ഇന്ത്യയിൽ ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം.
കേരളത്തിലെ കണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്.
ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്‌ണു, ശിവൻ എന്നിവരുടെ സാന്നിധ്യം ഇതിൽ നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം. ഇപ്പോൾ ഇതിന്റെ വ്യാജ്യനും ഇറങ്ങുന്നുണ്ട്.
പവിത്രം
ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം.
തന്ത്രശാസ്ത്രത്തിൽ പവിത്രമോതിരത്തിനു വളരെയധികം പ്രധാനമുണ്ട്. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്.
ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാനുത്രേ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്. അതിനാൽ പവിത്രം ധരിക്കുന്ന കൈകൾക്ക് പാപസ്‌പർശം ഉണ്ടാകില്ലെന്നാണ് വിശ്വാസമുണ്ട്. ഉപയോഗശേഷം ഇതഴിച്ചു കളയുന്നു.
ഐതിഹ്യവും ചരിത്രവും
ടിപ്പു സുൽത്താൻ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉൾപ്പെട്ടിരുന്നു (964 മീനം 27).
പിന്നീട് 1011 ൽ ക്ഷേത്ര പുന:പ്രതിഷ്‌ഠാകർമ്മത്തിന് നേതൃത്വം നൽകാനായി തരണനെല്ലൂർ തന്ത്രിയെ കാണാൻ ക്ഷേത്ര ഭാരവാഹികൾ ഇരിങ്ങാലക്കുടയ്‌ക്ക് പോയി. പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രികർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ പ്രായപൂർത്തിയായ പുരുഷന്മാർ ഉണ്ടായിരുന്നില്ല.
എന്തായാലും വിവരം ധരിപ്പിച്ച് ക്ഷേത്രഭാരവാഹികൾ മടങ്ങി. ഇല്ലത്തെ ബ്രാഹ്മണബാലൻ ഈ വിവരമറിഞ്ഞു താന്ത്രികകർമ്മം ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. ആ ബ്രാഹ്മണബാലൻ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക് പുറപ്പെട്ടു(ബാലൻ മയിലിന്റെ പുറത്തേറി പറന്നെത്തി എന്നും പറയപ്പെടുന്നു).
കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങൾ യഥാവിധി നിർവ്വഹിച്ചു. ദിവസത്തിൽ മൂന്നുനേരവും തന്ത്രമന്ത്രങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ദർഭ കൊണ്ട് പവിത്രമോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കർമ്മശേഷം മോതിരം അഴിച്ച് ഭൂമിയിൽ വീണുപോയാൽ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വർണ്ണം കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക് ബ്രാഹ്മണബാലനെ നയിച്ചു.
അദ്ദേഹം ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ ഉണ്ടാക്കാൻ അവകാശികളായ ചൊവ്വാട്ടവളപ്പിൽ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി.
അങ്ങനെ ചൊവ്വാട്ടവളപ്പിൽ സി.വി.കേരളപ്പൻ പെരുന്തട്ടാനാണ് ആദ്യമായി പയ്യന്നൂർ പവിത്രമോതിരം നിർമ്മിച്ചത്.
നിർമ്മാണവും പ്രത്യേകതയും
മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്‌ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്‌ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്നിയെയും പ്രതിനിധാനം ചെയ്യുന്നു.
അതുപോലെ തന്നെയാണ് പവിത്രമോതിരത്തിലും. ഇതിലെ മൂന്നു വരകൾ യഥാക്രമം ഇഡ, പിംഗള, സുഷുമ്‌നാ എന്നിങ്ങനെ മൂന്നു നാഡികളാണ്. ഈ മൂന്നു വരകൾ ചേർന്ന് മധ്യഭാഗത്ത് ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇതാണ് പവിത്രക്കെട്ട്.
കുണ്‌ഡലിയെന്ന സൂക്ഷമമായ സൃഷ്‌ടശക്തിയെ ഉണർത്തുവാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ് പവിത്രമോതിരത്തിൽ നിബന്ധിച്ചിട്ടുള്ളത്.
ഒരു വരിയിൽ ഏഴ് മുത്തരികൾ വീതം മൂന്നു വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. ഈ ഏഴു മുത്തരികൾ സപ്‌തർഷികളായ മരീചി, വസിഷ്ഠൻ, അംഗിരസ്സ്, അത്രി, പുലസ്‌തിയൻ, പുലഹൻ, ക്രതു എന്നിവരാണ്.
