ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, June 23, 2017

ഗീതയുടെ ആന്തരിക ശ്രവണം



ഈശ്വരന്റെ മഹാകൃപകൊണ്ടുതന്നെയാണ് ഏതൊരു മാർഗ്ഗത്തിലൂടെയായാലും ഗീത ഒരുവനിലേക്കെത്തുന്നത്, അയാൾ അതു കേൾക്കുന്ന വേദിയിലേക്കാനയിക്കപ്പെടുന്നത്. അയാളിൽ, അയാളറിയാതെത്തന്നെ ആത്മീയതയുടെ ഒരു വിത്ത് കിടപ്പുണ്ട്. അതാണ് അയാളെ ആ വേദിയിലെത്തിച്ചത്. ഗീത കേട്ടിട്ട്, ഒന്നും ബോധ്യപ്പെടാതെ, ആ വ്യക്തി ഉറങ്ങിപ്പോയേക്കാം. എങ്കിലും ആ ഒരു വേദിയിൽ സാന്നിധ്യമായിരുന്നാൽ ഏതെങ്കിലും രീതിയിൽ അയാൾക്കതു പ്രയോജനപ്പെടും, ഇപ്പോഴില്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും.



എത്ര യോഗ്യതയില്ലാത്തവൻപോലും ഇത് കേൾക്കുന്നത് നല്ലതാണ്; അയാൾക്ക് തൽക്കാലം ഒന്നും പിടികിട്ടിയില്ലെങ്കിലും, അതവനുള്ളിലേക്ക് കീറിമുറിച്ചു കടക്കും. ഇതേപ്പറ്റി ഒരാചാര്യൻ പറഞ്ഞതോർക്കുന്നു: "ഞാൻ പറഞ്ഞത് സത്യമാണ്; ആ സത്യത്തിനു നിങ്ങളുടെ മനസ്സോ ബുദ്ധിയും ഒന്നും വേണ്ടാ നിങ്ങളുടെ ഉള്ളിലേക്ക്  കയറിപ്പറ്റാൻ; അതു നിങ്ങളറിയാതെ നിങ്ങളിലേക്ക് തുളച്ചുകയറി അവിടെക്കിടക്കും; എന്നിട്ട് ഏതു സന്ദർഭത്തിലാണോ ആവശ്യം വരുന്നത് അപ്പോൾ തെളിഞ്ഞു പ്രകാശിക്കും."



സ്വന്തം അന്തരംഗത്തിൽനിന്നും പുറപ്പെടുന്ന "ഗീത" ശ്രവിക്കാൻ പക്വമാവുകയാണ് ആത്യന്തികമായി വേണ്ടത്. അതിനു പുറത്തുനിന്നുള്ള നിരന്തര ഗീതാശ്രവണത്തോടൊപ്പം, തൈര് കടഞ്ഞ് വെണ്ണയെടുക്കുന്നതുപോലെ, ആചാര്യവാണികളെ, നിരന്തര മനന-നിദിദ്യാസങ്ങളിലൂടെ ഉള്ളിൽ കടഞ്ഞെടുക്കണം. പല ആവർത്തി കേട്ട് കേട്ട്, ഭക്തിയോടെയും തീവ്രശ്രദ്ധയോടെയും നിരന്തരമായി മനനം ചെയ്ത്, അകമേക്ക് അന്തര്യാമിയായിരിക്കുന്ന ഭഗവാനെ സദാ ആശ്രയിക്കുന്നതായി സകല ഭാവത്തിലും സങ്കല്പിച്ച് ചെയ്‌താൽ, തീർച്ചയായും ഇതേ ഗീത, എപ്പോൾ ആവശ്യമുണ്ടോ, അപ്പോൾ അന്തരംഗത്തിൽ പ്രകാശിക്കും. ഇതുതന്നെയാണ് യഥാർത്ഥ ഗീതാശ്രവണം.

No comments:

Post a Comment