ഏതാനും ജന്മങ്ങള്‍കൊണ്ടോ, അല്‍പ്പകാലമാത്ര സേവനംകൊണ്ടോ, ഭഗവത തത്വജ്ഞാനം അനുഭവത്തില്‍ കൊണ്ടുവരാന്‍ സാധ്യമല്ല.
ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തു നേടിയ പാപസഞ്ചയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. അങ്ങനെ ആഗ്രഹമെന്ന മാലിന്യം തീര്‍ത്തും നശിക്കണം.
ശ്രവണം, കീര്‍ത്തനം തുടങ്ങിയ ഭക്തി സാധനകള്‍ അനുഷ്ഠിക്കണം. ആ ഭക്തന്റെ-പ്രേമ ലക്ഷണയായ ഭക്തിയുടെ പൂര്‍ണാവസ്ഥയില്‍, ജ്ഞാനമാകുന്ന ദീപം കൊളുത്തും. ആര് കൊളുത്തും? ഭഗവാന്‍ തന്നെ പത്താമധ്യായത്തില്‍ പതിനൊന്നാം ശ്ലോകത്തില്‍ പ്രഖ്യാപിക്കുന്നു.
തേഷാമേവാനുകമ്പാര്‍ത്ഥ-
മഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപേന ഭാസ്വതാ
(ആ ഭക്തന്മാരോടുള്ള കാരുണ്യം കാരണമായി, ഞാന്‍ തന്നെ അവരുടെ ഹൃദയത്തില്‍ പ്രവേശിച്ച്, ജ്ഞാനമാകുന്ന ദീപം പ്രകാശിപ്പിച്ച് അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിക്കും)
ആ ജ്ഞാനദീപത്തിന്റെ സ്വഭാവം എന്താണ്?
”വാസുദേവഃ സര്‍വ്വം ഇതി”
”ഞാന്‍ വാസുദേവന്റെ പുത്രനാണ്. മാത്രമല്ല, വാസുദേവന്‍ എന്ന നാമത്തിന് മറ്റൊര്‍ത്ഥം ഉണ്ട്. (വാസയതി = ഛാദയതി, മൂടിവക്കുന്നവന്‍ എന്നും, ദിവ്യതി = പ്രകാശയതി, പ്രകാശിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം) അപരാ ശക്തിയായ മായകൊണ്ട് ജ്ഞാനം മറച്ചുവെക്കുന്നവനെന്നും, പരാശക്തിയായ മായകൊണ്ട് ജ്ഞാനം പ്രകാശിപ്പിക്കുന്നവന്‍ എന്നും വാസുദേവന്‍ എന്ന് പദത്തിന് അര്‍ത്ഥം കിട്ടുമെന്ന് പണ്ഡിതര്‍.
ഈ വാസുദേവന്‍ - ശ്രീകൃഷ്ണന്‍ തന്നെയാണ് മനുഷ്യര്‍ ജീവിക്കുന്ന ഭൗതിക പ്രപഞ്ചവും എന്റെ ഭക്തന്മാര്‍ എന്നെ സേവിച്ചുകൊണ്ടിരിക്കുന്ന അതീന്ദ്രിയവും മായാശക്തിക്ക് അപ്രാപ്യമായ പരമവ്യോമം എന്നറിയപ്പെടുന്ന വൈകുണ്ഠാദി ലോകങ്ങളും എന്നതാണ് പരമമായ ജ്ഞാനം.
സൂര്യനെ ഉദാഹരിക്കാം - സൂര്യന്‍ എന്ന് പറയുമ്പോള്‍, സൂര്യബിംബവും സൂര്യന്‍ തന്റെ രശ്മികളും രശ്മികളില്‍നിന്ന് പടരുന്നതും എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന വെയിലും (താപം) വെയിലിന്റെ ചൂടും ഊര്‍ജ്ജവും എല്ലാം ഉള്‍പ്പെടുന്നതുപോലെ ശ്രീകൃഷ്ണന്‍ എല്ലാമാണ്. സൂര്യനില്ലെങ്കില്‍ പിന്നെന്താണ് ബാക്കിയുണ്ടാവുക. അതുപോലെ ശ്രീകൃഷ്ണനില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
ഈ ജ്ഞാനം എന്റെ ഈ ഉത്തമഭക്തന്മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഭഗവാന്റെ തിരുവായ്‌മൊഴികള്‍, അതേപടി തന്നെ നമ്മള്‍ അംഗീകരിക്കണം. ”മത്തഃസര്‍വം പ്രവര്‍ത്തതേ” (എന്നില്‍നിന്നാണ് എല്ലാത്തിനും പ്രവര്‍ത്തന ശക്തി കിട്ടുന്നത്). ജന്മാദി അസ്യയതഃ (ഈ പ്രപഞ്ചത്തിന്റെ ജന്മം തുടങ്ങിയ എല്ലാം ഭഗവാനില്‍നിന്നാണ്). ഇതാണ് ഭഗവത്തത്വ വിജ്ഞാനം.
മധുസൂദന സരസ്വതി സ്വാമികള്‍ ഗീതാഭാഷ്യത്തില്‍ പ്രഖ്യാപിക്കുന്നതും ഈ ജ്ഞാനമാണ്. ശ്രദ്ധിക്കുക.
”കൃഷ്ണാത്പരം കിമപി തത്ത്വം
അഹം ന ജാനേ.”
(കൃഷ്ണനേക്കാള്‍ ഉല്‍കൃഷ്ടമായിട്ടോ, കൃഷ്ണനില്‍നിന്ന് വേറിട്ടോ ഒരു തത്വവും എനിക്ക് അറിയില്ല.)
സ മഹാത്മാ സുദുര്‍ലഭഃ
ഈ ജ്ഞാനത്തോടെ പ്രേമ ഭക്തിയിലൂടെ ശ്രീകൃഷ്ണനെ സേവിക്കുന്ന വ്യക്തിയാണ് മഹാത്മാവ് എന്ന് വിളിക്കാന്‍ യോഗ്യന്‍. ഇതില്‍ കുറഞ്ഞ മഹത്വം മാത്രമുള്ള ഒരു മനുഷ്യനെയും മഹാത്മാവ് എന്നു വിളിക്കുന്നത് പൂര്‍ണമായും ശരിയല്ല എന്നുകൂടി ഭക്തന്മാര്‍ വ്യാഖ്യാനിക്കുന്നു. അത്തരം ഭക്തന്മാരെ കിട്ടുന്നത് വല്ലപ്പോഴുമായിരിക്കും.
”നാരായണ പരായണഃ സുദുര്‍ലഭഃ പ്രശാന്താത്മാ” (നാരായണ ഭക്തനായ പ്രശാന്താത്മാവ് സുദര്‍ലഭമാണ്) എന്ന് ശ്രീമദ് ഭാഗവതവും പറയുന്നു.
No comments:
Post a Comment