സ വൈ സത്കര്‍മ്മണാം സാക്ഷാദ് ദ്വിജാതേരിഹ സംഭവഃ
ആദ്യോഽങ്ഗ, യത്രാശ്രമിണാം യഥാഹം ജ്ഞാനദോ ഗുരുഃ (10-80-32)
നന്വര്‍ത്ഥകോവിദാ ബ്രഹ്മന്‍ , വര്‍ണ്ണാശ്രമവതാമിഹ
യേ മയാ ഗുരുണാ വാചാ തരന്ത്യഞ്ജോ ഭവാര്‍ണ്ണവം (10-80-33)
നാഹമിജ്യാപ്രജാതിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ്വഭൂതാത്മാ ഗുരുശുശ്രൂഷയാ യഥാ (10-80-34)
ശുകമുനി തുടര്‍ന്നു:
അക്കാലത്തവിടെ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. കൃഷ്ണന്റെ പ്രിയമിത്രമായിരുന്നു ആ ബ്രാഹ്മണന്‍. വിജ്ഞാനിയായ അദ്ദേഹം ഗൃഹസ്ഥാശ്രമിയായി ഭൗതികവസ്തുക്കളോടും ഇന്ദ്രിയസുഖങ്ങളോടും ആസക്തികൂടാതെ കഴിഞ്ഞുവന്നു. അദ്ദേഹത്തിന് ഉടുവസ്ത്രങ്ങള്‍ പോലും വേണ്ടത്ര ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുചേലന്‍ എന്ന പേരും വീണു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കാകട്ടെ വേണ്ടത്ര ഉണ്ണാനുളള വകയുണ്ടായിരുന്നുമില്ല. അവര്‍ക്ക് ക്ഷുത്ഷാമ എന്നും പേരുവന്നു. തന്റെ സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ അവര്‍ കുചേലനോട് പറയാറുണ്ട്. എന്നാല്‍ സമ്പത്തിനുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിക്കുന്നുതില്‍ കുചേലന് ഇഷ്ടമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാന്‍ അദ്ദേഹം തീരുമാനിച്ചു. ‘അദ്ദേഹത്തിന് സമ്മാനമായി കൊടുക്കാന്‍ നീ എന്താണെനിക്ക് തന്നയയ്ക്കുക?’, അദ്ദേഹം ചോദിച്ചു. ബ്രാഹ്മണപത്നി അയല്‍പക്കങ്ങളില്‍നിന്നും യാചിച്ചു കൊണ്ടുവന്ന ഒരു പിടി അരിയിടിച്ചവിലാക്കി കുചേലന്റെ കയ്യില്‍ കൊടുത്തയച്ചു.
ആനന്ദതുന്ദില ഹൃദയത്തോടെ കുചേലന്‍ ദ്വാരകയില്‍ പ്രവേശിച്ചു. അവസാനം കൃഷ്ണസവിധത്തിലെത്തി. രുക്മിണിയേയും മറ്റുളള സഭാവാസികളേയുമെല്ലാം മറന്ന് കൃഷ്ണന്‍ ചാടിയെഴുന്നേറ്റ് ദരിദ്രനും അനുചിത വസ്ത്രധാരിയുമായ ബ്രാഹ്മണനെ എതിരേറ്റാലിംഗനം ചെയ്യാന്‍ ഓടിച്ചെന്നു. കൃഷ്ണന്‍ സ്വയം അദ്ദേഹത്തിന്റെ കാലു കഴുകി. തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ആസനം നല്‍കി. രുക്മിണി കുചേലന് വിശറി വീശി. സഭാവാസികള്‍ അമ്പരന്നു. ആരാണീ ബ്രാഹ്മണന്‍? കൊട്ടാരത്തിലുളള എല്ലാവരേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിനെങ്ങനെ വന്നു?
കൃഷ്ണന്‍ ബ്രാഹ്മണനോടായി പറഞ്ഞു:
ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം സുഹൃത്തേ നിങ്ങള്‍ എന്തു ചെയ്തു? എന്നേപ്പോലുളളവര്‍ ലോകത്ത് കുറച്ചുപേരെയുളളു. ധര്‍മ്മത്തിനുഴിഞ്ഞുവച്ച, ഇന്ദ്രിയസൗഖ്യങ്ങളോട് ആസക്തിയേതുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ തുലോം വിരളം. ഗുരുകുലത്തില്‍ നമുക്കെത്ര നല്ല സമയമായിരുന്നു. ഒരുവന്‍ ഇഹലോകത്തില്‍ സ്വന്തം പിതാവിനോടും തന്റെ ഗുരുവിനോടും വിജ്ഞാനം നല്‍കുന്നുയാളെന്ന നിലയ്ക്ക് ഭക്തിയുളളവനായിരിക്കണം. ഗുരുവിന്റെ വാക്കുകള്‍ അനുസരിച്ച് ഇഹലോക സംസാരസാഗരം കടക്കുന്നുവര്‍ മാത്രമേ ഫലപ്രദമായ ജീവിതം നയിക്കുന്നുവരായുളളു. ഗുരുഭക്തിയേക്കാളും ഗുരുസേവയേക്കാളും വലുതല്ല യജ്ഞകര്‍മ്മാദികളും തപസ്സും ധ്യാനവുമൊന്നും തന്നെ. താങ്കളോര്‍ക്കുന്നുണ്ടോ, നാം അന്ന് ഗുരുപത്നിക്കായി വിറകു ശേഖരിക്കാന്‍ പോയതും പേമാരിയില്‍പെട്ടുഴറിയതും ഗുരു അന്വേഷിച്ചുവന്നു് അതീവ സന്തുഷ്ടനായതും? ആത്മത്യാഗപൂര്‍വ്വമായ ഗുരുസേവയാണ് ഗുരുവിനു നല്‍കാവുന്ന ഏറ്റവും ഉചിതമായ പ്രതിഫലമെന്ന് ഗുരു അന്നു നമ്മോടുപദേശിച്ചു.
കുചേലന്‍ പറഞ്ഞു:
ശരിയാണ്, ഞാനോര്‍മ്മിക്കുന്നു. എന്നാല്‍ ഞാനേറ്റവും വലിയ സൗഭാഗ്യമെന്നു കരുതുന്നത് എല്ലാ വിജ്ഞാനങ്ങളുടെയും ലക്ഷ്യവും മാര്‍ഗ്ഗവുമായ അങ്ങയുടെ കൂടെയായിരുന്നു ഞാന്‍ ആ അനുഗൃഹീത ഗുരുകുലത്തില്‍ കഴിഞ്ഞത് എന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment