ഭാഗം:-1
സ്‌കന്ദായ കാര്‍ത്തികേയായ പാര്‍വതീനന്ദനായ ച മഹാദേവ കുമാരായ സുബ്രഹ്മണ്യായ തേ നമഃ |
🌷 വേൽമുരുകാ ഹരഹരോ
ഹരഹരാ.....1🌷
〰〰〰〰〰〰〰〰〰〰〰
ദക്ഷന്റെ യാഗാഗ്നിയിൽ പതിച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനു ശേഷം ശിവൻ ദക്ഷിണാമൂർത്തി ഭാവത്തെ അവലംബിച്ച് പേരാൽ ചുവട്ടിൽ കഠിന തപസ്സനുഷ്ഠിക്കാൻ തുടങ്ങി. ഇക്കാലത്തു തന്നെ ശുക്രാചാര്യരുടെ ശിഷ്യയും അസുരേന്ദ്രൻ എന്ന അസുര രാജാവിന്റെ പുത്രിയുമായ മായ കശ്യപ മുനിയെ പ്രലോഭിപ്പിച്ച് ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ മൂന്നു പുത്രന്മാരെ നേടിയെടുത്തു. ഇവർ മൂവരും വളർന്നു, ശുക്രാചാര്യന്റെ കീഴിൽ വിദ്യകളെല്ലാം അഭ്യസിച്ചു. അങ്ങനെ ശുക്രാചാര്യന്റെ ഉപദേശപ്രകാരം അവർ ബ്രഹ്മാവിനെ തപസ്സു ചെയ്യാൻ തുടങ്ങി. അവരുടെ കഠിനമായ തപസ്സിനോടുവിൽ ബ്രഹ്മാവ് പ്രത്യക്ഷനായി. ബ്രഹ്മാവിൽ നിന്ന് അവർ അജയ്യത്വം ഒഴികെ അവർ ആഗ്രഹിച്ച മറ്റു വരങ്ങൾ നേടിയെടുത്തു. പിന്നെ ശിവപുത്രനു മാത്രമേ തങ്ങളെ വധിക്കാനാകാവൂ എന്ന വരം കൂടി നേടി. ശിവൻ പത്നീവിരഹിതനായി കഴിയുന്നതു കൊണ്ട് എങ്ങനെ ശിവപുത്രൻ ജനിക്കുക എന്നു കരുതിയായിരുന്നു അവർ അപ്രകാരം ഒരു വരം നേടിയത്. ഇതിനു ശേഷം പതിവ് പോലെ തന്നെ ആ അസുരന്മാർ ദേവലോകം കീഴടക്കി ഭരിക്കാൻ തുടങ്ങി.
അങ്ങനെ ദേവലോകം നഷ്ടപ്പെട്ട് ദുഃഖത്തിൽ കഴിയുകയായിരുന്നു ദേവന്മാർ. അവർ ഇതിനൊരു പരിഹാരം കാണുവാൻ വേണ്ടി ബ്രഹ്മദേവനെ സമീപിച്ചു. ബ്രഹ്മാവ് താൻ അവർക്ക് കൊടുത്ത വരത്തെപ്പറ്റി ദേവന്മാരോട് പറഞ്ഞു. ആയതിനാൽ അവരോട് ശിവഭഗവാനേ കാണുവാൻ ഉപദേശിച്ചു. ധ്യാനത്തിൽ ലയിച്ചിരിക്കുന്ന ശിവ ഭഗവാനേ അവർ നേരിൽ കാണുവാൻ പോയില്ല. പകരം ദേവേന്ദ്രൻ ശിവന്റെ ധ്യാനത്തിന് ഭംഗം വരുത്തുവാനും ഹിമവാന്റെ പുത്രിയായ ശ്രീ പാർവ്വതിയിൽ ശിവന് കാമമുണ്ടാകുന്നതിനും വേണ്ടി കാമദേവനെ നിയോഗിച്ചു. ശ്രീപാർവ്വതി ശിവഭഗവാനെ തന്റെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി കഠിന തപസ്റ്റ് അനുഷ്ഠിക്കുന്ന കാലയളവിൽ തന്നെയാണ് ദേവേന്ദ്രൻ തന്റെ ഈ കൗശലവും ഉപയോഗിച്ചത്.
അങ്ങനെ കാമദേവൻ ശിവ ഭഗവാൻ തപസ്സു ചെയ്യുന്ന സ്ഥലത്തെത്തി. ഉടൻ തന്നെ കാമദേവൻ ശങ്കരനു നേരേ ബാണം തൊടുത്തു. ധ്യാനത്തിനു ഭംഗം വന്ന ശിവ ഭഗവാന് കോപം വന്നു. പെട്ടെന്നു തന്നെ തന്റെ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. അങ്ങനെ കാമമെന്ന വികാരം കാമനിലൂടെ ഒരു പിടി ചാരമായി മാറി. കാമമെന്ന വികാരം ഉപയോഗിച്ച് ശങ്കരനിലും പാർവ്വതിയിലും പ്രണയം ഉണ്ടാക്കി, കുമാരസംഭവം യാഥാർത്ഥമാക്കാനുള്ള ദേവന്മാരുടെ മോഹം വ്യാമോഹമായി നിലകൊണ്ടു.
