ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, June 15, 2017

നാമമഹിമ( ജ്ഞാനപ്പാന)



സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ

സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും


പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-


ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും


ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.


ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ......



ഇയൊരു ഭക്തി നമ്മിലുണ്ടാകട്ടെ; ഭക്തിയോടെ നാമങ്ങൾ ജപിക്കട്ടെ, അതിനായി നമ്മുടെ  വീടുകളിലെ സന്ധ്യാവേളകൾ വേദിയാകട്ടെ.

ഹരി ഓം

No comments:

Post a Comment