ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, June 25, 2017

ശ്രീലളിതാ ത്രിശതീസ്തോത്രം

Image result for ശ്രീലളിതാ സ്തോത്രം

ലളിതാത്രിശതീ ലളിതാംബികദേവിയുടെ മുന്നൂറു നാമങ്ങളടങ്ങിയതാണ്.
ലളിതാംബികയുടെ ആയിരം നാമങ്ങളുള്ള രഹസ്യനാമസാഹസ്രം പോലെ ഈ സ്തോത്രവും അഗസ്ത്യമഹർഷിയുടെ കാരുണ്യം കൊണ്ട് നമുക്കു ലഭിച്ചതാണ്. ബ്രഹ്മാണ്ഡപുരാണത്തിൽ അഗസ്ത്യഹയഗ്രീവ സംവാദ രൂപത്തിൽ ചേർത്തിട്ടുള്ള ലളിതോപാഖ്യാന ഖണ്ഡത്തിലാണ് ഈ സ്തോത്രം ഉള്ളത്.


ലോകർക്ക് കലിബാധയിൽ നിന്നു മോചനം കിട്ടാനുള്ള മാർഗ്ഗം ആരാഞ്ഞ അഗസ്ത്യമഹർഷിക്ക് ഹയഗ്രീവൻ ലളിതോപാഖ്യാനം ഉപദേശിച്ചു. അതുകൊണ്ട്  മഹർഷി തൃപ്തനാകുന്നില്ലെന്നു കണ്ട് ശ്രീവിദ്യാമന്ത്രത്തിന്റെ വ്യാഖ്യാനരൂപവും ഗുഹ്യതമവുമായ ലളിതാസഹസ്രനാമം ഉപദേശിച്ചു. ഇത്രയും കൊണ്ട് അഗസ്ത്യൻ സന്തുഷ്ടനായെങ്കിലും അദ്ദേഹത്തിനു പൂർണ്ണമായ തൃപ്തി ഉണ്ടായില്ല. എന്തുകൊണ്ടാണു പൂർണ്ണമായ തൃപ്തി ഉണ്ടാകാത്തതെന്ന് അദ്ദേഹം ഹയഗ്രീവനോട് ആരാഞ്ഞു. " ഇനിയും അറിയേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് എനിക്ക് പറഞ്ഞു തരേണമേ " എന്നു പറഞ്ഞു കൊണ്ട് മഹർഷി ഹയഗ്രീവനെ നമസ്കരിച്ച് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ചു. 

ത്രിമൂർത്തികളുൾപ്പെടെയുള്ള ദേവസമൂഹത്തിനും അസുരൻമാർക്കും മഹർഷിമാർക്കും ആദരണീയനായ മഹർഷി തന്റെ കാൽക്കുപിടിച്ചപ്പോൾ ഭീതനായ ഹയഗ്രീവൻ " ഇതെന്ത് , ഇതെന്ത് വിടുക, വിടുക " എന്ന് മഹർഷി യോടു പറഞ്ഞു കൊണ്ട് ചിന്താക്രാന്തനായിത്തീർന്നു. മൗനമായിരുന്ന ഹയഗ്രീവന്റെ പാദങ്ങളിലെ പിടിവിടാതെ മഹർഷിയും ഇരിപ്പായി.
അപ്പോൾ കാമേശ്വരനോടു കൂടിയ ലളിതാംബിക ഹയഗ്രീവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇരുവരും ചേർന്ന് ലളിതാത്രിശതീസ്ത്രോത്രം ഹയഗ്രീവന് ഉപദേശിച്ചു. " ഞങ്ങൾ ഇരുവരും ചേർന്നു പറഞ്ഞ ഈ സ്തോത്രം സർവ്വ പൂർത്തീകരിയാണ്. എല്ലാ ക്രിയകളുടേയും വൈകല്യങ്ങൾ ഈ സ്തോത്രം കൊണ്ടുമാറി അവയ്ക്കു പൂർണ്ണത ഉണ്ടാകും. 'സർവ്വപൂർത്തീകരി'  എന്നു ഞാൻ പേരു നൽകിയ ഈ സ്തോത്രം നീ അഗസ്ത്യന് ഉപദേശിക്കുക. ഇത് സ്വീകരിക്കാൻ അഗസ്ത്യൻ യോഗ്യനാണ്. അഗസ്ത്യപത്നിയായ ലോപാമുദ്ര എന്നെ ഭക്തിയോടെ ഉപാസിക്കുന്നവളാണ്. അഗസ്ത്യനും എന്നിൽ ഭക്തിയുള്ളവനാണ്. ഈ സ്തോത്രം അവന് ഉപദേശിക്കുക എന്ന് അരുളിച്ചെയ്തു കൊണ്ട് ഭർത്തൃസഹിതയായ മഹാദേവി മറഞ്ഞു.