പവിത്രക്കെട്ടിന് മുകളിൽ കാണുന്ന മൂന്നു മുത്തരികൾ മുൻപ് സൂചിപ്പിച്ചതുപോലെ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു.
പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
മൂന്നു വരകൾ ചേരുന്ന ഇടത്തിന് കുറിയെന്നാണു പറയുക. അതിനു താഴെയുള്ള നാല് മുത്തരികൾ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നീ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു.
യഥാവിധി നിർമ്മിക്കുന്ന പവിത്രമോതിരം ഉടനെത്തന്നെ കിട്ടില്ല. ഉണ്ടാക്കുന്ന ലോഹം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂർത്തവും പരിശോധിച്ചാണ്. മോതിരം ഇടുന്നയാളുടെ പേരും നക്ഷത്രവും വലതു കയ്യിലെ മോതിരവിരലിന്റെ അളവും കൊടുക്കണം.
മോതിരം പണിയുന്നത് അതികഠിനമായ വ്രതശുദ്ധിയോടുകൂടിയും കുറഞ്ഞത് മൂന്നു ദിവസത്തെ അതിസൂക്ഷ്‌മവും കഠിനവുമായ ആദ്ധ്യാത്മിക ചിട്ടകൾ പാലിച്ചു കൊണ്ടുമാണ്.
മോതിരം ധരിക്കുന്നവർ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്. അതുകാരണം പണ്ട് ബ്രാഹമണർ മാത്രമേ ഇത് ധരിക്കാറുള്ളായിരുന്നു. എന്നാൽ ഇന്ന് ആർക്കും സ്‌ത്രീകളടക്കം പവിത്രമോതിരം ധരിക്കാം എന്ന നിലയിലായി.
കൂടാതെ ഇന്നു സ്‌ത്രീകൾക്കായുള്ള പവിത്രവളകളും പയ്യന്നൂരിലെ ജ്വല്ലറികളിലുണ്ട്.
വലതു കൈയുടെ മോതിരവിരലിലാണ് പവിത്രമോതിരം ധരിക്കേണ്ടത്. അതിന് യോഗശാസ്‌ത്രപരമായ ചില കാരണങ്ങളുണ്ട്. തർപ്പണം, യാഗം, പൂജ തുടങ്ങിയ കർമ്മങ്ങളിൽ സൂര്യമണ്‌ഡലത്തിനാണ് പ്രാധാന്യം. വലതുകൈ സൂര്യമണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്‌തുത കർമ്മങ്ങൾക്ക് ഏറ്റവും അനുയോജ്യമാവുകയും ചെയ്യും.
ഏഴു തരത്തിലുള്ള തൂക്കത്തിലാണ് പവിത്രമോതിരം ഉണ്ടാക്കി വരുന്നത്. അതിൽ തികഞ്ഞ പവിത്രമെന്നു പറയുന്നതിന് 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും. ഏകദേശം 93,000 രൂപയോളം ഇതിനു വിലയാകും.
മറ്റുള്ളവയ്‌ക്ക് മുക്കാൽ പവിത്രം 28.900 ഗ്രാമും (വില ഏകദേശം 70,000 രൂപാ), അര പവിത്രം 19.750 ഗ്രാമും (വില ഏകദേശം 47,000 രൂപ), കാലെ അരക്കാൽ പവിത്രം 14.450 ഗ്രാമും (വില ഏകദേശം 35,000 രൂപ), കാൽ പവിത്രം 9.650 ഗ്രാമും (വില ഏകദേശം 23,500 രൂപ), അരക്കാലെ മഹാണി പവിത്രം 7.225 ഗ്രാമും (വില ഏകദേശം 18,000 രൂപ) അരക്കാൽ പവിത്രം 4.850 ഗ്രാമും (വില ഏകദേശം 12,200 രൂപ) തൂക്കമുണ്ടാവും.
ഫലങ്ങൾ
പവിത്രമോതിരം ഭൗതികമായ ശ്രേയസിനും ആത്മീയമായ വികാസത്തിനും ഒരുപോലെ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. മോതിരം ധരിക്കുക വഴി ഒരു അലങ്കാരവസ്‌തു ധരിക്കുക എന്നതിലുപരി പല ആന്തരിക ശുദ്ധീകരണ പ്രക്രിയകളും സംഭവിച്ച് ശരീരവും മനസും ആരോഗ്യപ്രദമായി തീർന്ന് ആത്മീയ ഗുണവും മന:ശാന്തിയും കൈവരുമെന്നാണ് കരുതപ്പെടുന്നത്
No comments:
Post a Comment