ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, July 17, 2017

രാമായണത്തിന്റെ ധാര്‍മ്മികസൗന്ദര്യം



വൈദേഹീസഹിതം സുമദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മദ്ധ്യേ പുഷ്പകമാസനേ മണിമയേ വീരാസനേ സംസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യാം പരം
വ്യാഖ്യാന്തം ഭരതാദിഭിഃ പരിവൃതം രാമം ഭജേ ശ്യാമളം.


കല്‍പവൃക്ഷച്ചുവട്ടിലെ സുവര്‍ണ്ണമണ്ഡപത്തില്‍ രത്നനിര്‍മ്മിതമായ പുഷ്പകം എന്നു പേരുള്ള വീരാസനത്തില്‍ സീതാസമേതനായി ഇരുന്നരുളുന്നവനും, മുന്നിലിരുന്നു ഹനുമാന്‍ വായിക്കുന്ന ഉപനിഷദ്കഥകളുടെ സാരാംശം മഹര്‍ഷിമാര്‍ക്കായി പറഞ്ഞുകൊടുക്കവേ, വ്യാഖ്യാവസാനം വരെ ഭരതന്‍ തുടങ്ങിയവരാല്‍ ചുറ്റും സേവിയ്ക്കപ്പെടുന്നവനും ശ്യാമളവര്‍ണ്ണനുമായ ശ്രീരാമചന്ദ്രനെ ഭജിയ്ക്കുന്നു.

വാല്മീകിരാമായണം ഭാരതത്തിന്റെ ഇതിഹാസം മാത്രമല്ല ആദികാവ്യം കൂടിയാണ്‌. പരമ്പരാഗതമായി വാല്മീകി ആദികവിയായും വാല്മീകിരാമായണം ആദികാവ്യമായും കണക്കാക്കപ്പെടുന്നു. അതുകൊണ്ട്‌ ഇതിഹാസത്തിന്റേയും കാവ്യത്തിന്റേയും മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതിയാണ്‌ വാല്മീകി രാമായണം. താഴെ ചേര്‍ക്കുന്ന വരികള്‍ വാല്മീകിരാമായണത്തിന്റെ അനശ്വരതയെ വ്യക്തമാക്കുന്നു.


യാവത്‌ സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹീതലേ
താവത്‌ രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.

ഗിരികളും പുഴകളും ഉള്ള കാലം വരെ രാമായണകഥ ലോകത്ത്‌ നിലനില്‍ക്കും. അത്‌ കാലങ്ങളായി സാമാന്യജനതയുടെ ജീവിതത്തെ പലരീതിയില്‍ പവിത്രീകരിച്ച്‌ കൊണ്ടിരിയ്ക്കും. രാമകഥയിലെ ജീവിതമുഹൂര്‍ത്തങ്ങളും ധാര്‍മ്മികബോധവും ജനങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതത്തെ എത്രയോ കാലമായി ഉണര്‍ത്തുകയും നവീകരിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. അതുകൊണ്ടാണ്‌ മധുരവും മധുരാക്ഷരവുമായ രാമമന്ത്രം ഉരുവിടുന്നതും കവിതാശാഖയില്‍ കേറിയിരിയ്ക്കുന്നതുമായ വാല്മീകികോകിലത്തെ നാം വന്ദിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്യുന്നത്‌:

വാല്മീകിരാമായണത്തിന്റെ രചനയ്ക്കുശേഷം പല കാലങ്ങളിലായി നിരവധി രാമായണങ്ങള്‍ പുറത്തുവന്നു. കാലനിര്‍ണ്ണയരാമായണം, ആഞ്ജനേയരാമായണം, കണ്ണശ്ശരാമായണം, അദ്ഭുതരാമായണം, ആനന്ദരാമായണം, യോഗവാസിഷ്ഠം അഥവാ വസിഷ്ഠരാമായണം, അദ്ധ്യാത്മരാമായണം, തത്ത്വസംഗ്രഹരാമായണം തുടങ്ങി അനേകം രാമായണ രചനകള്‍ നിലവിലുണ്ട്‌. പ്രാദേശിക ഭാഷകളിലും രാമായണ കഥയ്ക്ക്‌ നിരവധി പാഠാന്തരങ്ങളുണ്ടായി.

