ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, July 19, 2017

കൊട്ടിയൂരിലെ പ്രകൃതി-പുരുഷ സങ്കല്‍പ്പം

മഹാദേവന്‍ ഉഗ്രമൂര്‍ത്തിയായി കുടികൊള്ളുന്ന ദക്ഷിണ കാശിയായ കൊട്ടിയൂരില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതിയില്‍ മനം തുടിച്ചു. വിശ്വപ്രകൃതിയുടെ അഭൗമ തേജസ് വിളങ്ങുന്ന കൊട്ടിയൂരില്‍ പ്രകൃതി-പുരുഷ മഹാസങ്കല്‍പ്പത്തിന്റെ സമ്മേളനം അനുഭവഭേദ്യമാകുന്നു. സതീ ദേവി ദേഹത്യാഗം ചെയ്ത അമ്മാറക്കല്ല് അമ്മ മറഞ്ഞ കല്ലാകുന്നത് ആ മറഞ്ഞിരിക്കുന്ന വിശ്വപ്രകൃതിയുടെ സാക്ഷ്യമാണ്.

ആദി നാഥനായ മഹാദേവന്‍ തന്റെ വിശ്വപ്രപഞ്ച രഹസ്യത്തെ ഡമരുവില്‍ താളനിബദ്ധമാക്കി കൊട്ടി പ്പാടുമ്പോള്‍ ആ ആദിനാദ വിസ്മയത്തെ പ്രണവം എന്ന പേരില്‍ ലോകം ഈശന്റെ നാമമായി നമസ്‌കരിച്ചു. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകര്‍ക്കറിയാന്‍ സാധിച്ചെങ്കിലും. അതിന്റെ പൂര്‍ണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാന്‍ അപൂര്‍വ്വം ചിലര്‍ക്കേ സാധിച്ചിട്ടുള്ളൂ. ഡമരുവില്‍ എങ്ങനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപോലെ പ്രകൃതിയും രഹസ്യത്തെ മറച്ചുവച്ചിരിക്കുന്നു. ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ അപ്പോള്‍ പ്രകൃതി ആ രഹസ്യം തുറന്നു വയ്ക്കും. അതിനു നാം ശിവനാകണം, ശിവോഹം അറിയണം.

ഭാരത ഖണ്ഡത്തില്‍ ഇതുപോലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങള്‍ നിരവധിയത്രെ. എത്രയോ സ്ഥലങ്ങളില്‍ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു. രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്ക്കു ഒരു സഞ്ചാരം നടത്തുകയാണെങ്കില്‍ നമ്മള്‍ പകല്‍ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അപ്പോള്‍. കാരണം നിമിഷങ്ങള്‍ക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താല്‍ പ്രകൃതി അന്തര്‍മുഖമാവുകയോ ബഹിര്‍മുഖമാവുകയോ ചെയ്യും.

ശിവം എന്നാല്‍ പരാത്പരപ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ്. അതിനെ ഭാവമെന്നു പറയാന്‍ പോലും സാധിക്കുമോ എന്നറിയില്ല. ഋഷികള്‍ മഹാലിംഗം എന്നതിനെ വിളിച്ചു.

പ്രകൃതിയുടെ കാരണം ഏതൊന്നില്‍ ലയത്താല്‍ സമ്പൂര്‍ണമാകുന്നുവോ, അതാണ് ശിവശക്തി. പ്രകൃതിയെ നന്നായറിഞ്ഞാല്‍ മാത്രമേ ശിവനെ സ്വയം അനുഭവിക്കാന്‍ സാധിക്കൂ. ഞാന്‍ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷന്‍. അല്ലാതെ വ്യക്തിഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നത് പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ്. അതുതന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞത് പ്രകൃതിയ്ക്കുള്ള പ്രാധാന്യം അറിയാന്‍ വേണ്ടിയാണ്.

എവിടെയോ ജനിക്കുന്നു, വളരുന്നു, സഞ്ചരിക്കുന്നു ഏതെങ്കിലുമൊരിടത്ത് അവസാനിക്കുന്നു. ആ സ്ഥലങ്ങളില്‍ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാന്‍ സാധിച്ചിട്ടുള്ളവര്‍ക്കാണ് യഥാര്‍ത്ഥ ആത്മീയരഥം നീക്കാന്‍ സാധിച്ചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാന്‍ എങ്ങനെ ഇവിടെത്തി എന്ന്.
ഭക്തരുടെ തീര്‍ത്ഥാടനവും, സംന്യാസിയുടെ ദേശാടനവും, യോഗിയുടെ അവധൂതവും, അഘോരികളുടെ ഭിക്ഷാടനവുമെല്ലാം അസ്തിത്വത്തെ അറിഞ്ഞുള്ള പോക്കാണ്. ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ച് സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും. അത് രഹസ്യാതി രഹസ്യവും പരാനന്ദഘനവുമായിരിക്കും എല്ലാവര്‍ക്കും എല്ലായിടവും സിദ്ധമാകണം എന്നില്ല. പക്ഷേ ചില ഇടങ്ങള്‍ കൂടുതല്‍ സിദ്ധികള്‍ ഘനീഭൂതമാക്കി വച്ചിരിക്കും .

ഹിമാലയം മുതല്‍ ചിലപ്പോള്‍ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങള്‍ക്ക് പ്രകൃതി നല്‍കിയിട്ടുണ്ടാവുക ..

കൊട്ടിയൂര്‍ പെരുമാളെ..
മഹാദേവ..
തിരുനടയ്ക്കല്‍ കാക്കണേ..
കനിവോളം തീ കൊണ്ടു നീ നെയ്ത കാലവും,
ത്രിപുടിയാല്‍ വെന്തു നീറുന്ന ഞാനും;
അക്ഷീണമെന്നേ കൈപിടിച്ചീടുന്ന മാത്രയില്‍ ഞാനങ്ങു
ഭസ്മമായി തീര്‍ന്നിടാം..
……….


ശിവ ശിവ
കണ്ടതെല്ലാംഅവിടുത്തെ രൂപം ഭഗവാനേ. കേട്ടതെല്ലാം
അവിടുത്തെ നാമവും
പരാത്പരന്‍ തന്നുടെ ലീലയാലഖിലവും
പരയുടെ കളിത്തൊട്ടിലല്ലയോ സര്‍വ്വവും

No comments:

Post a Comment