ഗുരുപവനപുര മഹാത്മ്യം
ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ മതഭ്രാന്തനായ ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു ഗുരുവായൂരപ്പനെ അവിടെ നിന്ന് ഇളക്കിയെടുത്ത് അമ്പലപ്പുഴെയും പിന്നീട് മാവേലിക്കരെയും എഴുന്നള്ളിച്ചു കുടിയിരുത്തിയിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ.
ഗുരുവായൂരപ്പനും അമ്പലപ്പുഴെ കൃഷ്ണസ്വാമിയും വാസ്തവത്തിൽ ആൾ ഒന്നുതന്നെയാണെങ്കിലും അവർ രണ്ടുപേരുംകൂടി അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്തു പല പിണക്കങ്ങളും മൽസരങ്ങളുമുണ്ടായിട്ടുള്ളതായി അനേകം ഐതിഹ്യങ്ങളുണ്ട്.
ഗുരുവായൂരപ്പന്റെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാരസ്സദ്യകൾക്കുള്ള കാളൻ മുതലായ സാധനങ്ങൾ വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽത്തന്നെ കിടക്കുകയല്ലാതെ, മറ്റു പാത്രങ്ങളിൽ പകരുക പതിവില്ലെന്നും എന്നാൽ ആ സാധനങ്ങൾക്കു കിളാവുചുവ ഉണ്ടാകാറില്ലെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്ത് നമസ്ക്കാരത്തിനായി വച്ചുണ്ടാക്കുന്ന കാളനും മറ്റും കിളാവു ചുവകൊണ്ടു മനുഷ്യർക്കു ഉപയോഗിക്കാൻ നിവൃത്തിയില്ലാതായിത്തീർന്നു. ഇതിങ്ങനെ ആക്കിത്തീർത്തതു ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴെ കൃഷ്ണസ്വാമിയാണെന്നു കരുതുന്നു..
ഇതിനുപകരം ഗുരുവായൂരപ്പനും ചിലതു പ്രവർത്തിക്കാതിരുന്നില്ല.
അമ്പലപ്പുഴെ കൃഷ്ണസ്വാമിക്കു പ്രതിദിനം മുപ്പത്താറു പറ പാൽകൊണ്ടു പഞ്ചസാരപ്പായസം പതിവുണ്ടായിരുന്നു. അതിൽ ഗുരുവായൂരപ്പൻ അട്ടയും മറ്റും കാണിച്ചു നിവേദ്യത്തിനു കൊള്ളാത്ത വിധത്തിലാക്കിത്തീർത്തുതുടങ്ങി. ഇങ്ങനെ ഇവർ തമ്മിലുള്ള സ്പർദ്ധയും മത്സരവും നിമിത്തം രണ്ടുപേർക്കും പൂജാനിവേദ്യാദികൾ നടത്താൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഗുരുവായൂരപ്പനെ ടിപ്പുസുൽത്താന്റെ ഉപദ്രവം ശമിക്കുന്നതുവരെ മാവേലിക്കരെ കൊണ്ടുപോയി ഇരുത്തേണ്ടതായിവന്നു.
ഗുരുവായൂരപ്പനെ കുടിയിരുത്തിയിരുന്ന സ്ഥലവും അവിടുത്തെ വകയായി ഒരു കിണറും ഇപ്പോഴും അമ്പലപ്പുഴെ കാൺമാനുണ്ട്. എല്ലാ ദിവസവും അമ്പലപുഴ പാൽപായസം കഴിക്കുവാൻ ഗുരുവായൂരപ്പനും എത്തുമെന്ന് വിശ്വസിക്കുന്നു.
കൂടാതെ പാൽപ്പായസത്തിന് പഞ്ചസാര ചേർക്കുന്നതിന് മുൻപ് കീഴ്ശാന്തി തിടപ്പള്ളിയുടെ പടിയിൽ കയറി നിന്ന് "ഗോവിന്ദാ.... " എന്ന് നീട്ടി വിളിക്കും.. പായസത്തിന് മധുരം ചേർക്കാൻ ഗുരുവായൂരപ്പന്റെ അനുമതി
ചോദിക്കലാണിതെന്ന് വിശ്വസിക്കുന്നു...
ഭഗവാനേ!!! ഗുരുവായൂരപ്പാ !!! നിന്റെ ലീലാവിലാസങ്ങൾ അത്ഭുതം തന്നെ...
No comments:
Post a Comment