ഹിന്ദിയിലെ രാമചരിതമാനസവും വംഗഭാഷയില്‍ രചിയ്ക്കപ്പെട്ട കൃത്തിവാസരാമായണവും തമിഴകത്തെ കമ്പരാമായണവും മലയാളത്തില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും പ്രാദേശികഭാഷാ രാമായണങ്ങളില്‍ മികച്ചുനില്‍ക്കുന്നവയാണ്‌. ഇന്ത്യയില്‍ മാത്രമല്ല ബര്‍മ്മ, സിലോണ്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രാമായണകഥയുടെ വൈവിധ്യപൂര്‍ണ്ണമായ പാഠാന്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാമായണകഥ മുഴുവന്‍ ഒറ്റശ്ലോകത്തില്‍ സംഗ്രഹിച്ച താഴെ ചേര്‍ക്കുന്ന ഏകശ്ലോകീരാമായണവും കൗതുകകരമാണ്‌:


പൂര്‍വം രാമതപോവനാദിഗമനം
ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം
ലങ്കാപുരീമര്‍ദ്ദനം
പശ്ചാത്‌ രാവണകുംഭകര്‍ണനിധനം
പ്രായേണ രാമായണം.

ഗായത്രീരാമായണം, ശ്രീനാമരാമായണം എന്നിവയും ഏറെ അറിയപ്പെടുന്നവയാണ്‌.

രാമായണകഥയെ ആസ്പദമാക്കി പില്‍ക്കാലത്ത്‌ രചിയ്ക്കപ്പെട്ട സാഹിത്യകൃതികള്‍ക്ക്‌ കണക്കില്ല. പത്തൊമ്പത്‌ സര്‍ഗങ്ങളുള്ള കാളിദാസന്റെ രഘുവംശമഹാകാവ്യമാണ്‌ അവയില്‍ മികച്ചത്‌. ഭവഭൂതിയുടെ ഉത്തരരാമചരിതം മഹാവീരചരിതം എന്നീ രണ്ടുനാടകങ്ങള്‍ രാമായണകഥാനുസാരികളാണ്‌. ‘ഉത്തരേ രാമചരിതേ ഭവഭൂതിര്‍വിശിഷ്യതേ’ എന്ന ചൊല്ല്‌ പ്രസിദ്ധമാണ്‌. ഭാസന്റെ പ്രതിമാനാടകവും അഭിഷേകനാടകവും രാമായണകഥയെ അവലംബിച്ച്‌ എഴുതപ്പെട്ടവയാണ്‌. പ്രവരസേനന്റെ സേതുബന്ധനം, ഭട്ടിയുടെ ഭട്ടികാവ്യം, കുമാരദാസന്റെ ജാനകീഹരണം അഭിനന്ദന്റെ രാമചരിതം മല്ലന്റെ ഉദാരരാഘവം, ജാനകീപരിണയം എന്നീ മഹാകാവ്യങ്ങള്‍, അജ്ഞാതകര്‍ത്തൃകമായ ഉദാത്തരാഘവം, ദിങ്ങ്നാഗന്റെ കുണ്ടമാല, മുരാരിയുടെ അനര്‍ഘരാഘവം, രാജശേഖരന്റെ ബാലരാമായണം, അജ്ഞാതകര്‍ത്തൃകമായ മഹാനാടകം, കേരളീയ ഗ്രന്ഥകാരനായ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിനാടകം തുടങ്ങി പില്‍ക്കാലത്ത്‌ പ്രത്യക്ഷപ്പെട്ട ഒട്ടേറെ കൃതികള്‍ രാമായണ കഥയുടെ പ്രഭാവം സൂചിപ്പിയ്ക്കുന്നുണ്ട്‌. മാത്രമല്ല പുതിയ കാലത്ത്‌ വിവിധരൂപഭാവങ്ങളില്‍ രാമായണകഥയുടെ ആവിഷ്കാരം വന്നുകൊണ്ടിരിയ്ക്കുന്നു. ഇപ്രകാരം രാമായണകഥ ജനമനസ്സുകളില്‍ കാലാതിവര്‍ത്തിയായി വിരാജിയ്ക്കുന്നു.
വാല്മീകിയുടെ രാമായണേതിഹാസത്തിന്ന്‌ പില്‍ക്കാലത്ത്‌ ഉണ്ടായ പുനരാഖ്യാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്‌ എ. ഡി. പതിനാലാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ടു എന്നു വിശ്വസിയ്ക്കപ്പെടുന്ന അജ്ഞാതകര്‍ത്തൃകമായ അദ്ധ്യാത്മരാമായണമാണ്‌. ആദ്ധ്യാത്മികമായ തത്ത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത്‌ സംസ്കൃതത്തില്‍ രചിയ്ക്കപ്പെട്ട കൃതിയാണിത്‌. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യവും തദനുബന്ധിയായ ആശയങ്ങളും അദ്ധ്യാത്മരാമായണത്തിലെ മുഖ്യപ്രമേയാംശമാണ്‌. അറുപത്തിയഞ്ച്‌ സര്‍ഗങ്ങളിലായി ഈ കൃതിയില്‍ രാമായണകഥ പറയപ്പെട്ടിരിയ്ക്കുന്നു. ആദ്ധ്യാത്മികതത്ത്വങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അദ്ധ്യാത്മരാമായണത്തിലെ ‘രാമഗീത, ലക്ഷ്മണോപദേശം’ തുടങ്ങിയ ഭാഗങ്ങള്‍ ആത്മജ്ഞാനപരമായ ആശയങ്ങളാല്‍ നിര്‍ഭരങ്ങളാണ്‌.


