശ്ചയിച്ചു. അയോധ്യയ്ക്കടുത്തുള്ള കരൂഷം എന്ന ഘോരവനമാണ്‌ അതിന്‌ അയാള്‍ കണ്ടെത്തിയത്‌. അതില്‍പ്പിന്നെ, താടകയെ പേടിച്ച്‌ ആ വനത്തിനടുത്തുകൂടി പോലും ആര്‍ക്കും നടക്കാന്‍ വയ്യ എന്ന അവസ്ഥയായിത്തീര്‍ന്നു.

രാവണന്‍ വളരെ സൂക്ഷ്മതയോടെ ഒരു കരുനീക്കം നടത്തി. ലങ്കയിലിരിക്കുന്ന തന്റെ രാക്ഷസപ്രവൃത്തികള്‍ക്കായി അയോധ്യാപ്രാന്തത്തിലേക്ക്‌ നീട്ടിവച്ച കൈകളായിരുന്നു താടകയും മക്കളും. അതു കണ്ടറിഞ്ഞുതന്നെയാവണം, വിശ്വാമിത്ര മഹര്‍ഷി രാമലക്ഷ്മണന്മാരെയും കൂട്ടി ആ വഴിക്ക്‌ തന്റെ ആശ്രമത്തിലേക്ക്‌ നടന്നത്‌.

അങ്ങനെ, രാമബാണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായി താടക മരിച്ചുവീണു. അവള്‍ ശാപമുക്തയായി ഗന്ധര്‍വ്വലോകത്തിലേക്ക്‌ പോയി. പിന്നെ, യാഗവിഘ്നത്തിനെത്തിയ സുബാഹുവും കൊല്ലപ്പെട്ടു. മാരീചന്‍ തല്‍ക്കാലം രക്ഷപ്പെട്ടുവെന്നെയുള്ളൂ. സീതാപഹരണത്തിന്‌ നിമിത്തമായിക്കൊണ്ട്‌, രാമബാണത്തിനാല്‍ത്തന്നെ മാരീചനും പിന്നീട്‌ കൊല്ലപ്പെട്ടിരുന്നു, ആ കുടുംബം അവസാനിക്കുന്നു. രാവണ-രാക്ഷസ വെടിപ്പുരയിലേക്ക്‌ നീളുന്ന മരുന്നുതിരിയില്‍ തീകൊളുത്തലായിത്തീര്‍ന്നു താടകാവധം എന്നുപറയാം.

No comments:

Post a Comment