ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 18, 2017

മഹാലക്ഷ്മി


പാലാഴിമഥനത്തില്‍നിന്ന് ഉത്ഭവിച്ചവളും മഹാവിഷ്ണുവിന്റെ ധര്‍മ്മപത്‌നിയുമായ ലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാകുന്നു. കാമദേവന്റെ മാതാവായും ഈ ക്ഷീരസാഗരസമുത്ഭവ അറിയപ്പെടുന്നുണ്ട്. മഹാലക്ഷ്മിക്ക് എട്ടുവിധത്തില്‍ രൂപകല്‍പന നല്‍കി ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മി സങ്കല്‍പം. നവരാത്രിവേളയില്‍ ദുര്‍ഗ്ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്.


സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉണ്ടാവുകയും ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറുകയും ലക്ഷ്മി മഹാവിഷ്ണുവിന്റെ വല്ലഭയാവുകയും ചെയ്തുവെന്നാണ് ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത്. പല കാലത്തായി പല അവതാരങ്ങള്‍ ലക്ഷ്മീദേവി കൈക്കൊണ്ടിട്ടുണ്ട്.


ലക്ഷ്മീദേവിയെ മുഖ്യദേവതയായി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണ്. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ഈ ഐശ്വര്യദേവതയെ പ്രത്യേകം പൂജിച്ചുവരുന്നു. 

ബ്രാഹ്മണ ഭവനങ്ങളിലും മറ്റും അരിമാവുകൊണ്ട് കളം വരച്ച് അതിന്‍മേല്‍ ആവണിപ്പലകയുമിട്ട് നാക്കിലയില്‍ നെല്‍ക്കതിര്‍ കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന്‍ ലക്ഷ്മീപൂജ നിര്‍വ്വഹിക്കുന്നു. മറ്റു കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുകയും ചെയ്യുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും അതിവിശേഷമാണ്. ദീപാവലി ദിനവും ലക്ഷ്മീപ്രീതി കര്‍മ്മങ്ങള്‍ക്ക് ഉത്തമം

No comments:

Post a Comment