കഥാനായകനായ രാമന്‍ തീര്‍ത്തും വിഷ്ണുവിന്റെ അവതാരരൂപമായാണ്‌ കൃതിയില്‍ ആവിഷ്കരിയ്ക്കപ്പെടുന്നത്‌. ജീവാത്മ-പരമാത്മഭാവങ്ങള്‍ക്ക്‌ പ്രകടമായ പ്രാധാന്യം കൊടുത്തുകൊണ്ട്‌ രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണം ഒരു കാവ്യത്തെക്കാളേറെ അദ്ധ്യാത്മഗ്രന്ഥം എന്ന രീതിയിലാണ്‌ പില്‍ക്കാലത്ത്‌ കൊണ്ടാടപ്പെട്ടത്‌. മധ്യകാലത്ത്‌ ഭാരതം മുഴുവന്‍ വീശിയടിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രഭാവത്തില്‍ പിറന്ന ഒരു കൃതി എന്ന നിലയില്‍ ധര്‍മ്മബോധപ്രചാരണമാണ്‌ അദ്ധ്യാത്മരാമായണത്തിന്റെ രചനകൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാണ്‌. സീതാദേവി രാമനെക്കുറിച്ച്‌ പറയുന്ന ഒരു ഭാഗം ഇപ്രകാരമാണ്‌:


രാമം വിദ്ധി പരം ബ്രഹ്മ
സച്ചിദാനന്ദമദ്വയം
സര്‍വോപാധിവിനിര്‍മുക്തം
സത്താമാത്രമഗോചരം.

രാമായണകഥയെ ആസ്പദമാക്കി തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ മലയാളിമനസ്സില്‍ ചെലുത്തിയ പ്രഭാവം ഏറെ ആഴമേറിയതാണ്‌. സംസ്കൃതത്തില്‍ രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണത്തെ ആധാരമാക്കിയാണ്‌ എ. ഡി. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന്‌ വിശ്വസിയ്ക്കപ്പെടുന്ന എഴുത്തച്ഛന്‍ തന്റെ കൃതി രചിച്ചത്‌. ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനതയില്‍ എഴുതപ്പെട്ട ഒരു രചനയാണ്‌ ഇതെന്ന്‌ എഴുത്തച്ഛന്റെ താഴെ ചേര്‍ക്കുന്ന വരികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌:

ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ്‌ വന്നുകൂടും.

മൂലത്തിലുള്ള 2400-ല്‍ പരം പദ്യങ്ങളെ അടിസ്ഥാനമാക്കി എഴുത്തച്ഛന്‍ എണ്ണായിരത്തോളം ഈരടികളില്‍ തന്റെ കിളിപ്പാട്ടിന്റെ രചന നടത്തിയിരിയ്ക്കുന്നു. അദ്ധ്യാത്മരാമായണത്തില്‍ പറയാത്ത പലകാര്യങ്ങളും എഴുത്തച്ഛന്‍ തന്റെ കൃതിയില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്‌. രാമകഥ കേവലമായി പറയുക എന്നല്ല അത്‌ എപ്രകാരം ജനമനസ്സില്‍ ധാര്‍മ്മികബോധം സൃഷ്ടിയ്ക്കാനുതകും എന്ന്‌ അന്വേഷിയ്ക്കുകയായിരുന്നു എഴുത്തച്ഛന്‍ ചെയ്തത്‌. രാമഭക്തിയിലൂടെ മനുഷ്യര്‍ പവിത്രീകരിയ്ക്കപ്പെടുമെന്ന്‌ അദ്ദേഹം കരുതി.