ഇവിടെ വിവേകികളായ ദേവന്മാർ പോലും താല്പര്യത്തിന്റെ കയത്തിൽ മുങ്ങി പോകുന്നു. അവർ ലക്ഷ്യങ്ങൾ നേടുന്നതിന് തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിച്ചു. അതിനായി കാമദേവനെ വിനിയോഗിച്ചു. അങ്ങനെ ദേവന്മാരുടെ ദുരാഗ്രഹങ്ങൾ കാമദേവനിലൂടെ ചാരമായി മാറി. ഭക്തിയെ മറന്ന് തെറ്റായ വഴി സ്വീകരിച്ചവർ, ഈശ്വരനെ നിന്ദിക്കുകയാണ് ചെയ്തതെന്ന് സ്വന്തം അനുഭവത്തിലൂടെ ദേവന്മാർ മനസ്സിലാക്കി. അവർക്ക് അങ്ങനെ വിവേകമുദിച്ചു. ദേവന്മാർ കൈലാസനാഥന്റെ പാദങ്ങളിൽ അഭയം പ്രാപിച്ച് ശിവഭഗവാനെ സ്തുതിച്ചു. സ്തുതി ഗീതങ്ങൾ കേട്ട ഭഗവാൻ പ്രസന്നനായി. തുടർന്ന് ദേവന്മാർ തങ്ങളുടെ ദുഃഖം ഭഗവാനെ അറിയിച്ചു. എല്ലാം അറിയുന്ന ഭഗവാൻ അതിനുള്ള പരിഹാരവും ദേവന്മാരോട് അരുൾ ചെയ്തു. തുടർന്ന് ശിവഭഗവാൻ കഠിന തപസ്സ് അനുഷ്ഠിക്കുന്ന പാർവ്വതിദേവിക്കു മുന്നിൽ പ്രത്യക്ഷയായി. ദേവിയുടെ ആഗ്രഹം ഉടൻ തന്നെ സഫലമാകും എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. ശിവദർശനത്തിനു ശേഷം പാർവതി ദേവി തപസ്സുമതിയാക്കി. അതോടെ ബ്രഹ്മാവും വിഷ്ണുഭഗവാനും സന്തുഷ്ടരായി, കൂടെ ദേവന്മാർക്ക് ആശ്വാസവും ലഭിച്ചു. ഇനി ഉടൻ ഗിരിജാ കല്ല്യാണം നടക്കും. ആയതിനാൽ എല്ലാവരും ശാന്തചിന്തരായി ശിവഭഗവാനെ സ്തുതിച്ചു.
അങ്ങനെ ആ നാൾ വന്നെത്തി ഭൂതപരിസേവിതനായി ശ്രീ പരമേശ്വരൻ പാർവ്വതിയെ പാണീഗ്രഹണം ചെയ്യുന്നതിന് വൃഷാരൂഢനായി ദേവാദികളോടു കൂടി യാത്ര തിരിച്ചു. ശംഖനാദം മഴങ്ങി, ഗന്ധർവ്വന്മാർ ഗാനം ആലപിച്ചു. അപ്സരസ്സുകൾ നൃത്തം ചവിട്ടി. അങ്ങനെ കമലാസനനും, കമലനാഭനും, ഇന്ദ്രനും മറ്റു ദേവന്മാരും, ഋഷി മുനിന്മാരും, ഗന്ധർവ്വ കിന്നരന്മാരുമായി ഒന്നിച്ച് എഴുന്നെള്ളുന്ന ശിവ ഭഗവാന്റെ കമനീയ രൂപം ദർശിച്ച് ദൂരെ നിന്നു തന്നെ എല്ലാവരും ഭഗവാനെ മനസ്സാവണങ്ങി. വരന്റെ ഘോഷയാത്ര സമീപമെത്തിയപ്പോൾ പർവ്വതരാജൻ സ്നേഹ ഭക്തി ബഹുമാനത്തോടെ ആർഭാടപൂർവ്വം അവരെ സ്വീകരിച്ചാനയിച്ചു.
അതോടെ വിവാഹ വേദിയിൽ കൊട്ടും വാദ്യമേളങ്ങളും ആരംഭിച്ചു. വാദ്യമേളങ്ങളും കുരവയും താലപ്പൊലിയുമായി പർവ്വത രാജൻ വരനെ വേദിയിലേയ്ക്കാനയിച്ചിരുത്തി. കർമ്മങ്ങൾ തുടങ്ങി അല്പ നിമിഷങ്ങൾക്കുള്ളിൽ അന്തഃപുരത്തിൽ നിന്നും അണിഞ്ഞൊരുങ്ങി പ്രസന്നയായി നിന്നിരുന്ന പാർവ്വതിയെ സഖികളും മാതാവും ചേർന്ന് വേദിയിലെത്തിച്ചു. തുടർന്ന് പുഷ്പവൃഷ്ടിയോടെ ശ്രീ മഹാദേവൻ ശ്രീപാർവതീ ദേവിയെ പാണീഗ്രഹണം ചെയ്തു. അങ്ങനെ പാർവ്വതീപരിണയം ഭംഗിയായി നടന്നു. എല്ലാവർക്കും സന്തോഷമായി. ശിവൻ പത്നീസമേതം കൈലാസത്തിലേക്ക് യാത്രയായി.
No comments:
Post a Comment