ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, May 10, 2017

മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ



മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ
ജന്മാന്തരങ്ങളോളം മോക്ഷം ലഭിക്കാതെ പകലിനെ ഇരുളാക്കി തലകീഴായുള്ള കിടപ്പ്. അസ്തമയം കഴിഞ്ഞാൽ ഇരതേടൽ. വാവലുകളുടെ തലവിധിയാണിത്.  യഥാവിധി പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കളാണ് ഇത്തരത്തിൽ വാവലുകളായി പിറക്കുന്നതെന്നാണ് വിശ്വാസം. ഇത്തരത്തിൽ പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കൾക്ക് പ്രേതലോകത്തു നിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കില്ലത്രേ. 

പിതൃലോകത്തെത്താതെ പുനർജന്മമെടുക്കാനോ മോക്ഷം നേടാനോ കഴിയുകയുമില്ല. അത്തരം ആത്മാക്കൾ പരലോകത്ത് വാരണപ്പുല്ലിന്റെ (രാമച്ചം) വേരുകളിൽ തലകീഴായി തൂങ്ങിക്കിടക്കണം. അത്തരം ഓരോ ആത്മാവും അവിടേയ്ക്കെത്തിച്ചേരുമ്പോൾ ഭൂമിയിൽ ഒരു വാവൽ പിറവിയെടുക്കും. അത് ഏതെങ്കിലും മരത്തിൽ, പലപ്പോഴും അരയാലിലോ വടവൃക്ഷത്തിലോ പകലസ്തമിക്കുവോളം തലകീഴായി കിടക്കും. പുത്രനോ പുത്രന്റെ പുത്രനോ പിതൃക്രിയകൾ ചെയ്യും വരെ മോക്ഷം കിട്ടാതെ തലകീഴായുള്ള കിടപ്പ് തുടരണം.... മഹാഭാരതം ആദി പർവ്വത്തിലും ഗരുഡപുരാണത്തിലുമാണ് ഇതേക്കുറിച്ച് പരാമർശമുള്ളത്. 


മരണം സംഭവിച്ചാൽപ്രേതാത്മാവിന് 4 ദിവസം ജലാർപ്പണവും(ഉദകക്രിയ) തുടർന്ന് 12 ദിവസം അരി വേവിച്ച് പിണ്ഡസമർപ്പണവും നടത്തണം. പിണ്ഡക്രിയകൾ 10 ദിവസം കഴിയുമ്പോൾ ആത്മാവിന് ഭോഗദേഹ സിദ്ധി കൈവരും. 11ാം ദിവസത്തെ ഏകോത്തിഷ്ഠ പിണ്ഡവും 12ാം ദിവസത്തെ സപിണ്ഡി പിണ്ഡവും കഴിയുമ്പോൾ ആത്മാവിന് പ്രേതലോകത്തുനിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കും. ഇത്തരത്തിൽ പിതൃലോകത്തെത്തിയ ആത്മാക്കളുടെ പ്രീതിക്കും അനുഗ്രഹത്തിനുമായാണ് വാർഷിക ബലിയും വാവുബലിയും സമർപ്പിക്കുന്നത്. അതിൽ ഏറെ വിശിഷ്ടമാണ് കർക്കിടക വാവ്ബലി. തിരുവല്ലം, ഗയ എന്നിവിടങ്ങളിൽ ബലി നൽകപ്പെടുന്ന ആത്മാക്കൾക്ക് ഒരിക്കലും അശാന്തിയുണ്ടാകില്ലെന്നാണ് വിശ്വാസം. അതുപോലെ ബലിക്ക് ഏറെ നല്ലയിടങ്ങളായി ''ഇല്ലം, നെല്ലി, വല്ലം"" എന്നും ചൊല്ലുണ്ട്. ഇല്ലമെന്നാൽ അവരവരുടെ വീട് തന്നെ. നെല്ലി തിരുനെല്ലിയും വല്ലം തിരുവല്ലവുമാണ്.

No comments:

Post a Comment