രാമായണകഥയില്‍ നിറഞ്ഞുനില്‍ക്കുന്ന ഹനുമാന്‍ രാമഭക്തിയുടെ പ്രതീകമാണ്‌. ഹനുമാന്റെ അന്തരംഗം മുഴുവന്‍ രാമഭക്തിയാല്‍ നിര്‍ഭരമത്രെ. എന്നാല്‍ ഒരു ഭക്തികാവ്യം എന്ന നിലയ്ക്കു മാത്രമല്ല അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ പ്രാധാന്യം. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ധ്യാത്മരാമായണം നല്‍കിയ സംഭാവന ചെറുതല്ല. മലയാളഭാഷയുടെ പിതാവായി അദ്ദേഹം കൊണ്ടാടപ്പെടുന്നതിന്റെ സാംഗത്യം അതാണ്‌. മലയാളഭാഷാശൈലിയുടെ തെളിമ, വിപുലമായ പദസമ്പത്ത്‌, ഭാഷാപ്രയോഗങ്ങളുടെ വൈവിധ്യം, കാവ്യഭാഷയുടെ ഭംഗി എന്നീ ഘടകങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയെ ഊര്‍ജ്ജസ്വലമാക്കി. ഒരു ഭാഷ എന്ന നിലയില്‍ മലയാളഭാഷയ്ക്ക്‌ കൈവന്ന അപൂര്‍വ്വ സൗഭാഗ്യമായിരുന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചന.

രാമായണകഥാനുസാരിയായ മറ്റു കൃതികള്‍ക്ക്‌ ലഭിയ്ക്കാത്ത പ്രസിദ്ധിയും പ്രചാരവുമാണ്‌ എഴുത്തച്ഛന്റെ കിളിപ്പാട്ടിന്‌ ലഭിച്ചത്‌.

വാല്മീകിരാമായണത്തിലെ രാമന്‍ ആദര്‍ശശാലിയായ മനുഷ്യനാണെങ്കില്‍ എഴുത്തച്ഛന്റെ കിളിപ്പാട്ടിലെ രാമന്‍ ഈശ്വരസ്വരൂപനാണ്‌. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരരാമായണം എന്നീ എഴുഭാഗങ്ങളായി രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ഭക്തിരസപ്രധാനമായ, അദ്ധ്യാത്മതത്ത്വപ്രതിപാദകമായ നിരവധി ഭാഗങ്ങള്‍ എഴുത്തച്ഛന്‍ ബോധപൂര്‍വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കൗസല്യാസ്തുതി, അഹല്യാസ്തുതി, ജടായുസ്തുതി, നാരദസ്തുതി തുടങ്ങി സ്തോത്രകവിതയുടെ ശീലുകളില്‍ രചിയ്ക്കപ്പെട്ട ഭാഗങ്ങള്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ സുലഭമാണ്‌. അതുപോലെത്തന്നെ ലക്ഷ്മണോപദേശം, ആദിത്യമന്ത്രം തുടങ്ങിയ ഭാഗങ്ങള്‍ ഏറെ ധാര്‍മ്മികസൗന്ദര്യം ഉള്ളവയാണ്‌. ഇപ്രകാരം ഭക്തികാവ്യമെന്ന നിലയ്ക്കും സാഹിത്യകൃതി എന്ന നിലയ്ക്കും അഭ്യര്‍ഹിതമായ സ്ഥാനം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുണ്ട്‌ എന്ന്‌ വ്യക്തമാണ്‌. രാമായണകഥാപാരായണം ജീവന്‍മുക്താവസ്ഥയിലേക്ക്‌ നയിക്കുന്നു എന്ന വിശ്വാസം ജനമനസ്സുകളില്‍ രൂഢമൂലമാണ്‌.


യസ്തു പ്രത്യഹമധ്യാത്മരാമായണമനന്യധീഃ
യഥാശക്തി വദേത്‌ ഭക്ത്യാ സ ജീവന്‍മുക്ത ഉച്യതേ.

ആ പുണ്യകഥാപാരായണം നമ്മെയും നമ്മുടെ തലയുറയെയും മുക്തിസ്ഥാനമായ വൈകുണ്ഠപദത്തിലേക്കു തന്നെ നയിക്കും.

ശ്രീരാമേത്യേകദാ വക്തും മനോ യസ്യ പ്രവര്‍ത്തതേ
വൈകുണ്ഠവാസിനസ്തസ്യ കുലമേകോത്തരം ശതം.



കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌



No comments:

Post a Comment