ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, June 3, 2017

ജ്ഞാനപ്രാപ്തിക്ക് പ്രകൃതി നിരീക്ഷണത്തിന്റെ പ്രാധാന്യം


ശ്രീമദ്ഭാഗവതം ഏകാദശസ്‌കന്ധത്തില്‍ പ്രകൃതിയെ ഗുരുവായി സ്വീകരിക്കണമെന്ന് യാദവവംശ സ്ഥാപകനായ യദു മഹാരാജാവിനോട് അവധൂതന്‍ (ശ്രീദത്താത്രേയന്‍) ഉപേശിക്കുന്നു.  ശ്രീകൃഷ്ണ-ഉദ്ധവ സംവാദത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് ഈ ഭാഗം ഉദ്ധവര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്. 24 ഗുരുക്കന്മാരെക്കുറിച്ച് ഈ ഭാഗത്താണ് പ്രതിപാദിക്കുന്നത്.

ഒരിക്കല്‍ പരമാനന്ദത്തോടെ നിര്‍ഭയനായി നടക്കുന്ന അവധൂതനെക്കണ്ട് ധര്‍മ്മ തല്‍പരനായ യദു മഹാരാജാവ് അതിനു കാരണം തിരക്കി. ജഡനെപ്പോലെ നിഷ്‌കര്‍മ്മിയായി നടന്നിട്ടും ബാലനെപ്പോലെ ആനന്ദവാനായും ഒപ്പം നിര്‍വികാരനായും നിര്‍മ്മമനായും കഴിയുന്ന അവധൂതനെ കണ്ട് യദു അദ്ഭുതപ്പെട്ടു. കാരണം യദു അന്വേഷിച്ചു.
അവധൂതന്‍ വിശദീകരിച്ചു.


ഭൂമി, വായു, ആകാശം, വെള്ളം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, കപോതപ്പക്ഷി, പെരുമ്പാമ്പ്, സിന്ധു സമുദ്രം, പാറ്റ, വണ്ട്, ആന, തേനെടുക്കുന്നവന്‍, മാന്‍, മീന്‍, പിങ്ഗള എന്ന വേശ്യാസ്ത്രീ, കുരരപ്പക്ഷി, ബാലകന്‍, കന്യക, ശരമുണ്ടാക്കുന്നവന്‍, സര്‍പ്പം, എട്ടുകാലി, വേട്ടാളന്‍ എന്നിവരാണ് ഞാന്‍ പറഞ്ഞ 24 ഗുരുക്കന്മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഞാന്‍ വിദ്യ അഭ്യസിച്ചത്. ഇവരാണ് എനിക്ക് ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ജ്ഞാനം ദാനം ചെയ്തത്.
ഭൂമിയുടെ ദുര്‍ഗമസ്ഥാനങ്ങളായ, പര്‍വതങ്ങള്‍, വനങ്ങള്‍ (വൃക്ഷങ്ങള്‍) എന്നിവയില്‍നിന്നാണ് നമ്മുടെ പ്രവൃത്തികള്‍ പരോപകാരകമായിരിക്കണമെന്ന് പഠിച്ചത്.


”അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നുസുഖത്തിനായ് വരേണം” 

എന്ന ഗുരുവചനം ശ്രദ്ധേയം.

”സ്‌നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും”

ഇതെല്ലാം പര്‍വതരാജന്‍ പഠിപ്പിക്കുന്നു, വൃക്ഷങ്ങള്‍ പഠിപ്പിക്കുന്നു. സ്വയം കൊടുംവെയില്‍ ഏറ്റു വൃക്ഷങ്ങള്‍ അന്യര്‍ക്ക് തണലേകുന്നു. പക്ഷികള്‍ക്ക് താവളമൊരുക്കുന്നു. വിശക്കുന്നവര്‍ക്ക് ഫലങ്ങള്‍ നല്‍കുന്നു.

ഭൂമിയുടെ സമതല പ്രദേശങ്ങളായാലും ദുര്‍ഗമ പ്രദേശങ്ങളായാലും നമുക്കുവേണ്ടി ചെയ്യുന്ന സഹായങ്ങള്‍ നിരവധിയാണ്. അതുകൊണ്ടാണ് നമ്മുടെ സംസ്‌കാരം ഭൂമിയെ മാതാവായി വാഴ്ത്തുന്നത്. അതിനാലാണ് ”പാദസ്പര്‍ശം ക്ഷമസ്വമേ” എന്ന് പ്രാര്‍ത്ഥിച്ച് നാം നിത്യജീവിതം ആരംഭിക്കുന്നത്.


No comments:

Post a Comment