വിസ്മിതനായ ഹയഗ്രീവൻ അഗസ്ത്യ നെ പിടിച്ചെഴുന്നേൽപിച്ച് തന്റെ അടുത്തിരുത്തിക്കൊണ്ടു പറഞ്ഞു. "ഹേ കുംഭജാ ,നീ കൃതാർത്ഥനാണ്. നിനക്ക് തുല്യനായ ലളിതാഭക്തനില്ല. നേരിട്ട് മഹാദേവി തന്നെ വന്ന് നിനക്ക് ഇതുപദേശിക്കാൻ നിർദ്ദേശിച്ചുവല്ലോ. ബ്രഹ്മാവും, വിഷ്ണുവും രുദ്രനും എതൊരുവളുടെ ദർശനത്തിനായി പരിശ്രമിക്കുന്നുവോ, ആ ദേവിയുടെ ദർശനം നല്ല ശിഷ്യനായ നീ നിമിത്തം എനിക്കു ലഭിച്ചവല്ലോ. സ്മരണമാത്രയിൽ ഹൃദയത്തിനു പരമതൃപ്തി നൽകുന്ന ഈ മഹാ സ്തോത്രം ഇനി നിനക്ക് ഉപദേശിക്കാം. ഹേ മുനിശ്രേഷ്ഠാ, ഇത് രഹസ്യനാമ സാഹസ്രത്തെക്കാളും ഗുഹ്യതമാണ്. ലളിതാദേവിയെ ഉപാസിക്കുന്നതിനു് ഇത്  അവശ്യമാണ്. ലളിതാംബികയുടെ അനുശാസനമനുസരിച്ച് ഇത് ഞാൻ നിനക്ക് ഉപദേശിക്കുന്നു. ശ്രീമത്തായ പഞ്ചദശാക്ഷരീമന്ത്രത്തിലുള്ള 'ക' തുടങ്ങിയ ഓരോ വർണ്ണത്തിനും ക്രമമായി ഇരുപതു നാമങ്ങൾ വീതം ചേർത്ത് മുന്നൂറു നാമങ്ങൾ ഉള്ളതാണ് സർവസംപൂർത്തികാരിണിയായ ഈ ത്രിശതീസ്തോത്രം.


രഹസ്യത്തിലും രഹസ്യമായ ഈ സ്തോത്രം പ്രയത്നപൂർവ്വം രക്ഷിക്കപ്പെടേണ്ടതാണ്. മഹാഭാഗനായ മഹർഷേ, ശ്രദ്ധിച്ചു കേൾക്കുക. ഹേ കുംഭജാ ,ഇവയെ കേവലം നാമങ്ങളായി കരുതരുത്. നാമങ്ങളുടെ രൂപത്തിലുള്ളവയെങ്കിലും ഇവ മന്ത്രാത്മകങ്ങളാണ്. അതുകൊണ്ട് എപ്പോഴും ഏകാഗ്രമായ മനസ്സോടുകൂടി ഇത് നീ കേൾക്കേണ്ടതാണ് " എന്നു പറഞ്ഞു കൊണ്ട് ഹയഗ്രീവൻ അഗസ്ത്യന് ഈ ത്രിശതീസ്തോത്രം ഉപദേശിച്ചു.

No comments:

Post a Comment